ഭക്ഷ്യസുരക്ഷ കാറ്റില്‍ പറത്തി നഗരത്തില്‍ വഴിയോരക്കച്ചവടം

Friday 26 January 2018 2:00 am IST
നഗരത്തില്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ കടലാസിലേക്ക് മാത്രം ചുരുങ്ങുന്നു. യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ വഴിയോര ഭക്ഷണശാലകള്‍ കച്ചവടം പൊടിപൊടിക്കുകയാണ്.

 

കോട്ടയം: നഗരത്തില്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ കടലാസിലേക്ക് മാത്രം ചുരുങ്ങുന്നു. യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ വഴിയോര ഭക്ഷണശാലകള്‍ കച്ചവടം പൊടിപൊടിക്കുകയാണ്. 

ദിനം പ്രതി നഗരത്തിന്റെ മുക്കിലും മൂലയിലും കടകള്‍ പെരുകി വന്നിട്ടും അധികൃതര്‍ പരിശോധനകള്‍ക്കു തയാറാകുന്നില്ല. പരാതിയുള്ള കടകളില്‍ മാത്രമാണ് വകുപ്പിന്റെ ദ്രുതപരിശോധനകള്‍ നടക്കുന്നതെന്നാണ് ജനങ്ങളുടെ പരാതി. മൊബൈല്‍ തട്ടുകടകള്‍ നഗരത്തിന്റെ മുക്കിലും മൂലയിലും ഇടംപിടിക്കുമ്പോള്‍ ഭക്ഷ്യസുരക്ഷ നോക്കുകുത്തിയാവുകയാണ്. 

നിയമം പേരിനു മാത്രം  

ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് തട്ടുകടകളുടെ പ്രവര്‍ത്തനം. പലര്‍ക്കും ലൈസന്‍സില്ല. പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടുകളിലും. നാഗമ്പടത്ത് നഗരസഭ മാലിന്യം തള്ളുന്നതിന് സമീപത്താണ് തട്ടുകട പ്രവര്‍ത്തിക്കുന്നത്. മലിനജലം കടന്നുപോകുന്ന ഓടകള്‍ക്കു സമീപമുള്ള കടകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലുകളെ തുടര്‍ന്ന് ഒഴിപ്പിച്ചിരുന്നെങ്കെലും വീണ്ടും അവിടെ പ്രവര്‍ത്തനം തുടരുകയായിരുന്നു. 

നടപ്പാതയില്‍ തന്നെ 

കച്ചവടം   

അനധികൃത തട്ടുകടകളും മറ്റ് വഴിയോരക്കച്ചവട കേന്ദ്രങ്ങളും ഏറ്റവുമധികമുള്ളത് നാഗമ്പടത്തും പരിസരപ്രദേശങ്ങളിലുമാണ്. ഭൂരിഭാഗം കടകളിലും അന്യസംസ്ഥാന തൊഴിലാളികളാണ് പാചകക്കാര്‍. ഹോട്ടലുകളില്‍ ലഭിക്കുന്നതിനു സമാനമായ വിഭവങ്ങള്‍ ഇവിടെയുള്ളതിനാല്‍ വന്‍ തിരക്കുമാണ്.  

നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ കുടുങ്ങും  

ഭക്ഷ്യസുരക്ഷാ ഗുണനിലവാര ലൈസന്‍സ് നമ്പര്‍ നിര്‍ബന്ധമായും കടകള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഭക്ഷ്യവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. കൂടാതെ ഭക്ഷണം പാകം ചെയ്യുന്ന വാഹനം/കടയുടെ ഉള്‍ഭാഗം വളരെപെട്ടെന്ന് വൃത്തിയാക്കാന്‍ കഴിയുന്നതും സ്റ്റീലില്‍ നിര്‍മിച്ചവയുമായിരിക്കണം. ഉപയോഗിക്കുന്ന പാത്രങ്ങള്‍ സ്റ്റെയിന്‍ലസ് സ്റ്റീലില്‍ നിര്‍മിച്ചവയായിരിക്കണം കൂടാതെ, നിരോധിത കളര്‍ ഉല്‍പന്നങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ പാടില്ല. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കാനും കട സീല്‍ചെയ്യാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്. വേനല്‍ കടുത്തതോടെ ശീതളപാനീയങ്ങളും വില്‍പനയ്‌ക്കെത്തുന്നുണ്ട്. കുലുക്കി സര്‍ബത്തെന്ന പേരില്‍ വില്‍പന നടത്തുന്ന പാനീയത്തില്‍ കോള്‍ഡ് സ്‌റ്റോറേജില്‍ ഉപയോഗിക്കുന്ന ഐസാണിടുന്നതെന്ന് മാസങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.