എടമുളയാറില്‍നിന്ന് വെള്ളമൂറ്റ് തകൃതി

Friday 26 January 2018 2:45 am IST

കളമശ്ശേരി: ഏലൂര്‍ നഗരസഭയില്‍ പെടുന്ന എടമുളയാറിന്റെ തീരത്ത്‌നിന്ന് വന്‍തോതില്‍ വെള്ളമൂറ്റുന്നതായി പരാതി. കൃഷി, ചെറുകിട സംരംഭങ്ങള്‍ എന്നീയാവശ്യങ്ങള്‍ക്ക് കിണര്‍ കുഴിക്കാനും എഞ്ചിന്‍ വയ്ക്കാനും അനുമതി നേടിയ ശേഷം ടാങ്കര്‍ ലോറിയില്‍ വെള്ളം കടത്തുന്നതായാണ് പതിവ്. 

വെളുപ്പിനെ 4 മണി മുതല്‍  രാത്രി 12 മണി വരെ പാതാളം ഭാഗത്തേക്കും ആലുവ കമ്പനിപ്പടി ഭാഗത്തേക്കും ടാങ്കര്‍ ലോറികള്‍ അമിത വേഗത്തിലാണ് പോകുന്നത്. ഏലൂര്‍ പോലീസിനും ട്രാഫിക്ക് പോലീസിനും പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 

എടമുള മേഖലയില്‍ 5 കിണറുകളാണ് നഗരസഭയുടെ എന്‍ഒസിയുടെ മറവില്‍ ആരംഭിച്ചത്. മൂന്ന് തവണ നാട്ടുകാരുടെ നേതൃത്വത്തില്‍ നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. ചെറിയ ഹോഴ്‌സ് പവര്‍ എഞ്ചിന്‍ ഉപയോഗിക്കാന്‍ അനുമതി വാങ്ങിയ ശേഷം അഞ്ചിരട്ടി ശക്തിയിലുള്ള എഞ്ചിനുകളാണ് കിണറുകളില്‍ ഉപയോഗിക്കുന്നത്. ഇതിന് തെളിവായി കെഎസ്ഇബിയില്‍ നിന്ന് ലഭിച്ച വിവരവകാശ മറുപടിയും നാട്ടുകാര്‍ നഗരസഭയ്ക്ക് കൈമാറിയിട്ടുണ്ട്. ഏലൂര്‍ നഗരസഭയും പോലീസും അനധികൃത വെള്ളമൂറ്റ് തടയാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ജനകീയ സദസ്സ് വിളിച്ചു ചേര്‍ക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.