നിലംനികത്തല്‍ കൂടുതല്‍ ആലപ്പുഴയില്‍ പരാതികള്‍ കാണാതാവുന്നു

Friday 26 January 2018 2:30 am IST

ആലപ്പുഴ: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് എറ്റവും കൂടുതല്‍ നിലങ്ങള്‍ നികത്തുന്നത് ആലപ്പുഴ ജില്ലയില്‍. നികത്തലിനെതിരായ പരാതികള്‍ കളക്‌ട്രേറ്റില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. 2008 ആഗസ്റ്റില്‍ നിയമം നിലവില്‍ വന്ന ശേഷവും  നെല്ലറയായ കുട്ടനാട്ടിലടക്കം വയലുകള്‍ അപ്രത്യക്ഷമാകുകയാണ്. 

പതിനഞ്ച് വര്‍ഷത്തിനിടെ 5100 ഹെക്ടറോളം നെല്‍പ്പാടമാണ് നികത്തിയത്. 2003 ലാണ് നിലങ്ങളുടേയും നീര്‍ത്തടങ്ങളുടേയും വിസ്തൃതി തിട്ടപ്പെടുത്തിയത്. ഇതനുസരിച്ച് 37,624 ഹെക്ടര്‍ പാടമാണ് ജില്ലയിലുണ്ടായിരുന്നത്. 15 വര്‍ഷം പിന്നിട്ടപ്പോള്‍ 32,000 ഹെക്ടറായി  കുറഞ്ഞു.

1970ല്‍ ജില്ലയുടെ 37 ശതമാനം ഭൂമിയും നിലങ്ങളും തണ്ണീര്‍ത്തടങ്ങളുമായിരുന്നു. 2003 ലെ പഠനത്തില്‍ ഇത് 18 ശതമാനമായി. നിലത്തിന്റെ അളവ് 33 വര്‍ഷം കൊണ്ട് 38 ശതമാനം കുറഞ്ഞു. പത്തു വര്‍ഷത്തിനിടെ വലിയതോതില്‍ നിലത്തിന്റെ വിസ്തൃതി കുറഞ്ഞു.

ഇതര കൃഷിയുള്ള ഇടങ്ങളില്‍ 2000 ഹെക്ടറിനുമേല്‍ പാടം നികത്തിയവയാണ്. ഇതില്‍ പലയിടത്തും ഇന്ന് നാളികേര കൃഷിയോ കെട്ടിടങ്ങളോ ആണ്്. റവന്യു വകുപ്പിന്റെ രേഖകളെ അടിസ്ഥാനമാക്കിയാണ് കൃഷിവകുപ്പ് പാടശേഖരങ്ങളുടെ അളവ് കണക്കാക്കുന്നത്. 2008ല്‍ നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നശേഷം റവന്യൂവകുപ്പും കൃഷിവകുപ്പും സംയുക്തമായി, നികത്തുഭൂമി കണ്ടെത്താന്‍ സര്‍വ്വേ നടത്തിയെങ്കിലും പൂര്‍ത്തിയായില്ല. 

വീടു നിര്‍മാണത്തിനോ പൊതു ആവശ്യത്തിനോ നഗരസഭാ പരിധിയില്‍ അഞ്ചു സെന്റും ഗ്രാമ പ്രദേശങ്ങളില്‍ 10 സെന്റുമാണ് നിലം നികത്താനുള്ള അനുമതി. ജില്ലാതല സമിതിയാണ് നിലം നികത്താന്‍ അനുമതി നല്‍കേണ്ടത്. പ്രാദേശിക നിരീക്ഷണ സമിതി സംവിധാനം തന്നെയില്ല. രാഷ്ട്രീയ സ്വാധീനങ്ങള്‍ മറയാക്കിയാണ് വ്യാപകമായി നികത്തല്‍.

ഈ സാഹചര്യത്തിലാണ് നിലംനികത്തലിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതിനെതിരെ നല്‍കുന്ന പരാതികള്‍ പോലും കളക്‌ട്രേറ്റില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്. കുട്ടനാട് കുന്നുമ്മ വില്ലേജില്‍പ്പെടുന്ന കട്ടക്കുഴി പാടശേഖരത്ത് നെല്‍വയല്‍ നികത്തുന്നതിനെതിരെ ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് ബി. രാജശേഖരന്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 27നാണ് കളക്ടര്‍ക്ക് പരാതി അയച്ചത്. 

പിറ്റേന്ന് പരാതി സ്വീകരിച്ചതായും രസീത് പരാതിക്കാരന് ലഭിച്ചു. മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. കളക്‌ട്രേറ്റിലെ തപാല്‍ വിഭാഗത്തില്‍ അന്വേഷിച്ചപ്പോള്‍ പരാതി കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. നടപടി ആവശ്യപ്പെട്ട് കളക്ടറെ നേരില്‍ കണ്ട് പരാതി നല്‍കിയിരിക്കുകയാണ് രാജശേഖരന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.