ടെക്‌നിക്കല്‍ സ്‌കൂള്‍ കലോത്സവം: ചെലവ് 20 ലക്ഷം; സര്‍ക്കാര്‍ നല്‍കുന്നത് ഒരു ലക്ഷം

Thursday 25 January 2018 10:55 pm IST

ആലപ്പുഴ: ശനിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തോട് സര്‍ക്കാരിന് അവഗണന. കലോത്സവം നടത്താന്‍ സംഘാടക സമിതി സമ്മാനക്കൂപ്പണ്‍ അടിച്ചിറക്കിയാണ് പണം സമാഹരിക്കുന്നത്. കലോത്സവം നടത്താന്‍ വേണ്ടത് 20 ലക്ഷം രൂപയാണ്. 

എന്നാല്‍ സര്‍ക്കാര്‍ ന ല്‍കുന്നത് കേവലം ഒരുലക്ഷം രൂപയും. 40-ാമത് ടെക്‌നിക്കല്‍ സ്‌കൂള്‍ കലോത്സവം കായംകുളം കൃഷ്ണപുരം ടെക്നിക്കല്‍ ഹൈസ്‌കൂളിലാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 

ബാക്കി തുക സംഘാടകര്‍ എവിടെ നിന്നെങ്കിലും പിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതോടെ സംഘാടകര്‍ നാട്ടുകാരെ പിഴിഞ്ഞ് കലോത്സവം നടത്തേണ്ട ഗതികേടിലായി. 27ന് രാവിലെ 10ന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷനാകും.

കലോത്സവം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി തുണിയില്‍ തീര്‍ത്ത ബാനറുകളാണ് കലോല്‍സവത്തിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷണം വിതരണം ചെയ്യാന്‍ സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും, മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന്  പരമ്പരാഗത രീതിയില്‍ ഓലയില്‍ നിര്‍മിച്ച വട്ടികളും ഉപയോഗിക്കും.

സംസ്ഥാനത്തെ 39 ടെക്നിക്കല്‍ ഹൈസ്‌കൂളുകളില്‍ നിന്നും ഒന്‍പത് ഐഎച്ച്ആര്‍ഡി ടെക്നിക്കല്‍ സ്‌കൂളുകളില്‍ നിന്നുമായി ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.