പാര്‍ട്ടി ഇടപെടേണ്ടെന്ന് കാരാട്ട് പക്ഷം; വിടാതെ യെച്ചൂരി

Friday 26 January 2018 2:50 am IST

ന്യൂദല്‍ഹി: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ഗള്‍ഫിലെ സാമ്പത്തിക തട്ടിപ്പ് സിപിഎം കേന്ദ്ര നേതൃത്വത്തില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും കേരള ഘടകത്തിനുമെതിരെ വിഷയം ആയുധമാക്കാനാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നീക്കം. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് യെച്ചൂരി കോടിയേരിയോട് ആവശ്യപ്പെട്ടു. നേതാവിനെതിരെയല്ല ആരോപണമെന്നതിനാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തേണ്ടെന്ന് കേരള ഘടകം വാദിക്കുമ്പോഴാണ് യെച്ചൂരിയുടെ ഇടപെടല്‍. വിഷയം സജീവമാക്കി നിര്‍ത്തുന്നതില്‍ കാരാട്ട് പക്ഷത്തെ നേതാക്കള്‍ അമര്‍ഷത്തിലാണ്. 

ആരോപണം മകന്‍ തന്നെ പരിഹരിക്കുമെന്നാണ് കോടിയേരി പ്രതികരിച്ചത്. പാര്‍ട്ടി അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് കാരാട്ടിനൊപ്പമുള്ള പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള ഇന്നലെ ആവര്‍ത്തിച്ചു. വിദേശത്തെ ഇടപാടിലെ തര്‍ക്കം പാര്‍ട്ടി എങ്ങനെ പരിഹരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. എന്നാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിക്കുന്ന ആരോപണത്തില്‍നിന്നും കൈകഴുകാനാകില്ലെന്നാണ് യെച്ചൂരിയുടെ വാദം. പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് വരെ ചര്‍ച്ചയെത്തിക്കുമെന്ന മുന്നറിയിപ്പായാണ് മറുവിഭാഗം ഇതിനെ കാണുന്നത്. പോളിറ്റ് ബ്യൂറോയ്ക്ക് ലഭിച്ച പരാതി മാധ്യമങ്ങളിലെത്തിയതിന് പിന്നില്‍ യെച്ചൂരിയാണെന്നും ഇവര്‍ സംശയിക്കുന്നു. 

ആരോപണം ഗൗരവമുള്ളതാണെന്നും പരിശോധിക്കുമെന്നും യെച്ചൂരി പരസ്യമായി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നതായി ആരോപിച്ചാണ് കോണ്‍ഗ്രസ്സുമായി ബാന്ധവം വേണമെന്ന യെച്ചൂരിയുടെ കരട് രേഖ കാരാട്ട് പക്ഷം വെട്ടിയത്. മറുപക്ഷത്തുള്ള നേതാക്കളുടെ മക്കളുടെ വഴിവിട്ട ബന്ധങ്ങളും ദുരൂഹമായ സാമ്പത്തിക ഇടപാടുകളും ചര്‍ച്ചയാക്കുന്നതിലൂടെ പാര്‍ട്ടി തത്വം അവരെയും ഓര്‍മ്മിപ്പിക്കുകയാണ് യെച്ചൂരി. വിവാദ വ്യവസായിയും എന്‍ഡിടിവി ചെയര്‍മാനുമായ പ്രണോയ് റോയിയുമായി കാരാട്ടിനുള്ള ബന്ധവും ഇതുമായി കൂട്ടിക്കെട്ടുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.