മലയാളി വ്യവസായി 13 കോടി നല്‍കി; പ്രശ്‌നം ഒതുക്കാന്‍ നീക്കം

Friday 26 January 2018 2:30 am IST

തിരുവനന്തപുരം: ബിനോയ് കോടിയേരി പതിമൂന്ന് കോടി തട്ടിയെന്ന ആരോപണത്തില്‍ നിന്ന് തലയൂരാന്‍ സിപിഎം ശ്രമം തുടങ്ങി. ഗള്‍ഫിലെ പ്രശസ്ത വ്യവസായിയായ മലയാളി  ദുബായിയിലെ ജാസ് ടൂറിസം കമ്പനിക്ക് പതിമൂന്ന് കോടി  നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണന്‍ അടക്കമുള്ളവര്‍ക്ക് അടുത്ത ബന്ധമുള്ള വ്യവസായി ഇക്കാര്യം ഇടനിലക്കാരന്‍ രാഹുല്‍ കൃഷ്ണയേയും അറിയിച്ചു. എന്നാല്‍ ചവറയിലെ ഇടത് എംഎല്‍എ  വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് നല്‍കാനുള്ള പണത്തിന്റെ കാര്യത്തില്‍ ഉറപ്പ് ആരും നല്‍കിയിട്ടില്ല. ഇന്നലെ ദുബായ് പോലീസ് ബിനോയ്ക്ക് നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. പെട്ടെന്ന് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതിനു പിന്നിലും മലയാളി വ്യവസായിയാണ്. 

കേസ് ശക്തമായാല്‍ പല പ്രവാസി ബിസിനസ്സുകാരും കുഴപ്പത്തിലാകും. ബിസിനസ്സിനായി ചെറിയ പലിശയ്ക്ക് കിട്ടുന്ന പണം വലിയ പലിശയ്ക്ക് നല്‍കുന്ന വലിയൊരു സംഘമുണ്ട്. അവരില്‍ നിന്നും ലക്ഷങ്ങളും കോടികളും വായ്പയെടുക്കുന്നവരും അവര്‍ക്ക് വായ്പ നല്‍കുന്നവരും ധാരാളമുണ്ട്. നാട്ടിലെ ബ്ലേഡ് കമ്പനികളെപ്പോലെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ അന്വേഷണം വന്നാല്‍ കുഴപ്പമാകും. രാഹുല്‍ കൃഷ്ണയുടെ ജാസ് ടൂറിസം കമ്പനിയും ഇത്തരത്തിലൊന്നാണ്. അതുകൊണ്ടുതന്നെ ആര്‍ക്കും കുഴപ്പമില്ലാതെ കേസൊതുക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. 

ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പില്‍ വാദി ഭാഗത്ത് നില്‍ക്കുന്ന രാഹുല്‍ കൃഷ്ണ വെറും ഇടനിലക്കാരന്‍ മാത്രമാണ്. സിപിഎമ്മുകാരനും ബിനോയ്‌യുടെ അടുത്ത സുഹൃത്തും. രാഹുലിന്റെ അച്ഛന്‍ ഇഎംഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. തനി കമ്മ്യൂണിസ്റ്റു കുടുംബം. പണം കൊടുത്തില്ലെങ്കില്‍ കുടുങ്ങുമെന്നായപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് രാഹുല്‍ നിയമനടപടിക്ക് ഇറങ്ങിയത്. 

ബിനോയി കാശ് നല്‍കാനുണ്ടെന്ന് പറയുന്ന ജാസ് ടൂറിസം കമ്പനി ഉള്‍പ്പെടെ പല സ്ഥാപനങ്ങളുടെയും പണമിടപാടിലെ ഇടനിലക്കാരനാണ് രാഹുല്‍. പണം സംഘടിപ്പിച്ചുകൊടുക്കുന്നതിന് കമ്മീഷന്‍ വാങ്ങുന്ന ഏജന്റ്. ബിനോയ് കോടിയേരിയും ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തും രാഹുല്‍ മുഖേന കോടികള്‍ കടം വാങ്ങി. ഇരുവരും മുങ്ങിയപ്പോള്‍ ഉടമയായ അറബി രാഹുലിനെ പിടിച്ചു. പണം തിരിച്ചു കിട്ടാന്‍ രാഹുല്‍ പഠിച്ച പണി പതിനെട്ടും നോക്കി. പതിനേഴുതവണ വിജയന്‍പിള്ളയുടെ വീട്ടിലെത്തി പണം ചോദിച്ചെന്നാണ് രാഹുല്‍ വെളിപ്പെടുത്തുന്നത്. പണമിടപാടിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനും അറിയാമെന്ന് രാഹുല്‍ പറയുന്നു. ശ്രീജിത്ത് ചതിച്ചെന്ന്  പറയുമ്പോഴും ബിനോയ് ഇപ്പോഴും തന്റെ സുഹൃത്തെന്നാണ് രാഹുലിന്റെ നിലപാട്. പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ രാഹുലിനുണ്ട്. 

പ്രശ്‌നത്തില്‍ കോടിയേരിക്ക് ഒപ്പം നില്‍ക്കാന്‍ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ബിനോയ്യുടെ ബിസിനസിനെക്കുറിച്ച് കോടിയേരി നല്‍കിയ വിശദീകരണം മുഖവിലക്കെടുത്തുകൊണ്ടാണിത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സിപിഎം പത്രക്കുറിപ്പില്‍ അറിയിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.