കുറഞ്ഞ ചെലവില്‍ വിമാനയാത്ര: മലബാറുകാര്‍ക്ക് അനുഗ്രഹമാകും

Friday 26 January 2018 12:07 pm IST

 

കണ്ണൂര്‍: കുറഞ്ഞ ചെലവില്‍ വിമാനയാത്ര ചെയ്യുവാനുള്ള സൗകര്യം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയത് മലബാറിലെ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് അനുഗ്രഹമാകും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയഉഡാന്‍ പദ്ധതി പ്രകാരമാണ് കുറഞ്ഞ ചെലവില്‍ ആഭ്യന്തര വിമാന യാത്ര ലഭ്യമാകുന്നത്. സാധാരണക്കാര്‍ക്ക് ചുരുങ്ങിയ നിരക്കില്‍ വിമാനയാത്ര എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. കണ്ണൂരില്‍നിന്നും ഇതുപ്രകാരം രാജ്യത്തെ എട്ട് പ്രധാന സ്ഥലങ്ങളിലേക്ക് ഇതുപ്രകാരം വിമാന സര്‍വ്വീസ് അനുവദിച്ചു. കണ്ണൂരില്‍ കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്ന അന്നുമുതല്‍ ഈ സൗകര്യം ലഭ്യമാക്കും. ബംഗളൂരു, ചെന്നൈ, ഹുബ്ലി, കൊച്ചി, ഗോവ, തിരുവനന്ദപുരം, ഹിന്റന്‍, മുംബൈ എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസ് ആരംഭിക്കുക. കണ്ണൂര്‍ ഗ്രീന്‍ഫീല്‍ഡ് ഉള്‍പ്പെടെ 73 വിമാനത്താവളങ്ങളെ ഉഡാന്‍ രണ്ടാംഘട്ട പദ്ധതി പ്രകാരം ബന്ധിപ്പിക്കും. പ്രതിവര്‍ഷം 30ലക്ഷം പേര്‍ക്ക് ഇതിന്റെ സൗകര്യം ലഭ്യമാക്കും. 

കണ്ണൂരില്‍നിന്നും ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും രണ്ടുവീതം വിമാനങ്ങളുണ്ടാകും. മറ്റിടങ്ങളിലേക്ക് ഓരോന്നും ബംഗളൂരു ചെന്നൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയുടെ 21വീതം സര്‍വ്വീസുകളുമുണ്ട്. മറ്റിടങ്ങളിലേക്ക് ആഴ്ചയില്‍ ഇന്‍ഡിഗോയുടെ 7 വീതം സര്‍വ്വീസുകളാണ് ഉണ്ടാവുക.

വിമാനത്തില്‍ നാല്‍പത് സീറ്റുകള്‍ കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് ലഭ്യമാകും. ഈ സീറ്റുകളില്‍ കണ്ണൂരില്‍നിന്നുള്ള പരമാവധി യാത്രാ നിരക്ക്-ബംഗളൂരു: ഇന്‍ഡിഗോ-1699, സ്‌പൈസ് ജെറ്റ്-1810, ചെന്നൈ: ഇന്‍ഡിഗോ-2499, സ്‌പൈസ് ജെറ്റ്-2660. കൊച്ചി: 1399, ഗോവ: 2099, ഹിന്റന്‍: 3199, ഹുബ്ലി: 1999, മുംബൈ: 3199, തിരുവനന്തപുരം: 2099 എന്നിങ്ങനെയായിരിക്കും.

പദ്ധതി പ്രകാരം അരുണാചല്‍ പ്രദേശില്‍ 11 വിമാനത്താവളങ്ങളും ആസാമില്‍ 9 വിമാനത്താവളങ്ങളും ബീഹാര്‍ 2, ഗുജറാത്ത് 3, ഹരിയാന 1, ഹിമാചല്‍ പ്രദേശ് 6, ഝാര്‍ഘണ്ഡ് 2, കര്‍ണ്ണാടക 2, മഹാരാഷ്ട്ര 4, മണിപ്പൂര്‍ 5, പഞ്ചാബ് 1, രാജസ്ഥാന്‍ 5, തമിഴ് നാട് 2, ഉത്തരാഖണ്ഡ് 16, ഉത്തര്‍പ്രദേശ് 9, പശ്ചിമ ബംഗാള്‍ 2 എന്നീ വിമാനത്തവളങ്ങളും ഉള്‍പ്പടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ മലബാറിലെ യാത്രക്കാര്‍ ബംഗളൂരു, കൊച്ചി വിമാനത്താവളങ്ങളെയാണ് വിമാനയാത്രക്ക് ആശ്രയിക്കുന്നത്. കൊച്ചി വിമാനത്താവളത്തില്‍നിന്നും ഏതാനും ചില സ്ഥലങ്ങളിലേക്ക് മാത്രമേ ചിലവുകുറഞ്ഞ വിമാന സര്‍വ്വീസുകള്‍ ഇപ്പോഴുള്ളൂ. പ്രധാന മന്ത്രിയുടെ പുതിയ തീരുമാനം മലബാറുകാര്‍ക്ക് ഏറെ ആശ്വാസമായിരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.