കണ്ണൂര്‍: ചാല ഗവ.ഹയര്‍ സെക്കന്ററി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനം നാളെ വൈകുന്നേരം നാലിന് നടക്കുമെന്ന് സ്ക്കൂള് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പി.കെ.ശ്രീമതി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കെ.കെ.രാഗേഷ് എം.പി, കലക്ടര്‍ മിര്‍ മുഹമ്മദലി, എം.വി.ജയരാജന്, കെ.കെ.നാരായണന് എന്നിവര്‍ പങ്കെടുക്കും. വികസന പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക് ആക്കുന്നതിനുള്ള സാമഗ്രികള്‍ അനുവദിച്ചുകഴിഞ്ഞു. കേരള സര്‍ക്കാര്‍ കിഫ്ബി വഴി മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂള്‍ ബസ്സും ശാസ്ത്രപഠനം കാര്യക്ഷമമാക്കുന്നതിന് ശാസ്ത്രപോഷിണി ലാബ് സജ്ജീകരിക്കുന്നതിനായി 5ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി ജില്ലാപഞ്ചായത്ത് തിരഞ്ഞെടുത്ത 23 വിദ്യാലയങ്ങളിലൊന്നാണ് ചാല ഹയര്‍സെക്കണ്ടറി സ്ക്കൂള്.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴസണ്‍ കെ.ശോഭ, പിടിഎ പ്രസിഡന്റ് പി.പി.മനോജ്, പ്രിന്‍സിപ്പല്‍ അജിത്ത് കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് റുക്സാന, പി.രാജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: