പദ്മാവത്: കോടതയലക്ഷ്യക്കേസുകള്‍ തിങ്കളാഴ്ച പരിശോധിക്കും

Friday 26 January 2018 2:30 am IST

ന്യൂദല്‍ഹി: പദ്മാവത് വിവാദത്തില്‍ സുപ്രീം കോടതി വിധി ലംഘിച്ച് രംഗത്തെത്തിയ കര്‍ണി സേനയ്‌ക്കെതിരെ കോടതിയലക്ഷ്യ കേസ്. കര്‍ണിസേനയുടെ മൂന്ന് നേതാക്കള്‍ക്കെതിരെയും സുപ്രീം കോടതി വിധി പാലിക്കാതിരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുമാണ് കേസ്. പരാതികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. 

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരാതികള്‍ പരിഗണിക്കുക. ജസ്റ്റിസ് ഖാന്‍വില്‍ക്കല്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരാണ് മറ്റംഗങ്ങള്‍. 

രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് അനുഭാവിയായ തെഹ്‌സിന്‍ പൂനവാലയാണ് കോടതിയലക്ഷ്യ കേസ് നല്‍കിയത്. 

'പദ്മാവത്' പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ നാല് സംസ്ഥാനങ്ങള്‍ക്കും ശ്രീ രാഷ്ട്രീയ രജ്പുത് കര്‍ണി സേനക്കുമെതിരെ സമര്‍പ്പിച്ച  പരാതികള്‍ രണ്ടായാണ് കേള്‍ക്കുകയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

കര്‍ണിസേന നടത്തിയ ആക്രമണങ്ങളില്‍ ഗുജറാത്തില്‍ മാത്രം നൂറ്റമ്പതിലേറെ കാറുകളും ഡസന്‍ കണക്കിന് ബൈക്കുകളും നശിപ്പിച്ചു. 118 പേരെ അറസ്റ്റ് ചെയ്തു. ദല്‍ഹിയിലെ ഗുഡ്ഗാവില്‍ ജിഡി ഗോഡയങ്കെ സ്‌കൂള്‍ ബസ് പ്രതിഷേധക്കാര്‍ തീവച്ചു. കൊച്ചു കുട്ടികള്‍ മുതല്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ വരെ ബസില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണം നടത്തിയ 18 പേരെ അറസ്റ്റ് ചെയ്തു.

നോയിഡയില്‍ പ്രതിഷേധക്കാര്‍ റാലിക്കു ശേഷം ടോള്‍ബൂത്തുകള്‍ക്ക് തീയിട്ടു. രാജസ്ഥാനില്‍ വാളുമേന്തിയ പ്രകടനമാണ് നടത്തിയത്. കര്‍ണിസേനയെ ഭയന്ന് ചില തീയേറ്റര്‍ ഉടമകള്‍ പ്രദര്‍ശനമില്ല എന്നെഴുതിയ ബോര്‍ഡ് തീയേറ്ററിനു മുന്‍പില്‍ തൂക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.