തിരുവാഭരണ ഘോഷയാത്ര: പാടില്ലാത്തത് നടന്നു- ഒ. രാജഗോപാല്‍

Friday 26 January 2018 2:30 am IST

തിരുവനന്തപുരം: മകരവിളക്ക് ദിവസം ശബരിമലയില്‍ തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ച് നടന്ന അനിഷ്ട സംഭവങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ.

ഘോഷയാത്ര ആചാരവും വിശ്വാസവും പാരമ്പര്യമായി നിലനില്‍ക്കുന്നതുമാണ്. പതിറ്റാണ്ടുകളായി സമയക്ലിപ്തത പാലിച്ചാണ് നടക്കാറ്. ഇത്തവണ അത് തെറ്റി. തിരുവാഭരണ ഘോഷയാത്രയോടൊപ്പം വന്ന അയ്യപ്പന്മാരെ വടംകെട്ടി തടഞ്ഞതിനാല്‍ സമയക്രമങ്ങള്‍ എല്ലാം തെറ്റി. വടംകെട്ടി തടഞ്ഞത് ബോധപൂര്‍വമാണോ പദ്ധതിയുടെ ഭാഗമായിട്ടാണോയെന്ന് അറിയില്ല. ഏതായാലും തെറ്റായിപ്പോയി. ആവര്‍ത്തിക്കരുത്. നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചുകൊണ്ട് രാജഗോപാല്‍ പറഞ്ഞു. 

ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി നല്‍കി. ഘോഷയാത്ര ശബരിമലയില്‍ എത്തിയപ്പോള്‍ വലിയ തിരക്കായിരുന്നു. ഇരുമുടിക്കെട്ട് ഇല്ലാത്തവരും ഘോഷയാത്രയെ അനുഗമിച്ചു. ഇവര്‍ പതിനെട്ടാംപടി ചവിട്ടുന്നത് തടയാന്‍ സുരക്ഷാ ഉദേ്യാഗസ്ഥര്‍ നോക്കി. അത് ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. പന്തളം രാജകുടുംബാംഗങ്ങളെ അക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തു. ഭാവിയയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.