തിരിച്ചടിച്ച് ഇന്ത്യ

Friday 26 January 2018 2:45 am IST

ജോഹന്നസ്ബര്‍ഗ്: വാന്‍ഡറേഴ്‌സിലെ വേഗ പിച്ചില്‍ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ പേസ് പട ദക്ഷിണാഫ്രിക്കയ്ക്ക്  തിരിച്ചടി നല്‍കി. ജസ്പ്രീത് ബൂംറയും ഭുവനേശ്വര്‍ കുമാറും മിന്നല്‍പ്പിണറായി കത്തിക്കയറിയതോടെ ആതിഥേയരുടെ ആദ്യ ഇന്നിങ്ങ്‌സ് 194 റണ്‍സിലവസാനിച്ചു. ഇതോടെ ദക്ഷണാഫ്രക്കന്‍ ലീഡ് ഏഴു റണ്‍സിലൊതുങ്ങി.

രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് എടുത്തിട്ടുണ്ട്. ഒമ്പതു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 42 റണ്‍സ്് ലീഡായി.

ഓപ്പണറുടെ റോളിലിറങ്ങിയ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 15 പന്തില്‍ മൂന്ന് ഫോറുള്‍പ്പെടെ 16 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കന്‍ പേസ് ആക്രമണത്തെ ശക്തമായി ചെറുത്തുനില്‍ക്കുന്ന ഓപ്പണര്‍ മുരളി വിജയും (13) കെ. എല്‍ രാഹുലും (16) പുറത്താകാതെ നില്‍ക്കുകയാണ്. വേര്‍പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇവര്‍ 32 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.

ബുംറ 54 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ പിഴുതെടുത്തു. ടെസ്റ്റില്‍ ഇതാദ്യമായാണ് ബുംറ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തുന്നത്. ഭുവനേശ്വര്‍ കുമാര്‍ 44 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ കൊയ്തു. ഷമിക്കും ശര്‍മ്മക്കും ഓരോ വിക്കറ്റ് ലഭിച്ചു.

മധ്യനിര ബാറ്റ്‌സ്മാനായ അംലക്ക് മാത്രമാണ് ഇന്ത്യന്‍ പേസ് നിരക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. 239 മിനിറ്റ് ക്രിസില്‍ നിന്ന അംല 121 പന്തില്‍ ഏഴ് ബൗണ്ടറികളുടെ അകമ്പടിയില്‍ 61 റണ്‍സോടെ ടോപ്പ് സ്‌കോററായി.ബുംറയാണ് അംലയെ വീഴ്ത്തിയത്. പാണ്ഡല്‍ ക്യാച്ചെടുത്തു.

രാത്രികാവല്‍ക്കാരനായി ആദ്യ ദിനത്തില്‍ ക്രിസിലിറങ്ങിയ റബഡ 30 റണ്‍സ് കുറിച്ചാണ് മടങ്ങിയത്. മൂന്നാം വിക്കറ്റില്‍ അംലയും റബഡയും 64 റണ്‍സ് കൂട്ടിചേര്‍ത്തു.റബഡയെ  ശര്‍മയുടെ പന്തില്‍ രഹാനെ പിടികൂടിയതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്.

രണ്ടാം ടെസ്റ്റില്‍ പന്തുകൊണ്ട് ഇന്ദ്രജാലം കാട്ടിയ ഫിലാന്‍ഡും ബാറ്റിങ്ങില്‍ അല്‍പ്പനേരം പിടിച്ചുനിന്നു. നേരിട്ട 55 പന്തില്‍ അഞ്ചെണ്ണം അതിര്‍ത്തി കടത്തി 35 റണ്‍സുമായി മടങ്ങി. ഷമിക്കാണ് വിക്കറ്റ്. ബുംറ ക്യാച്ചെടുത്ത് . മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല. എല്‍ഗാര്‍ (4), മാര്‍ക്രം (2), ഡിവില്ലിയേഴ്‌സ് (5), ക്യാപറ്റന്‍ ഡുപ്ലെസിസ് (8) ഡിക്കോക്ക് (8), ഫെഹുല്‍ക്കുവായോ (9) എന്നിവര്‍ അനായാസം ബാറ്റ്താഴ്ത്തി.

ഒരുവിക്കറ്റിന് ആറ് റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്ങ്‌സ് തുടങ്ങിയത്.

സ്‌കോര്‍ ബോര്‍ഡ് : ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ് 187

ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്ങ്‌സ്: ഡിഎല്‍ഗാര്‍ സി പട്ടേല്‍ ബി കുമാര്‍ 4, മാര്‍ക്രം സി പട്ടേല്‍ ബി കുമാര്‍ 2, കെ. റബഡ സി രഹാനെ ബി ശര്‍മ 30, അംല സി പാണ്ഡ്യ ബി ബുംറ 61, എബി ഡിവില്ലിയേഴ്‌സ് ബി കുമാര്‍ 5, ഡുപ്ലെസിസ് ബി ബുംറ 8, ഡിക്കോക്ക് സി പട്ടേല്‍ ബി ബുംറ 8, ഫിലാന്‍ഡര്‍ സി ബുംറ ബി മുഹമ്മദ് ഷമി 35, ഫെഹുല്‍ക്കുവായോ എല്‍ബിഡബ്‌ളീയു  ബുംറ 9, മോര്‍ക്കല്‍ നോട്ടൗട്ട് 9, എന്‍ഗിഡി സി പട്ടേല്‍ ബി ബംറ 0, എക്‌സ്ട്രാസ് 23 ആകെ 194. 

വിക്കറ്റ് വീഴ്ച: 1-3,2-16, 3-80, 4-92, 5-107, 6-125, 7-169, 8-175, 9-194.

ബൗളിങ്ങ്്:  ഭുവനേശ്വര്‍ കുമാര്‍ 19-9-44-3, ബുംറ 18.5 -2-54-5 ഐ ശര്‍മ 14-2-33-1, മുഹമ്മദ് ഷമി 12-0-46-1, പാണ്ഡ്യ 2-0-3-0.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.