രണ്ടും കല്‍പ്പിച്ച് യെച്ചൂരി

Friday 26 January 2018 2:55 am IST
കേന്ദ്ര കമ്മറ്റിയിലെ തോല്‍വിയോടെ കാരാട്ട് പക്ഷത്തിനും കേരള ഘടകത്തിനുമെതിരായ നീക്കം ശക്തമാക്കുകയാണ് യെച്ചൂരി. താന്‍ കോണ്‍ഗ്രസ് അനുകൂലിയോ ബിജെപി അനുകൂലിയോ അല്ലെന്നും ഇന്ത്യാ അനുകൂലിയാണെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടാകും.

ന്യൂദല്‍ഹി: കേന്ദ്ര നേതൃത്വത്തിലെ വിഭാഗീയതയില്‍ പ്രകാശ് കാരാട്ട് പക്ഷത്തിനെതിരെ തുറന്നടിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് വിളിച്ചാല്‍ അവരെ ബിജെപി അനുകൂലിയെന്ന് തിരിച്ചും വിളിക്കാമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ യെച്ചൂരി വ്യക്തമാക്കി. കോണ്‍ഗ്രസ്സുമായി സഹകരിക്കാമെന്ന യെച്ചൂരിയുടെ കരട് രേഖ ഏതാനും ദിവസം മുന്‍പ് ചേര്‍ന്ന കേന്ദ്ര കമ്മറ്റി വോട്ടിനിട്ട് തള്ളിയിരുന്നു. തന്നെ കോണ്‍ഗ്രസ് അനുകൂലിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് കാരാട്ട് പക്ഷത്തെ പരോക്ഷമായി സൂചിപ്പിച്ച് നേരത്തെയും യെച്ചൂരി പരസ്യമായി പ്രതികരിച്ചിരുന്നു. 

കേന്ദ്ര കമ്മറ്റിയിലെ തോല്‍വിയോടെ കാരാട്ട് പക്ഷത്തിനും കേരള ഘടകത്തിനുമെതിരായ നീക്കം ശക്തമാക്കുകയാണ് യെച്ചൂരി. താന്‍ കോണ്‍ഗ്രസ് അനുകൂലിയോ ബിജെപി അനുകൂലിയോ അല്ലെന്നും ഇന്ത്യാ അനുകൂലിയാണെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. ഭൂരിപക്ഷം പിന്തുണച്ച അഭിപ്രായം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കും. പ്രതിനിധികളുടെ ഭേദഗതികള്‍ പരിഗണിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. നിലവിലുള്ള കരട് രേഖയില്‍ മാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഭേദഗതികള്‍ ഉന്നയിക്കുമെന്ന് നേരത്തെയും യെച്ചൂരി സൂചന നല്‍കിയിരുന്നു. 

 രാജി സന്നദ്ധത അറിയിച്ചിരുന്നില്ലെന്ന കാരാട്ടിന്റെ വാദവും യെച്ചൂരി തള്ളി. കേന്ദ്ര കമ്മറ്റി തന്റെ നിലപാട് തള്ളിയ സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ത്രിപുര തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇത് പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടെന്ന വ്യാഖ്യാനത്തിന് ഇടയാക്കുമെന്ന് പോളിറ്റ് ബ്യൂറോ ഒന്നടങ്കം നിലപാടെടുത്തു. തുടരണമെന്ന് കേന്ദ്ര കമ്മറ്റിയും ആവശ്യപ്പെട്ടു. യെച്ചൂരി കൂട്ടിച്ചേര്‍ത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.