ഓഖിയെച്ചൊല്ലി നിയമസഭയില്‍ വാഗ്വാദം

Friday 26 January 2018 2:43 am IST

തിരുവനന്തപുരം: ഓഖി ചുഴിലിക്കൊടുങ്കാറ്റ് മുന്നറിയിപ്പ് നല്‍കിയതിലെ വീഴ്ച സംബന്ധിച്ച് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ നിയമസഭയില്‍ വാഗ്വാദം. നവംബര്‍ 30ന് വൈകിട്ട് 5.30നാണ് ന്യൂനമര്‍ദ്ദം ചുഴിക്കൊടുങ്കാറ്റായി മാറുമെന്ന്  കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഇതിനു ശേഷം വേണ്ട മുന്‍കരുതലുകള്‍ എടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

എം. വിന്‍സെന്റിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേരള തീരത്ത് ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാകും എന്ന്  28നും 29നും ലഭിച്ച അറിയിപ്പുകളിലൊന്നും ഇല്ല.  ലക്ഷദ്വീപില്‍ ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാകുമെന്ന അറിയിപ്പാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ന്യൂനമര്‍ദ്ദം ചുഴലിക്കൊടുങ്കാറ്റായി മാറുമെന്ന് അറിയാത്തവരാണോ സംസ്ഥാനം ഭരിക്കുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു. തമിഴ്‌നാട് സര്‍ക്കാരും ലക്ഷദ്വീപ് ഭരണകൂടവും 29ന് മുന്‍കരുതലുകള്‍ എടുത്തിരുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. അതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സാധിച്ചു. 

ഇതേ മുന്നറിയിപ്പാണ് കേരളത്തിനും നല്‍കിയത്. മുന്നറിയിപ്പ് വായിച്ച്  മനസ്സിലാക്കാനുള്ള അറിവ് സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്ക് ഇല്ലാതെ പോയി.  ദുരന്തത്തില്‍ ഇത്രയും പേരുടെ ജീവന്‍ നഷ്ടമായതിന് ഉത്തരവാദി സര്‍ക്കാരാണെന്നും പ്രതിപക്ഷം പറഞ്ഞു. ജപ്പാന്‍ കപ്പലില്‍ 60പേരെ രക്ഷപ്പെടുത്തി കൊണ്ടുവരുമെന്ന് പറഞ്ഞു. എന്നാല്‍ ആരും ഉണ്ടായിരുന്നില്ല. എവിടെ നിന്നാണ് കളക്ടര്‍ക്ക് ഈ വിവരം കിട്ടിയതെന്ന് പറയണമെന്നും പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. 

ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കിയത് ട്രഷറി സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റാണ്. പുഴുവരിച്ച അരിയാണ് ദുരിത ബാധിത പ്രദേശങ്ങളില്‍ നല്‍കിയത്. മരിച്ചവരുടെയും കാണാതായവരുടെയും വ്യക്തമായ കണക്ക് സര്‍ക്കാരിന്റെ കൈവശം ഇല്ലെന്നും പ്രതിപക്ഷം ആരോപിച്ചു. അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്  പ്രതിപക്ഷം വാക്കൗട്ട് നടത്തി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.