അവസാനവരിയിലെ അവസാനത്തെയാള്‍ക്കും അധികാരം ലഭിക്കണം: മോഹന്‍ ഭാഗവത്

Friday 26 January 2018 11:30 am IST
<<

പാലക്കാട്: അവസാനവരിയിലെ അവസാനത്തെയാള്‍ക്കും അധികാരം ലഭിക്കുമ്പോഴെ നമ്മുടെ ജനാധിപത്യം അതിന്റെ സങ്കല്‍പ്പങ്ങളെ സാക്ഷാത്കരിക്കൂവെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. റിപ്പബ്‌ളിക് ദിനത്തില്‍ പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാനികേതനില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തിനുശേഷം രൂപംകൊണ്ട ഭരണഘടന ഭാരതത്തിലെ സമസ്ത ജനവിഭാഗങ്ങളെയും ഒരുമിപ്പിക്കുന്നശക്തിയാണ്. സമ്പൂര്‍ണ്ണലോകത്തെയും ഏകാത്മഭാവത്തോടെ കാണാന്‍ കഴിയുന്ന ഭാരതത്തിന്റെ സംസ്‌കാരമാണ് അതിന്റെ കാതല്‍. നമ്മുടെ രാഷ്ട്രജീവിതത്തിന്റെ ആധാരം ത്യാഗമാണെന്നും മോഹന്‍ഭാഗവത് പറഞ്ഞു.

<രാഷ്ട്രവൈഭവത്തിന് ജനതയുടെ സമര്‍പ്പണം ആവശ്യമാണ്. ഭരണഘടനക്കും രാജ്യതാത്പര്യത്തിനും അനുഗുണമായിരിക്കണം വ്യക്തിപരമായജീവിതം. മൗലിക അവകാശങ്ങള്‍ പോലെതന്നെ പ്രധാനമാണ് മൗലിക കടമകളും. ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങള്‍ പാലിക്കപ്പെടാന്‍ വേണ്ടിയുള്ളതാണെന്നും  അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സര്‍സംഘചാലക് ദേശീയപതാക ഉയര്‍ത്തുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ തിരക്കിട്ട് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നെങ്കിലും മറ്റ് നടപടികളൊന്നുമുണ്ടായില്ല. തഹസീല്‍ദാരും വന്‍പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നുവെങ്കിലും കാഴ്ചക്കാരായി നിന്നു.

<

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജി.ദേവന്‍ അധ്യക്ഷനായി. ആര്‍.എസ്.എസ്.മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍.ഹരിയുടെ രചനാ സമാഹാരം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ മുന്‍ഡയറക്ടര്‍ കെ.കെ.മുഹമ്മദ് ആദ്യപ്രതി ഏറ്റുവാങ്ങി. പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍ പുസ്തകപരിചയം നിര്‍വ്വഹിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.