ഐ‌എസില്‍ ചേരാനെത്തിയ പെണ്‍കുട്ടി ജമ്മു കശ്മീര്‍ പൊലീസിന്റെ പിടിയില്‍

Saturday 27 January 2018 10:30 am IST

ശ്രീനഗര്‍:  ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനെത്തിയ പെണ്‍കുട്ടി ജമ്മു കശ്മീര്‍ പൊലീസ് പിടികൂടി. പൂനെയില്‍ നിന്നുള്ള സാദിയ അന്‍വര്‍ ഷെയ്ഖാണ് പിടിയിലായത്. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ ചാവേറായി ഒരു പെണ്‍കുട്ടി എത്തിയിട്ടുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി കുടുങ്ങിയത്. 

ബിജ്ബെഹറയില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു പെണ്‍കുട്ടി. ആദ്യഘട്ടത്തില്‍, താന്‍ ഐഎസില്‍ ചേരാന്‍ വന്നതെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ സമൂഹമാധ്യമങ്ങളിലെ പ്രചാരണം കാരണം കശ്മീരിലെ സ്ഥിതിഗതികളെപ്പറ്റി തെറ്റിദ്ധരിച്ച്‌ തീവ്രവാദ ആശയങ്ങളുമായി എത്തിയതാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി തീരുമാനമെടുക്കുമെന്നും പൊലീസ് പറഞ്ഞു.

വിദേശത്തുള്ള ഐഎസ് അനുഭാവികളുമായി ബന്ധം പുലര്‍ത്തിയതിന് 2015ല്‍ പുണെ എടിഎസ് സാദിയയെ ചോദ്യം ചെയ്തിരുന്നു. അന്ന് പ്ലസ് വണ്ണിനു പഠിക്കുകയായിരുന്നു പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിനും എടിഎസ് വിധേയയാക്കിയിരുന്നു. പിന്നീട് പഠനം പാതിവഴിക്കു നിര്‍ത്തിയിരുന്നു. സമൂഹമാധ്യമത്തിലെ തെറ്റായ പ്രചാരണമാണ് പെണ്‍കുട്ടിയെ വഴിതെറ്റിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

എന്നാല്‍ തന്റെ മകള്‍ക്കെതിരെ അനാവശ്യ ആരോപണമാണ് പൊലീസ് ഉന്നയിക്കുന്നതെന്ന് വിശദീകരിച്ച്‌ പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് ഉത്തരവിട്ടിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.