സ്വാമി ഇഎംഎസ്

Sunday 28 January 2018 2:30 am IST

അമൃത് അധികം കഴിച്ചാല്‍ വിഷത്തിന്റെ ഫലം ചെയ്യുമെന്ന് പറയാറുണ്ട്. ഒന്നും അധികമാകരുത് എന്ന് സൂചിപ്പിക്കാനാണത്. എന്നാല്‍ എത്ര കഴിച്ചാലും അപകടം ഉണ്ടാവുന്നില്ല എന്നു മാത്രമല്ല കഴിക്കുംതോറും കൂടുതല്‍ അമൃതത്വത്തിലേക്ക് കയറിപ്പോകാന്‍ കഴിയുന്ന ഒരു സംഗതിയുണ്ട്. അതിനെപ്പറ്റിയാണ് സൂചിപ്പിക്കാനുള്ളത്. അത് മറ്റൊന്നുമല്ല 'അമൃത്' എന്ന പുസ്തകമാണ്. കൃതഹസ്തനായ ഒരെഴുത്തുകാരന്റെ സാധനാബദ്ധമായ പ്രവര്‍ത്തനത്തിന്റെ ഫലമാണത്. വെണ്ണല മോഹന്‍ എന്ന എഴുത്തുകാരന്റെ തൂലികയിലൂടെ വാര്‍ന്നുവീണ അക്ഷര സംസ്‌കാരമാണ് ബുദ്ധ ബുക്‌സ് പുറത്തിറക്കിയ 'അമൃത്'.

നൂറ്റെട്ടോളം സുഭാഷിതങ്ങളും അസംഖ്യം സാരോപദേശ കഥകളും  ചേര്‍ത്തൊരുക്കിയ ഒരു അമൃതകുംഭം തന്നെയാണ് ഈ കൃതി. സമൂഹത്തിന്റെ ഇന്നത്തെ പോക്കില്‍ ആകുലപ്പെട്ടുകഴിയുന്ന ഒട്ടനവധി പേരുണ്ട്. നിരാശാബാധിതരായ അത്തരക്കാര്‍ ഇന്നത്തെ സമൂഹത്തിലെ യൗവനങ്ങളെക്കുറിച്ച് എന്നും പരാതിപ്പെടുന്നു. അതേസമയം അത് എങ്ങനെ ഇല്ലാതാക്കാം, അവര്‍ക്ക് എങ്ങനെ മൂല്യ ബോധം പകര്‍ന്നുകൊടുക്കാം, സംസ്‌കാരത്തെ എങ്ങനെ ചൂണ്ടിക്കാണിച്ചുകൊടുക്കാം എന്നതിനെക്കുറിച്ച് ഒന്നും അവര്‍ക്ക് ധാരണയില്ല. ഒരു പക്ഷേ, ഈ മൂല്യബോധം തന്നെ എന്താണെന്ന് അറിയാത്തതുകൊണ്ടുമാവാം അത്. നമ്മുടെ സംസ്‌കാരത്തെ ചിട്ടപ്പെടുത്തുന്നതിലും അത് പരിപക്വമാക്കുന്നതിലും സുപ്രധാനമായ പങ്കു വഹിക്കുന്നവയാണ് സുഭാഷിതങ്ങളും സാരോപദേശ കഥകളും. എന്നാല്‍ ആരും ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല. പാശ്ചാത്യ സമ്പ്രദായങ്ങളെ പൂണ്ടടക്കം പിടിക്കുമ്പോഴും നമ്മുടെ ദര്‍ശനങ്ങളും രീതികളും അവഗണിക്കപ്പെടുന്നു. അതിന്റെ ആത്യന്തിക ഫലമോ? ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് നമ്മുടെ തലമുറ അടിതെറ്റി വീഴുന്നു. അത് തടയേണ്ടതുണ്ട്. അവര്‍ക്ക് നേര്‍വഴി കാണിച്ചുകൊടുക്കേണ്ടതുണ്ട്.

എന്നാല്‍ അതിനുള്ള പരിശ്രമം കഠിനതരമത്രേ. ആദ്യം നമ്മുടെ സംസ്‌കാരം എന്തെന്നറിയണം. നമ്മുടെ രീതികളെക്കുറിച്ച് വ്യക്തമായ അവബോധം വേണം. അനിതര സാധാരണമായ മെയ് വഴക്കത്തിലൂടെ ഒരാള്‍ പണിക്കുറ തീര്‍ന്ന അഭ്യാസിയായി മാറുന്നതുപോലെയാണ് ഇവിടെ വെണ്ണല മോഹന്‍. നിസ്തന്ദമായ പരിശ്രമവും ത്യാഗവും നിലപാടും കലാബോധവും അദ്ദേഹത്തെ പ്രിയങ്കരനായ എഴുത്തുകാരനാക്കിത്തീര്‍ത്തിരിക്കുകയാണ്. അതിമനോഹരമായ ഒരു ഭാഷയുടെ ഉടമയാണദ്ദേഹം. 'അമൃത്' ഒരു തവണ വായിച്ച് താഴെ വെക്കുമ്പോള്‍ ഉപബോധമനസ്സില്‍ നിന്ന് അപേക്ഷ ഉയരും, ഒന്നുകൂടി, ഒന്നുകൂടി. 

കഥ പറഞ്ഞുകൊടുക്കുന്ന കഥയമ്മാവനിലൂടെ കുട്ടികളിലേക്ക് സംസ്‌കാരത്തിന്റെയും മാനുഷികതയുടേയും അമൃത് പകര്‍ന്നുകൊടുക്കുകയാണ് ഗ്രന്ഥകാരന്‍. ആലോചനാമൃതവും രസനിഷ്യന്ദിയുമായ കഥകള്‍. വായിക്കുന്തോറും മധുരം കിനിഞ്ഞു കിനിഞ്ഞു വരുന്ന അനുഭവം. ഭാരതീയ പൈതൃക സംസ്‌കാരത്തിന്റെ മഹാസാഗരതീരത്ത് നില്‍ക്കുമ്പോള്‍ ഇതെങ്ങനെ ഉള്‍ക്കൊള്ളുമെന്ന് പരിഭ്രമിച്ചുപോവും. അവിടേക്കാണ് വെണ്ണല മോഹന്‍ നല്ലൊരു കപ്പിത്താനായി നമ്മെ ധൈര്യപൂര്‍വം നയിക്കാന്‍ മുന്നോട്ടു വരുന്നത്. അതൊരു സമര്‍പ്പണമാണ്. നാം കണ്ടുമടുത്തതും കേട്ടുമടുത്തതുമായ ഒന്നിനെപ്പറ്റിയുമല്ല പറയുന്നത്. പറഞ്ഞു തീരും മുമ്പെ ഒന്നുകൂടി കേള്‍ക്കട്ടെ എന്ന ആവേശമാണുണ്ടാവുന്നത്. അതു കൊണ്ടു തന്നെ ബുദ്ധ ബുക്‌സിന്റെ ആമുഖക്കുറിപ്പില്‍ 'ഇതൊരു വെല്‍കം ഡ്രിങ്കാ'ണ് എന്ന് സൂചിപ്പിക്കുന്നുണ്ട്. പ്രകാശഭരിതമായ ഒരു ലോകത്തേക്ക് നമ്മെ കൈപിടിച്ചുയര്‍ത്താനുള്ള നല്ല ഊര്‍ജം ഈ വെല്‍കം ഡ്രിങ്കിലുണ്ട്. കഥയുടെ ഊര്‍ജം അങ്ങനെ തന്നെ സജീവമായി നിലനിര്‍ത്തുന്ന തരത്തിലാണ് ടി. ആര്‍. രജീവിന്റെ വരയും. ശ്ലോകങ്ങള്‍ ഉദ്ധരിച്ച് അതിന്റെ സാരാംശം പറഞ്ഞ് ഗ്രന്ഥകാരന്‍ മുന്നോട്ടുപോവുമ്പോള്‍ ഒപ്പം പോകാതിരിക്കാനാവില്ല ആര്‍ക്കും.

കെ. മോഹന്‍ദാസ് റമഹെമസ@ഴാമശഹ.രീാ

അമൃത്- വെണ്ണല മോഹന്‍

ബുദ്ധ ബുക്‌സ്- പേജ് 127, വില : 100.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.