റിപ്പബ്ലിക് ദിന പരേഡില്‍ താരമായത് ബി.എസ്.എഫിന്റെ വനിതാ സംഘം

Sunday 28 January 2018 2:45 am IST

ന്യൂദല്‍ഹി: വര്‍ണവൈവിധ്യവും കുലീനതയും വിളിച്ചോതിയ അറുപത്തിയൊന്‍പതാമത് റിപ്പബ്ലിക് ദിന പരേഡില്‍ രാജ്പഥിന്റെ വീഥികളില്‍ ശ്രദ്ധാകേന്ദ്രമായത് ബി.എസ്.എഫിലെ സീമ ഭവാനി ടീം നടത്തിയ അഭ്യാസ പ്രകടനം. 100 വനിതകള്‍ 26 എന്‍ഫീല്‍ഡുകളിലായി രാജ്പഥിലേക്ക് രംഗപ്രവേശം നടത്തിയതോടെ രാജ്യത്തിന്റെ അഭിമാന നിമിഷങ്ങളില്‍ ഒന്നുകൂടിയായി. ഇത്തവണ ആസിയാന്‍ രാജ്യങ്ങളുടെ പത്ത് രാഷ്ട്രത്തവന്‍മാര്‍ മുഖ്യാതിഥികളായി പങ്കെടുത്തിരുന്നു. സീമ ഭവാനി ടീമിന്റെ ഗംഭീര രംഗപ്രവേശത്തോടെ പ്രസിഡന്റ് രാംനാഥ് കോവിന്ദും  പ്രധാനമന്ത്രി നരേന്ദ്ര മോദിയും, രാഷ്ട്രത്തലവന്‍മാരും ഉച്ചത്തില്‍ കൈയടിച്ച്  പ്രോത്സാഹിപ്പിച്ചു. 

ബി.എസ്.എഫിന്റെ പുരുഷ ബൈക്ക് റൈഡേഴ്‌സായ ഡെയര്‍ഡെവിള്‍സിന്റെ സ്ഥാനത്താണ് വനിതാസംഘാംഗങ്ങളെ ഇത്തവണ പരീക്ഷിച്ചത്. ശ്വാസംഅടക്കിപ്പിടിപ്പിച്ചാണ് വിസ്മയപ്രകടനം എല്ലാവരും നോക്കിക്കണ്ടത്. സോഷ്യല്‍ മീഡിയയിലും സീമഭവാനി ഹാഷ് ടാഗില്‍ വനിതാ സംഘാംഗങ്ങളുടെ പ്രകടനം വൈറലാണ്. 

ഫിഷ് റൈഡിംഗ്, സൈഡ് റൈഡിംഗ്, ഫൗലാദ്, സപ്തര്‍ഷി, ബുള്‍ ഫൈറ്റിംഗ് തുടങ്ങിയ അഭ്യാസ പ്രകടനങ്ങളാണ് ബി.എസ്.എഫിന്റെ വനിതാംഗങ്ങള്‍ നടത്തിയത്. സബ് ഇന്‍സ്‌പെക്ടര്‍ സ്റ്റാന്‍സിന്‍ നോര്‍യാംഗിന്റെ നേതൃത്വത്തിലായിരുന്നു ഇവരുടെ പ്രകടനം. 

ഇതിനു മുമ്പ് 2015ലും കര-വ്യേമ-നാവിക വനിതാ അംഗങ്ങള്‍ പ്രകടനം നടത്തിയിരുന്നു. യു.എസ് പ്രസിഡന്റായിരുന്ന ബരാക് ഒബാമ പങ്കെടുത്ത റിപ്പബ്ലിക് ദിന പരേഡില്‍ നടത്തിയ പ്രകടനത്തിലും പ്രശംസ പിടിച്ചുപറ്റിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.