മികവിന്റെ കേന്ദ്രം: പൂവച്ചല്‍ സ്‌കൂള്‍ പടിക്കുപുറത്ത്

Sunday 28 January 2018 2:00 am IST

 

 

കാട്ടാക്കട: പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതിയില്‍ നിന്ന് പൂവച്ചല്‍ സ്‌കൂള്‍ പടിക്കുപുറത്ത്. എംഎല്‍എയുടെ അനാസ്ഥയാണ് സംസ്ഥാനത്ത് ഈയൊരു സ്‌കൂള്‍ മാത്രം പദ്ധതിയില്‍ ഇടം നേടാനാവാതെ പോയതിനു കാരണം.

  മികവിന്റെ കേന്ദ്രം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സ്ഥലം എംഎല്‍എ സര്‍ക്കാരിന് നല്‍കണം. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന ദിവസം. സംസ്ഥാനത്തെ 139 എംഎല്‍എമാരും അവരവരുടെ മണ്ഡലങ്ങളിലെ സ്‌കൂളുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ അരുവിക്കര എംഎല്‍എ കെ.എസ്. ശബരീനാഥന്‍ മാത്രം റിപ്പോര്‍ട്ട് നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതോടെ പൂവച്ചല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സര്‍ക്കാരിന്റെ മികവിന്റെ കേന്ദ്രം പട്ടികയില്‍ നിന്നു പുറത്താവുകയായിരുന്നു. ഹൈടെക് ക്ലാസ് മുറികള്‍, മികവാര്‍ന്ന പശ്ചാത്തല സൗകര്യ വികസനം എന്നിവയ്ക്കായി ഓരോ സ്‌കൂളിനും അഞ്ചു കോടി ലഭിക്കുന്ന പദ്ധതിയാണിത്. 

  പൂവച്ചല്‍ സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ഉദ്ഘാടന വേളയില്‍ മികവിന്റെ കേന്ദ്രം പട്ടികയില്‍ അരുവിക്കര മണ്ഡലത്തില്‍ നിന്ന്

പൂവച്ചല്‍ സ്‌കൂളിനെ നിര്‍ദ്ദേശിക്കുമെന്ന് വിദ്യാഭ്യാസ മന്തിയുടെ സാന്നിദ്ധ്യത്തില്‍ കെ.എസ്. ശബരീനാഥന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നിട് ആര്യനാട് സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കണമെന്ന് നിര്‍ദ്ദേശിച്ച് എംഎല്‍എ തന്നെ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കി. ഇത് പുറത്തായതോടെ പൂവച്ചല്‍ പ്രദേശത്ത് പ്രതിഷേധം ശക്തമായി. അതോടെ പൂവച്ചല്‍ സ്‌കൂളിനെ നിര്‍ദ്ദേശിച്ചു കൊണ്ട് വീണ്ടും കത്ത് നല്‍കുകയും പൂവച്ചലില്‍ ഒരു ആലോചനാ യോഗം ചേരുകയും ചെയതു. എന്നാല്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറായില്ല.

 139 മണ്ഡലങ്ങളിലെയും സ്‌കൂളുകളെ മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അംഗീകരിച്ചു. ടെണ്ടര്‍ നടപടികളിലേക്കും നീങ്ങിയിട്ടുണ്ട്. മലയോര മേഖലയിലെ, ആദിവാസി കുട്ടികള്‍ ഉള്‍പ്പടെ ആശ്രയിക്കുന്ന പൂവച്ചല്‍ സ്‌കൂള്‍ മാത്രമാണ് ഇപ്പോള്‍ പട്ടികയില്‍ നിന്നു പുറത്തായിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.