വിശ്വാസങ്ങളെ അവഹേളിച്ച് പ്രിന്‍സിപ്പാള്‍ തെറ്റിദ്ധരിപ്പിച്ച് ബീഫ് കഴിപ്പിച്ചു; സരസ്വതീപൂജയ്ക്ക് വിലക്ക്

Sunday 28 January 2018 2:45 am IST

ആലപ്പുഴ: കുസാറ്റിനു കീഴിലുള്ള കുട്ടനാട് പുളിങ്കുന്ന് എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥികളെ വര്‍ഗ്ഗീയമായി ഭിന്നിപ്പിച്ച് സംഘര്‍ഷത്തിന് നീക്കം. കോളേജില്‍ വര്‍ഷങ്ങളായി നടക്കുന്ന സരസ്വതീപൂജയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയും വടക്കേ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് ബീഫ് കഴിപ്പിച്ചുമാണ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ, സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നീക്കം . 

25ന് കോളേജില്‍ സംഘടിപ്പിച്ച സെമിനാറിലാണ് വെജിറ്റബിള്‍ കട്‌ലറ്റ് എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബീഫ് കട്‌ലറ്റ് നല്‍കിയത്. തങ്ങള്‍ സസ്യഭുക്കാണെന്നും മാംസാഹാരം കഴിക്കില്ലെന്നും പ്രിന്‍സിപ്പാളിനോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടും തെറ്റിദ്ധരിപ്പിച്ച് ബീഫ് കട്‌ലറ്റ് നല്‍കുകയായിരുന്നുവെന്നും ബീഹാര്‍ സ്വദേശികളായ അങ്കിത്കുമാര്‍,  ഹിമാംഷുകുമാര്‍ എന്നിവര്‍ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കഴിച്ച ശേഷമാണ് ബീഫാണെന്ന് മനസ്സിലായത്. തങ്ങളുടെ മതവികാരത്തെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്ന നടപടിയാണ് പ്രിന്‍സിപ്പാളിന്റെ  നേതൃത്വത്തില്‍ നടന്നതെന്നും പ്രിന്‍സിപ്പാളിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതായും അവര്‍ അറിയിച്ചു. 

കോളേജില്‍ പതിറ്റാണ്ടുകളായി ഉത്തരേന്ത്യക്കാരായ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സരസ്വതീപൂജ നടത്താറുണ്ട്. ഇക്കഴിഞ്ഞ 21, 22 തീയതികളിലാണ് പൂജ നിശ്ചയിച്ചത്. വൈസ് ചാന്‍സലറുടെയും പോലീസിന്റെയും മുന്‍കൂര്‍ അനുമതിയും ഇതിനു ലഭിച്ചിരുന്നു. എന്നാല്‍ പ്രിന്‍സിപ്പാള്‍ അനുമതി നിഷേധിച്ചു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനാല്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും വൈസ് ചാന്‍സലറില്‍ നിന്നും അനുമതി നേടി പൂജ നടത്തുകയായിരുന്നു. 

കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റു വിദ്യാര്‍ത്ഥികള്‍ക്കോ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത രീതിയിലാണ് ചടങ്ങുകള്‍ നടത്തിയത്. എന്നിട്ടും ഇതിന്റെ പേരില്‍ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡു ചെയ്തു. പിന്നീട് ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. 

പ്രിന്‍സിപ്പാളിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം അഡ്വ. വി.എസ്. രാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.