പി. പരമേശ്വരന്‍ പത്താമന്‍

Sunday 28 January 2018 2:45 am IST

തിരുവനന്തപുരം: രാജ്യത്തിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിക്കുന്ന പത്താമത്തെ മലയാളിയാണ് പി. പരമേശ്വരന്‍. 1954ല്‍ പത്മാ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍ നല്‍കിയത്. അതിലൊരാള്‍ മലയാളിയായിരുന്നു, വി.കെ. കൃഷ്ണമേനോന്‍. ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്ത് ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കിയ നെഹ്‌റു മന്ത്രിസഭയിലെ രണ്ടാമന്‍. 

അഞ്ചുവര്‍ഷത്തിനുശേഷം വീണ്ടും പത്മവിഭൂഷണ്‍ കിട്ടുന്ന മലയാളിയും നെഹ്‌റു മന്ത്രിസഭയില്‍ അംഗമായിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനും ആദ്യ റെയില്‍വേ മന്ത്രിയുമായിരുന്നു ജോണ്‍ മത്തായി. ഇരുവരും കോഴിക്കോട് ജില്ലക്കാര്‍. പതിനേഴ് വര്‍ഷങ്ങള്‍ക്കുശേമാണ് മറ്റൊരു മലയാളിയെ തേടി പത്മവിഭൂഷണ്‍ എത്തുന്നത്. അന്തരീക്ഷ വിജ്ഞാന ശാസ്ത്രജ്ഞന്‍ കെ.ആര്‍. രാമനാഥന്‍ എന്ന പാലക്കാട്ടുകാരനിലൂടെയായിരുന്നു ഇത്. 1985ല്‍ ഭൗതിക ശാസ്ത്രജ്ഞന്‍ എം.ജി.കെ. മേനോന്‍ പുരസ്‌കാരം നേടി. കേന്ദ്രമന്ത്രിയായിരുന്ന മേനോന്‍ മംഗലാപുരത്താണ് ജനിച്ചതെങ്കിലും കേരളത്തിന്റെ കണക്കിലാണ് പുരസ്‌കാരം ഉള്‍പ്പെടുത്തിയത്. 

1999ല്‍ നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ വി.ആര്‍. കൃഷ്ണയ്യര്‍ പത്മവിഭൂഷന് അര്‍ഹനായി. അതേവര്‍ഷം ധവളവിപ്ലവത്തിന്റെ ആചാര്യന്‍ വര്‍ഗീസ് കുര്യനും പത്മവിഭൂഷന്‍ ലഭിച്ചു. കോഴിക്കോടുകാരനാണെങ്കിലും ഗുജറാത്തിന്റെ കണക്കിലാണ് വര്‍ഗീസ് കുര്യന്റെ പുരസ്‌കാരം. 2000ല്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കെ.എന്‍.രാജ് പത്മവിഭൂഷണ്‍ നേടി.   

കലാരംഗത്തുനിന്നും ആദ്യമായി പത്മവിഭൂഷണ്‍ കിട്ടിയത് സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണനാണ്. 2006ല്‍. അഞ്ചുവര്‍ഷത്തിനുശേഷം കവി ഒ.എന്‍.വി കുറുപ്പ് പത്മവിഭൂഷണ്‍ നേടി. കഴിഞ്ഞവര്‍ഷം ഗായകന്‍ കെ.ജി. യേശുദാസ്. 

64 വര്‍ഷത്തെ പത്മപുരസ്‌കാരങ്ങളുടെ ചരിത്രത്തില്‍ 303 പേര്‍ക്കാണ് പത്മവിഭൂഷണ്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ പത്തുപേര്‍ മാത്രമാണ് മലയാളികള്‍. 49 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ ആറു മലയാളികള്‍ക്കാണ് പത്മവിഭൂഷണ്‍ കിട്ടിയതെങ്കില്‍ ബിജെപിയുടെ ഏഴുവര്‍ഷത്തെ ഭരണത്തില്‍ നാലു മലയാളികള്‍ക്ക് പുരസ്‌കാരം നല്‍കി. തുടര്‍ച്ചയായി മലയാളികള്‍ക്ക് പത്മവിഭൂഷണ്‍ കിട്ടുന്നതും ബിജെപി ഭരണത്തിലാണ്. വാജ്‌പേയിയുടെ കാലത്ത് വി.ആര്‍.കൃഷ്ണയ്യര്‍ (1999), കെ.എന്‍. രാജ് (2000) എന്നിവര്‍ക്കും ഇപ്പോള്‍ കെ.ജെ. യേശുദാസ് (2017), പി. പരമേശ്വരന്‍ (2018) എന്നിവരും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.