ബജറ്റ് സമ്മേളനം നാളെ തുടങ്ങും

Sunday 28 January 2018 2:45 am IST

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നാളെ തുടങ്ങും. 2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിക്കും. ജെയ്റ്റ്‌ലിയുടെ അഞ്ചാമത്തെയും ചരക്ക് സേവന നികുതി നടപ്പാക്കിയതിന് ശേഷമുള്ള ആദ്യത്തെയും ബജറ്റാണിത്.  കഴിഞ്ഞ വര്‍ഷം മുതല്‍ റെയില്‍വേക്ക് പ്രത്യേക ബജറ്റ് ഇല്ല. രണ്ട് ഘട്ടമായാണ് സമ്മേളനം. ഫെബ്രുവരി ഒമ്പതിന് ആദ്യ ഘട്ടം അവസാനിക്കും. മാര്‍ച്ച് അഞ്ച് മുതല്‍ ഏപ്രില്‍ ആറ് വരെയാണ് രണ്ടാം ഘട്ടം. നാളെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപനത്തോടെയാകും സഭ ആരംഭിക്കുക. സാമ്പത്തിക സര്‍വ്വെയും സഭയില്‍ അവതരിപ്പിക്കും. 

സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത കുമാറും ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനും ഇന്ന് സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇരു സഭകളുടെയും സുഗമമായ നടത്തിപ്പാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ശീതകാല സമ്മേളനം പലപ്പോഴും പ്രതിപക്ഷ ബഹളത്തില്‍ തടസ്സപ്പെട്ടിരുന്നു. മുത്തലാഖ് ബില്ല് ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷം എതിര്‍ത്തു. ഫിനാന്‍ഷ്യല്‍ റസലൂഷന്‍ ആന്റ് ഡപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിക്കും. 

 2019 പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ബജറ്റാണിത്. നികുതി സ്ലാബുകളില്‍ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം കുറഞ്ഞ നികുതി നിരക്ക് പത്ത് ശതമാനത്തില്‍നിന്ന് അഞ്ചാക്കി കുറച്ചിരുന്നു. പ്രത്യക്ഷ നികുതി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് കഴിഞ്ഞ നവംബറില്‍ മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥന്‍ അരബിന്ദ് മോദിയുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. സമതിയുടെ നിര്‍ദ്ദേശങ്ങളും ബജറ്റില്‍ പ്രതിഫലിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.