ചൈനയെ തകര്‍ക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്ന് പിണറായി

Sunday 28 January 2018 2:45 am IST

കണ്ണൂര്‍: ചൈനയെ തകര്‍ക്കാന്‍ ഇന്ത്യ ചേരിചേരാ നയം അട്ടിമറിക്കുകയാണെന്നും അതിന് അമേരിക്കയുമായി കൂട്ടുകൂടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പിണറായി ഇന്ത്യയെ എതിര്‍ത്തതും ചൈനയെ തുണച്ചതും. പ്രസംഗത്തിലുടനീളം പിണറായി ചൈനയെ പുകഴ്ത്തുകയും ചെയ്തു. അടുത്തിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നത്തിയ  ചൈന പ്രസംഗം വന്‍വിവാദമായിരുന്നു.  

  ചൈന ലോകത്ത് വന്‍ സാമ്പത്തിക ശക്തിയായി മാറുകയാണ്. അവരുടെ വ്യാവസായിക രംഗത്തുള്ള വളര്‍ച്ച അതാണ് വ്യക്തമാക്കുന്നത്. ചൈനയുടെ താല്‍പര്യങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചൈന എതിര്‍ക്കും. അതോടൊപ്പം ഏതെങ്കിലും ഒരു രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരെ ആരെങ്കിലും നീങ്ങിയാല്‍ അതിനെയും ചൈന എതിര്‍ക്കും. ഇത് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ നീക്കമാണ്. അമേരിക്കയ്‌ക്കെതിരെ വളര്‍ന്ന് വരുന്നതു കൊണ്ട് ചൈനയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ചൈനക്കെതിരെ അമേരിക്ക വിശാല സഖ്യമുണ്ടാക്കുകയാണ്. അമേരിക്കന്‍ താല്‍പര്യത്തിനനുസരിച്ചുള്ള നയമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും ചൈനയെ തകര്‍ക്കാന്‍ ഇന്ത്യ ചേരിചേരാനയം അട്ടിമറിക്കുകയാണെന്നും പിണറായി പറഞ്ഞു.

കോണ്‍ഗ്രസ്സുമായി തെരഞ്ഞെടുപ്പ് ധാരണയോ സഖ്യമോ വേണ്ട.  എന്നാല്‍ പൊതു വിഷയങ്ങളില്‍ യോജിക്കുന്നവരുമായി യോജിക്കും.  ഇത്തരം യോജിപ്പുകളെ തെരഞ്ഞെടുപ്പ് സഖ്യമായി കാണരുത്.   കോണ്‍ഗ്രസ്സ് സഖ്യമെന്ന യെച്ചൂരി പക്ഷത്തിന്റെ നിലപാടുകളെ പരോക്ഷമായി വിമര്‍ശിച്ച്  കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നേരത്തെയും നയവ്യതിയാനമുണ്ടായിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

എന്നാല്‍  പ്രസംഗത്തിനിടെ ഒരു ഘട്ടത്തില്‍ പോലും പിണറായി കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചില്ല. നവ ഉദാരവല്‍ക്കരണത്തിനെതിരെ പരാമര്‍ശമുണ്ടായപ്പോള്‍ പോലും കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കാതിരിക്കാന്‍ പിണറായി പ്രത്യേകം ശ്രദ്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.