മങ്കൊമ്പ് പാലം മേയില്‍ പൂര്‍ത്തീകരിക്കും

Saturday 27 January 2018 9:17 pm IST

 

ആലപ്പുഴ: മങ്കൊമ്പ് പാലം മേയ് മാസം പൂര്‍ത്തീകരിച്ച് ഗതാഗതത്തിനു തുറന്നുകൊടുക്കും. ജില്ലാ വികസന സമിതി യോഗത്തില്‍ പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറാണ് ഇക്കാര്യം വ്യക്തമാക്കിയത്.  പാലത്തിന്റെ 90 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ഹാന്‍ഡ് റയിലുകള്‍, വീയറിങ് കോട്ട് എന്നിവയുടെ പണികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്. 

  അപ്രോച്ച് റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും. #േജില്ലയില്‍ 505 ഓരുമുട്ടുകള്‍ പൂര്‍ത്തീകരിച്ചതായി ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. പുന്നപ്ര ഗ്രാമപഞ്ചായത്തിലെ നാല് ഓരുമുട്ട് ഒഴികെ 41 എണ്ണവും പൂര്‍ത്തീകരിച്ചതായി മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

  ആറാട്ടുപുഴ, വട്ടച്ചാല്‍, പതിയാങ്കര, കോമന, കാട്ടൂര്‍ തീരപ്രദേശങ്ങളില്‍ പുലിമുട്ടുകള്‍ നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയതായി മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ജില്ലയില്‍ 757 ഹൗസ് ബോട്ടുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജീവനക്കാരുടെ സുരക്ഷയ്ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ തുടങ്ങിയവ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. 

  പദ്ധതിത്തുക ചെലവഴിക്കുന്നതില്‍ സംസ്ഥാനത്ത് നിലവില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിനെ യോഗം അഭിനന്ദിച്ചു. സംസ്ഥാന പദ്ധതികള്‍ക്കായി അനുവദിച്ച ഫണ്ടിന്റെ 40 ശതമാനവും കേന്ദ്ര പദ്ധതികളുടെ 94 ശതമാനവും മറ്റു കേന്ദ്രസഹായ പദ്ധതികളുടെ 60 ശതമാനവും ചെലവഴിച്ചതായി യോഗം വിലയിരുത്തി. 

 പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വിപണനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ നടത്തിയതിന് ഈ മാസം ജില്ലയില്‍ 438 കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ കളക്ടര്‍ ടി.വി. അനുപമ അദ്ധ്യക്ഷയായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.