അന്ന് ദേശീയ പതാക കത്തിച്ചവർ ഇന്ന് ഉത്തരവിറക്കുന്നു

Sunday 28 January 2018 2:45 am IST
ഉയര്‍ത്തിയ ദേശീയ പതാകയെ താഴ്ത്താന്‍ ആഹ്വാനം മുഴക്കിയ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഇന്നും പതാക ഉയര്‍ത്തല്‍ തടയാന്‍ ആഹ്വാനം ചെയ്യുന്നു. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാര്‍ ചെയ്തിരുന്ന പണിയാണത്. പതാക ഉയര്‍ത്തുന്നവരെയും വന്ദേമാതരം പാടുന്നവരെയും ജയിലിലടയ്ക്കുമായിരുന്നു. അന്നു ബ്രിട്ടീഷുകാര്‍ ചെയ്തിരുന്ന പണി ഇന്ന് കമ്മ്യൂണിസ്റ്റുപാര്‍ട്ടി ചെയ്യുന്നു. രണ്ടു കൂട്ടരും ദേശീയവിരുദ്ധരും സാമ്രാജ്യത്വവാദികളുമാണല്ലോ. അവരാണ് ആര്‍ എസ്എസ് സര്‍സംഘചാലക് ദേശീയപതാക ഉയര്‍ത്തുന്നതിനെ തടയാന്‍ ശ്രമിച്ചത്

ദേശീയതയും രാജ്യസങ്കല്‍പവും സങ്കുചിതമാണെന്നാണ് കമ്മ്യൂണിസ്റ്റ് സിദ്ധാന്തം. സാര്‍വ്വദേശീയതയാണ് കമ്മ്യൂണിസത്തിന്റെ പ്രഖ്യാപിത നയം. ഇ. എം. ശങ്കരന്‍ നമ്പൂതിരിപ്പാട്. 'ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം' എന്ന പരന്ന പുസ്തകത്തില്‍ പതിനൊന്നു മുതല്‍ പത്തൊന്‍പതു വരെയുള്ള അധ്യായങ്ങളില്‍ നിരവധി തവണ 'ദേശീയത' എന്ന വാക്കു വരുന്നുണ്ട്. പക്ഷേ നമ്പൂതിരിപ്പാട് എല്ലായിടത്തും പ്രയോഗിച്ചിരിക്കുന്നത് 'സങ്കുചിത ദേശീയത' എന്നോ 'ബൂര്‍ഷ്വാ ദേശീയത' എന്നോ ആണ്. അങ്ങനെയല്ലാത്ത ഒരു ദേശീയതയെ 'തിരുമേനി' എവിടെയും പരാമര്‍ശിക്കുന്നില്ല. ഇത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ദേശീയവിരുദ്ധ മനോഭാവത്തിന്റെ തെളിവാണ്.

എന്നാല്‍ റഷ്യയെക്കുറിച്ചോ ചൈനയെക്കുറിച്ചോ മറ്റു കമ്മ്യൂണിസ്റ്റു രാജ്യങ്ങളെക്കുറിച്ചോ പറയുമ്പോഴും എഴുതുമ്പോഴും ദേശീയത എന്ന് പറയുന്നില്ലെങ്കിലും, അവയുടെ സുരക്ഷയെപ്പറ്റിയും ഭാവിയെക്കരുതിയും വളരെ ശ്രദ്ധാലുക്കളാണ് കമ്മ്യൂണിസ്റ്റുകള്‍. ഈ പശ്ചാത്തലത്തില്‍ വേണം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചൈനാ സ്തുതിയും കൊറിയന്‍ ഏകാധിപതിയെ പുകഴ്ത്തലും ദേശീയപതാകാ വിവാദവും വിലയിരുത്താന്‍.

ഭാരതത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ജനനം എല്ലാവര്‍ക്കും അറിവുളളതാണല്ലോ. ഭാരതം കാഫിറുകളുടെ നാടായതുകൊണ്ട് ഇവിടെ ജീവിച്ചാല്‍ സ്വര്‍ഗം കിട്ടില്ല എന്നു വിലപിച്ച് രാജ്യം വിട്ടുപോയ മതമൗലികവാദികളെ ചേര്‍ത്ത് താഷ്‌ക്കന്റില്‍ വച്ചാണല്ലോ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ആദ്യമായി രൂപീകരിച്ചത്. അന്നുതൊട്ടിന്നോളം കമ്മ്യൂണിസ്റ്റു-ജിഹാദ് കൂട്ടുകെട്ടാണ് അവരുടെ മുഖമുദ്ര. മൗലികവാദം തീവ്രവാദമായും ഭീകരവാദമായും വളര്‍ന്നപ്പോള്‍ ഒപ്പം കമ്മ്യൂണിസവും അതിനൊപ്പിച്ചു വികാസം പ്രാപിച്ചു. സാര്‍വ്വദേശീയതയും വിശ്വമാനവികതയും പറഞ്ഞവര്‍ ഭീകരവാദികളെപ്പോലെതന്നെ ക്രൂരന്മാരും കൊലയാളികളുമായി പരിണമിച്ചു. ഇന്ന് കമ്മ്യൂണിസ്റ്റുകളെയും ജിഹാദികളെയും അവരുടെ പ്രവൃത്തി നോക്കി തിരിച്ചറിയാന്‍ പറ്റാത്തത്ര താദാത്മ്യം പ്രാപിച്ചിരിക്കുന്നു. 

നവ ഇടതുപക്ഷമെന്ന പേരില്‍  ദേശീയ ബിംബങ്ങളെ തകര്‍ക്കുന്ന അരാജകവാദവും ശിഥിലീകരണ പദ്ധതികളുമാണ് കമ്യൂണിസ്റ്റുകളുടെ പുതിയ മേഖലകള്‍. സാംസ്‌കാരികമൂല്യബോധം സൃഷ്ടിക്കുന്ന പ്രതീകങ്ങളെയും പ്രസ്ഥാനങ്ങളെയും അപനിര്‍മ്മിക്കുകയും, അധാര്‍മ്മികമെന്ന് പഠിച്ചും തിരസ്‌ക്കരിച്ചും പോന്നിരുന്നവയെ ഒക്കെ മഹത്വവല്‍ക്കരിക്കുകയുമാണ് അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. എല്ലാത്തിലും ജാതിയും മതവും കലര്‍ത്തി സാമൂഹിക ഐക്യത്തെ തകര്‍ക്കുക, അതാണ് പുതിയ ഇടതുപക്ഷം.

1962-ല്‍ ചൈന ഭാരതത്തെ ആക്രമിച്ചു. അപ്രതീക്ഷിത യുദ്ധത്തില്‍ പതറിപ്പോയ നെഹ്‌റു നിഷ്‌ക്രിയനായി നിലകൊണ്ടപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ ചൈനയ്ക്ക് സ്തുതിപാടുകയും ഭാരത സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയുമായിരുന്നു. ചൈനയ്‌ക്കൊപ്പം നിന്നതിന്റെ പേരില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ നെഹ്‌റു നിരോധിച്ചു. 'ചൈനീസ് ചാരന്മാര്‍' എന്നു മുദ്ര കുത്തിയായിരുന്നു നിരോധനം. നേതാക്കളെ മുഴുവന്‍ ജയിലിലടച്ചു. (ഒരു ജന്മം - എം. വി.രാഘവന്റെ ആത്മകഥ - പുറം 59) തങ്ങള്‍ ചൈനീസ് ചാരന്മാര്‍ അല്ലെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ചില കമ്മ്യൂണിസ്റ്റുകള്‍ ജയിലില്‍ കിടന്ന് യുദ്ധഫണ്ടിലേക്ക് സംഭാവന നല്‍കുകയും രക്തദാനം നടത്തുകയും ചെയ്തു. ഇതിന് ശ്രമിച്ച വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ 'വഞ്ചകര്‍' എന്നു മുദ്രകുത്തി നടപടിയെടുത്തു. സുന്ദരയ്യയുടെ നേതൃത്വത്തില്‍ കമ്മിറ്റി കൂടി അച്യുതാനന്ദനെ കേന്ദ്രകമ്മിറ്റിയില്‍ നിന്നും പുറത്താക്കി. (അതേ പുസ്തകം - പുറം 60) വഞ്ചന കാണിച്ചത് ഭാരതത്തോടല്ല, ചൈനയോടാണ്. അതിനായിരുന്നു നടപടി. 

ചൈനയെ സ്തുതിക്കാനും ഭാരതത്തെ നിന്ദിക്കാനും കിട്ടുന്ന ഒരവസരവും പാര്‍ട്ടി ഉപേക്ഷിക്കാറില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളിലെ പ്രസംഗങ്ങള്‍.

ചൈനീസ് വിപ്ലവത്തിന്റെ (വിപ്ലവമെന്നാല്‍ കൂട്ടക്കൊല) അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച 'ദേശാഭിമാനി' പത്രം ഒരു സപ്ലിമെന്റ് ഇറക്കി. 2009 ഒക്‌ടോബര്‍ ഒന്നിന് ഇറക്കിയ പത്രത്തില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സ്തുതി ഇങ്ങനെ:  രക്തതാരകം മുന്നോട്ട്- പ്രകാശ് കാരാട്ട്; സോഷ്യലിസത്തിന്റെ വിജയം- സീതാറാം യച്ചുരി; ചൈനീസ് വിപ്ലവത്തിന്റെ അനുഭവ പാഠങ്ങള്‍- പിണറായി വിജയന്‍!

1959 ല്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് അഭയം കൊടുത്തതിനെതിരെ ചൈന പ്രകോപനമുണ്ടാക്കി. കമ്മ്യൂണിസ്റ്റുകള്‍ മൗനം പാലിച്ചു. 1964 ല്‍ ചൈന അണുവിസ്‌ഫോടനം നടത്തിയപ്പോള്‍ ആഹ്ലാദപ്രകടനം നടത്തിയ പാര്‍ട്ടി, ഭാരതം അണുപരീക്ഷണം നടത്തിയപ്പോഴൊക്കെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചു. അരുണാചല്‍പ്രദേശിന്റെ 90,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കയ്യേറിയപ്പോഴും, മുഴുവന്‍ അരുണാചലും ചൈന കൊണ്ടുപോകാതിരുന്നതിലായിരുന്നു കുണ്ഠിതം. കശ്മീര്‍ അതിര്‍ത്തിയില്‍ അക്‌സായ്ചിന്‍ ഭാഗത്ത് 38000 ച. കി. മീ ചൈന കൊണ്ടു പോയപ്പോഴും ചൈനയെ വാഴ്ത്തുകയായിരുന്നു പാര്‍ട്ടി ചെയ്തത്. എസ്എസ്ജി കരാറില്‍ ഭാരതത്തെ ഉള്‍പ്പെടുത്താതിരിക്കാന്‍ ചൈന നിരന്തരം പ്രയത്‌നിച്ചു കൊണ്ടിരിക്കുന്നു. 

ആന്ധ്രാപ്രദേശിലെ ഗോദാവരി ഭാഗത്ത് ഗ്യാസ് പൈപ്പ് ലൈന്‍ നിര്‍മ്മിക്കാനുള്ള ഒരു കരാര്‍ ചൈനീസ് കമ്പനി നേടി. അതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1000 എന്‍ജിനീയര്‍മാരെ ഇവിടേക്ക് കൊണ്ടു വരാന്‍ കമ്പനി തീരുമാനിച്ചു. എന്നാല്‍ ഭാരതത്തിന്റെ ആഭ്യന്തരവകുപ്പും ഇന്റലിജന്‍സ് വിഭാഗവും അതിന് അനുമതി നല്‍കിയില്ല. അത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന കാരണത്താലായിരുന്നു തടസ്സം പറഞ്ഞത്. തൊഴിലെടുക്കാന്‍ ഇവിടെയുള്ളവരെത്തന്നെ നിയോഗിച്ചാല്‍ മതി എന്ന നിലപാടാണ് സുരക്ഷാ ഏജന്‍സികള്‍ സ്വീകരിച്ചത്.

അതിനെതിരെ ചൈനയ്ക്കുവേണ്ടി കമ്മ്യൂണിസ്റ്റു പാര്‍ട്ടി പ്രതിഷേധിക്കുകയും സീതാറാം യെച്ചുരി ഭാരതനിലപാടിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ലേഖനമെഴുതുകയും ചെയ്തു. അവര്‍ക്കു ഭാരതത്തിന്റെ സുരക്ഷയല്ല പ്രധാനം, ചൈനയുടെ താല്‍പര്യമാണ്. (ഇവശിമ' െശിലേൃലേെ ശ െീൗൃ ശിലേൃലേെ. ങീശേ്‌ല ീള രീാാൗിശേെ ുമൃ്യേ ീള കിറശമ ങമൃഃശേെ, ആ.ഞമാമി)

1964 ല്‍ ഒക്‌ടോബറില്‍ ജ്യോതിബസുവിന്റെ പത്രസമ്മേളനം കോഴിക്കോട്ട് നടന്നു. അവിടെ ചൈനീസ് ആക്രമണത്തെപ്പറ്റിയുള്ള ഒരു ചോദ്യത്തിന് കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഉത്തരം ഇങ്ങനെയായിരുന്നു. ''ഇന്ത്യയുടെ നേരെ ഒരാക്രമണം നടത്തി എന്ന് ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ളത് ഒരതിര്‍ത്തിത്തര്‍ക്കം മാത്രമാണ്. ഈ തര്‍ക്കം തീര്‍ക്കുന്നതിനായി ഇന്ത്യ ചൈനയോട് നേരിട്ട് കൂടിയാലോചനകള്‍ നടത്തേണ്ടതാണെന്നാണ് ഞങ്ങളുടെ അഭിപ്രായം'' (ദേശീയ ബദലും കമ്മ്യൂണിസ്റ്റുകളും - പി. വി.കെ നെടുങ്ങാടി - പുറം 23)

സ്വാതന്ത്യസമരത്തെ ഒറ്റുകൊടുത്ത കമ്യൂണിസ്റ്റ്പാര്‍ട്ടി, സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അതു കിട്ടിയില്ല എന്നുപറഞ്ഞ് ആഗസ്റ്റ് 15 നു കരിദിനമാചരിച്ചു  1948- ലെ പാര്‍ട്ടി തീരുമാനം ഭാരതത്തിനു സ്വാതന്ത്യം കിട്ടിയില്ലെന്നു മാത്രമല്ല, അതു നേടിയെടുക്കാന്‍ ചൈനീസ് മാതൃകയില്‍ സായുധവിപ്ലവം സംഘടിപ്പിക്കണമെന്നും, നെഹ്‌റു സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യണമെന്നുമായിരുന്നു. കല്‍ക്കട്ട തിസീസ് എന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച ആ തീരുമാനത്തെത്തുടര്‍ന്നായിരുന്നു കേരളത്തില്‍ വ്യാപകമായി അക്രമങ്ങളും കൊലയും കൊള്ളിവയ്പും ഉണ്ടായത്. പോലീസുകാരെ കൊല്ലല്‍ ആയിരുന്നു പ്രധാനവിപ്ലവം. അതിന്റെ പേരില്‍ പാര്‍ട്ടിക്ക് ധാരാളം രക്തസാക്ഷികളെ കിട്ടുകയും അവരുടെ ചോര വളമാക്കി പാര്‍ട്ടി തടിച്ചു കൊഴുക്കുകയും ചെയ്തു. 

സ്വാതന്ത്ര്യദിനത്തെ എതിര്‍ത്ത പാര്‍ട്ടി പിന്നീട് 1956 ല്‍ പാലക്കാട്ടു നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ചാണ് ഭാരതസ്വാതന്ത്ര്യത്തെ അംഗീകരിച്ചത് (കേരളത്തിലെ കമ്മ്യൂണിസം എം.ആര്‍. ചന്ദ്രശേഖരന്‍ പുറം. 31) അവരാണ് ഇപ്പോള്‍ ദേശീയ പതാക ഉയര്‍ത്താന്‍ കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നവര്‍ക്കു മാത്രമേ അധികാരമുള്ളൂ എന്ന് ആക്രോശിക്കുന്നത്.

ആഗസ്റ്റ് 15 കരിദിനമായി ആചരിച്ചതു പോലെതന്നെയായിരുന്നു ഭരണഘടനയെ സംബന്ധിച്ചും അവരുടെ നിലപാട്. 1950 ജനുവരി 26 ന് ആണല്ലോ ഭരണഘടന നിലവില്‍ വന്നത്. അന്നു മുതല്‍ ഭാരതം സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് ആയി.  രാജ്യം മുഴുവന്‍ ആവേശം, ആഘോഷം. നാടെങ്ങും ദേശീയപതാക ഉയര്‍ത്തി. പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അത് സഹിക്കാവുന്നതിന് അപ്പുറമായിരുന്നു. സ്വാതന്ത്ര്യം തന്നെ അംഗീകരിക്കാതിരിക്കുമ്പോള്‍ പരമാധികാര റിപ്പബ്ലിക്കായി എന്ന് രാജ്യം പ്രഖ്യാപിക്കുക! രാജ്യമാസകലം പാര്‍ട്ടി പ്രതിഷേധ പ്രകടനം നടത്തി. ദേശീയ പതാക ഉയര്‍ത്തുന്നതിനെ തടയാന്‍ ആഹ്വാനം മുഴക്കി. പോലീസ് റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പാടു ചെയ്തു. ഇതിനിടയിലാണ് തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ ദേശീയപതാക പിടിച്ചെടുത്ത് കത്തിക്കാനും കരിങ്കൊടി ഉയര്‍ത്താനുമായി സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ എത്തിയത്. പതാക നശിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ പോലീസ് വെടിവെപ്പില്‍ സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ രക്തസാക്ഷിയായി. 

ഉയര്‍ത്തിയ ദേശീയ പതാകയെ താഴ്ത്താന്‍ ആഹ്വാനം മുഴക്കിയ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഇന്നും പതാക ഉയര്‍ത്തല്‍ തടയാന്‍ ആഹ്വാനം ചെയ്യുന്നു. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാര്‍ ചെയ്തിരുന്ന പണിയാണത്. പതാക ഉയര്‍ത്തുന്നവരെയും വന്ദേമാതരം പാടുന്നവരെയും ജയിലിലടയ്ക്കുമായിരുന്നു. അന്നു ബ്രിട്ടീഷുകാര്‍ ചെയ്തിരുന്ന പണി ഇന്ന് കമ്മ്യൂണിസ്റ്റുപാര്‍ട്ടി ചെയ്യുന്നു. രണ്ടു കൂട്ടരും ദേശീയവിരുദ്ധരും സാമ്രാജ്യത്വവാദികളുമാണല്ലോ. അവരാണ് ആര്‍ എസ്എസ് സര്‍സംഘചാലക് ദേശീയപതാക ഉയര്‍ത്തുന്നതിനെ തടയാന്‍ ശ്രമിച്ചത്.

(ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍) 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.