ശ്രീജിത്തിനെ രക്ഷിക്കാന്‍ പോലീസ് ഒത്തുതീര്‍പ്പിന് സിപിഎം നേതൃത്വം

Sunday 28 January 2018 2:45 am IST

കൊല്ലം: ചവറ എംഎല്‍എ എന്‍. വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് 10 കോടിരൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഉരുണ്ടു കളിച്ച് പോലീസ്. ഒത്തുതീര്‍പ്പ് ശ്രമവുമായി സിപിഎം നേതൃത്വം. 

മാവേലിക്കര ഇടപ്പോണ്‍ ഐരാണിക്കുടി അശ്വതി ഭവനത്തില്‍ രാഹുല്‍കൃഷ്ണ നല്‍കിയ പരാതിയില്‍ 2017 മെയ് 20ന് ചവറ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ശ്രീജിത്ത് വാങ്ങിയ പത്ത് കോടി രൂപ തിരികെ നല്‍കിയില്ലെന്നും ആവശ്യമായ പണമില്ലാത്ത ചെക്ക് നല്‍കി കബളിപ്പിച്ചെന്നുമായിരുന്നു കേസ്. എന്നാല്‍ കേസില്‍ തുടരന്വേഷണം നടത്തിയിരുന്നില്ല. 

വിവാദമായതോടെ കഴിഞ്ഞ ദിവസം പോലീസ് നിയമോപദേശം തേടി. ഇതേ പരാതിയില്‍ മാവേലിക്കര കോടതിയില്‍ സിവില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ചവറയില്‍ ക്രിമിനല്‍ കേസ് എടുക്കാന്‍ സാധിക്കില്ലെന്നാണ് പോലീസിന്റെ പുതിയ വിശദീകരണം. 

ഇതിനിടയില്‍ സിപിഎം നേതൃത്വം ഇടപെട്ട് ഒത്തുതീര്‍പ്പ് ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രശ്‌നം രമ്യമായി പരിഹരിച്ച ശേഷം രാഹുല്‍കൃഷ്ണയെ നാട്ടിലെത്തിച്ച് അനുകൂല പരാമര്‍ശങ്ങള്‍ നടത്തിക്കാനാണ് നീക്കം. 

പരാതി നല്‍കിയ രാഹുല്‍ കൃഷ്ണയുടെ കുടുംബം സിപിഎം സഹയാത്രികരാണ്. പന്തളത്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്ന രാഹുലിന്റെ അച്ഛന് സിപിഎം നേതാക്കളുമായി നല്ല ബന്ധമാണ്. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗവും ദേവസ്വം ബോര്‍ഡ് മെമ്പറുമായ കെ. രാഘവന്‍ ഇവരുടെ കുടുംബസുഹൃത്താണ്. ഈ വഴിക്കാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പ് ശ്രമം ആരംഭിച്ചിരിക്കുന്നത്. സിപിഎം ചവറ ഏരിയ നേതൃത്വവും പ്രശ്‌നം പരിഹരിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. 

വിദേശത്ത് ബിസിനസ്സിനൊപ്പം നാട്ടില്‍ ടൈല്‍സ് വ്യാപാരം, പശുവളര്‍ത്തല്‍ കേന്ദ്രം, സ്വകാര്യ പായ്ക്കറ്റ് പാല്‍ വിതരണം സംരംഭങ്ങള്‍ രാഹുല്‍ കൃഷ്ണ നടത്തുന്നുണ്ട്. അതിനാല്‍ സിപിഎമ്മിനെ പിണക്കി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് രാഹുല്‍ കൃഷ്ണയ്ക്ക് ബോധ്യമുണ്ട്. 

ഇക്കാരണത്താലാണ് ശ്രീജിത്തിനെതിരെ നേരിട്ട് പരാതി നല്‍കിയ രാഹുല്‍ കൃഷ്ണ കോടിയേരിയുടെ മകന്‍ ബിനോയിക്കെതിരെ വിദേശ പൗരനെ കൊണ്ട് പരാതി നല്‍കിപ്പിച്ചത്. പ്രശ്‌നം രമ്യമായി പരിഹരിച്ചില്ലെങ്കില്‍ രാഹുല്‍ കൃഷ്ണയുടെ ബിസിനസ്സ് ശൃംഖലകളില്‍ പരിശോധന നടത്തി സമ്മര്‍ദത്തിലാക്കാനും സിപിഎം നീക്കമുണ്ട്. 

ദുബായിയില്‍ ഹോട്ടല്‍ ബിസിനസ്സിനൊപ്പം ബീറ്റ്‌സ് ഫെസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനിയില്‍ മാന്‍ പവര്‍ സപ്ലയര്‍ കൂടിയായിരുന്നു ശ്രീജിത്ത്. 2013 മുതല്‍ പലപ്പോഴായി ദുബായിലും ചവറയിലെ വീട്ടില്‍ വച്ചുമാണ് രാഹുല്‍ കൃഷ്ണയില്‍ നിന്ന് ശ്രീജിത്ത് പത്ത് കോടി രൂപ വാങ്ങിയത്. 

തിരിച്ചടവില്‍ വീഴ്ചവന്നതോടെ ദുബായിലെ യുണൈറ്റഡ് അറബ് ബാങ്കിന്റെ പേരില്‍ 60 ലക്ഷം ദിര്‍ഹം (പത്തു കോടിയിലധികം) ചെക്ക് ശ്രീജിത്ത് നല്‍കി. മതിയായ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങി. ഇതോടെ ദുബായില്‍ രാഹുല്‍ കൃഷ്ണ പരാതി നല്‍കി. ദുബായ് കോടതി 2017മെയില്‍ ശ്രീജിത്തിനെ രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചെങ്കിലും വിധിവരും മുന്‍പേ ഇയാള്‍ നാട്ടിലേക്ക് കടന്നു. 

സമാന തുകയ്ക്ക് ആക്‌സിസ് ബാങ്ക് കൊല്ലം ചിന്നക്കട ശാഖയുടെ ചെക്ക് 2016 ഏപ്രില്‍ മാസം ശ്രീജിത്ത് രാഹുല്‍ കൃഷ്ണയ്ക്ക് നല്‍കി. ഇതും പണമില്ലാതെ മടങ്ങി. തുടര്‍ന്നാണ് മാവേലിക്കര, ചവറ കോടതികളില്‍ പരാതി നല്‍കിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.