മദ്യനയം: സര്‍ക്കാരിനെതിരെ ജേക്കബ് തോമസ്

Sunday 28 January 2018 2:45 am IST

തിരുവനന്തപുരം: സര്‍ക്കാര്‍ അഭിമാനത്തോടെ കൊട്ടിഘോഷിക്കുന്ന സുസ്ഥിര വികസന നയത്തെയും പുതിയ മദ്യനയത്തേയും രൂക്ഷമായി വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ്. കേരള മദ്യനിരോധന സമിതിയുടെ ലഹരി വിമുക്തജ്യോതി  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യം കുടിപ്പിച്ചും ലോട്ടറി വിറ്റഴിച്ച് ചൂതാട്ടം നടത്തിയും വരുമാനം വര്‍ദ്ധിപ്പിക്കുന്നതാണോ സുസ്ഥിരവികസന നയത്തിന്റെ അടിസ്ഥാനമെന്ന് ചോദിച്ചുകൊണ്ടായിരുന്നു തുടക്കം. പുതിയ മദ്യനയത്തില്‍ വിദ്യാലയങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കും മേലെയാണ് മദ്യശാലകള്‍. സംസ്ഥാന വരുമാനത്തില്‍ മദ്യവും ലോട്ടറിയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു.  മദ്യശാലകളില്‍ അനവധി പേര്‍ തൊഴിലെടുക്കുന്നതിന്റെ പേരില്‍ മദ്യ നിരോധനം തൊഴില്‍ നഷ്ടത്തോട് ചേര്‍ത്തുകെട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞു കൊണ്ടാണ് ജേക്കബ് തോമസ് പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

യുഡിഎഫിന്റെ കാലത്ത് ബിജു രമേശ് പുറത്തു വിട്ട യോഗത്തില്‍ 'വളച്ചാല്‍ മതി ഒടിക്കണ്ടാ' എന്ന് പറയുന്ന ശബ്ദ പരാമര്‍ശം അന്നും ഇന്നും മദ്യനയം തീരുമാനിക്കുന്നതില്‍ മദ്യമുതലാളിമാരുടെ സ്വാധീനം വ്യക്തമാക്കുന്നു. അഴിമതിയിലും മദ്യത്തിന് പങ്കുണ്ടെന്നതിന് തെളിവുകള്‍ ജേക്കബ് തോമസ് ഉദാഹരണങ്ങള്‍ സഹിതം നിരത്തുന്നു. 

ഇടതു സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതായ, എന്നാല്‍ ചെയ്യാത്ത കാര്യങ്ങളും ജേക്കബ് തോമസ് അടിവരയിടുന്നു. മദ്യം പ്രധാന വരുമാന മാര്‍ഗ്ഗമല്ലാതായി മാറണമെങ്കില്‍ മെച്ചപ്പെട്ട മറ്റു വരുമാനമാര്‍ഗ്ഗങ്ങള്‍ ഉണ്ടാകണം. എന്നാല്‍ മാത്രമേ മദ്യത്തിന്റെ പ്രധാന സ്ഥാനം ഇല്ലാതാവുകയുള്ളുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കൃത്യമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന് സസ്‌പെന്‍ഷനും തേങ്ങാ മാങ്ങാ വകുപ്പുകളില്‍ നിയമനവുമാണ് ഈ സര്‍ക്കാരും നല്‍കുന്നതെന്ന്  അനുഭവത്തോട് കൂട്ടിച്ചേര്‍ത്ത് ജേക്കബ് തോമസ് വ്യക്തമാക്കി. ജോലിയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റങ്ങളും പാരിതോഷികങ്ങളുമാണ് ലഭിക്കുന്നത്. ലഹരി മുക്ത കേരളത്തിനായി പല പദ്ധതികളും തുടങ്ങിയെങ്കിലും ഒന്നും മുന്നോട്ട് പോയില്ലെന്നു ജേക്കബ് തോമസ് സര്‍ക്കാരിനെ കളിയാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.