'നുമ്മ ഊണ്' പദ്ധതിക്ക് തുടക്കം

Sunday 28 January 2018 2:45 am IST

കാക്കനാട്: വിശന്നു പൊരിയുന്നവര്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ 'നുമ്മ ഊണ്' വിശപ്പുരഹിത നഗരം പദ്ധതിക്ക് തുടക്കമായി. ഇതര സംസ്ഥാന തൊഴിലാളികളടക്കം ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരെ ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതി പെട്രോനെറ്റ് എല്‍.എന്‍.ജി ഫൗണ്ടേഷന്റെയും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. തുടക്കത്തില്‍ 50 കൂപ്പണുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു.   

ഫെബ്രുവരി ഒന്നു മുതല്‍ പദ്ധതി പ്രാവര്‍ത്തികമാകും. കാക്കനാട് കലക്‌ട്രേറ്റിലും സൗത്ത് റെയില്‍വെ സ്റ്റേഷനിലും 'നുമ്മ ഊണി'ന്റെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. കൗണ്ടറുകളില്‍ ലഭിക്കുന്ന കൂപ്പണുകള്‍ നല്‍കിയാല്‍ കാക്കനാട്ടെയും സൗത്തിലെയും തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്ന് സൗജന്യമായി മികച്ച നിലവാരത്തിലുള്ള ഭക്ഷണം ലഭിക്കും. കാക്കനാട് കളക്‌ട്രേറ്റിന് സമീപം അളകാപുരി, ലിബ, അയോദ്ധ്യ, വാഴക്കാലയില്‍ ഗാലക്‌സി, സൗത്തില്‍ ആര്യാസ്, അല്‍ഫല, ആര്യഭവന്‍, മുഗള്‍ എന്നീ ഹോട്ടലുകളിലാണ് സൗജന്യ ഭക്ഷണം. 

'നുമ്മ ഊണ്' വിശപ്പുരഹിത നഗരം പദ്ധതിയുടെ ഉദ്ഘാടനം വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. എംഎല്‍മാരായ പി.ടി തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, അസി. കളക്ടര്‍ ഈശ പ്രിയ, പെട്രോനെറ്റ് എല്‍എന്‍ജി വൈസ് പ്രസിഡന്റ് ടി. എന്‍. നീലകണ്ഠന്‍, കെഎച്ച്ആര്‍എ പ്രസിഡന്റ് അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.