ആറളം ഫാമിന്റെ വികസനത്തിന് 60 കോടിയുടെ പാക്കേജ്്

Sunday 28 January 2018 1:14 am IST

 

കണ്ണൂര്‍: പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനായി ആരംഭിച്ച കണ്ണൂര്‍ ആറളം ഫാമിന്റെ സമഗ്രവികസനത്തിന് 60 കോടി രൂപയുടെ പാക്കേജിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. നബാര്‍ഡിന്റെ ആര്‍ഐഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാക്കേജ് നടപ്പിലാക്കുന്നത്. 

3060 ഹെക്ടറോളം പ്രദേശത്ത് വ്യാപിച്ച് കിടക്കുന്നതാണ് ആറളം ഫാം. 3375 കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖയുള്ളതും 1693 കുടുംബങ്ങള്‍ നിലവില്‍ താമസിക്കുന്നതുമായ പട്ടികവര്‍ഗ്ഗ പുനരധിവാസ കേന്ദ്രമാണിത്. ഫാമിനുള്ളിലെ രണ്ട് പാലങ്ങള്‍, റോഡുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ എന്നിവയുടെ നിര്‍മ്മാണം, ആയുര്‍വ്വേദ ആശുപത്രി, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കമ്മ്യൂണിറ്റി ഹാള്‍, അംഗന്‍വാടി, കൃഷിഭവന്‍, മൃഗാശുപത്രി, പാല്‍സംഭരണ കേന്ദ്രം തുടങ്ങിയവക്കായി 42 കോടി രൂപയാണ് നബാര്‍ഡ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഏഴ് കോടി രൂപ സംസ്ഥാന വിഹിതമാണ്. 

സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതിയില്‍ ഭവന നിര്‍മ്മാണം, ഭവന പുനരുദ്ധാരണം, പോലീസ് എയ്ഡ് പോസ്റ്റ്, കോമ്പൗണ്ട് വാള്‍, തയ്യല്‍ യൂണിറ്റ് എന്നിവയ്ക്ക് നബാര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നില്ല. 18 കോടി രൂപയുടെ ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാന വിഹിതത്തില്‍ നിന്നോ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഫണ്ടില്‍ നിന്നോ തുക അനുവദിക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.  

മന്ത്രി ഫാം സന്ദര്‍ശിച്ച് തൊഴിലാളികളോടും അവിടെ താമസിക്കുന്നവരോടും ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പുതിയ പാക്കേജ് തയ്യാറാക്കിയത്. ആറളത്തെ തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള സമഗ്ര പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവന ചെയ്തിട്ടുള്ളത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.