മലനാട് മലബാര്‍ ജലപാത ക്രൂയിസ് ടൂറിസം പദ്ധതി; ജനങ്ങള്‍ ആശങ്കയില്‍

Sunday 28 January 2018 1:16 am IST

 

പാനൂര്‍: മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിയില്‍ ഉള്‍നാടന്‍ ജലപാതയും ഉള്‍പ്പെടുമോ എന്ന ആശങ്കയില്‍ ജനങ്ങള്‍. 

മലബാറിന്റെ ടൂറിസം ഭൂപടത്തില്‍ മാറ്റത്തിന്റെ കടലിളക്കി എത്തുന്ന മലബാര്‍ ക്രൂയിസ് ടൂറിസം നിര്‍മ്മാണ പദ്ധതി ഫിബ്രവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പാനൂര്‍, മാക്കുനി, പന്ന്യന്നൂര്‍ മേഖലകളിലെ ജനങ്ങള്‍ ആശങ്കയിലായിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വളപട്ടണം, പെരുമ്പ, അഞ്ചരക്കണ്ടി, മാഹി, തലശേരി, നീലേശ്വരം, തേജസ്വിനി, ചന്ദ്രഗിരി തുടങ്ങിയ ജലാശയങ്ങളെ ഉള്‍പ്പെടുത്തിയാണ് നദീതട ടൂറിസം വരാന്‍ പോകുന്നത്. 197 കീലോമീറ്റര്‍ ബോട്ടു യാത്രയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികളും ആവിഷ്‌ക്കരിക്കുന്നുണ്ട്.

മാഹിയില്‍ നിന്നും ആരംഭിക്കുന്ന പദ്ധതി ജലപാതയ്ക്കായി സര്‍വ്വേ നടത്തപ്പെട്ട പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തപ്പെടുമോ എന്ന ഭീതിയാണ് ജനങ്ങളില്‍ ഉളളത്. സര്‍വ്വേയുടെ പേരില്‍ നാലോളം പ്രദേശങ്ങള്‍ അധികൃതര്‍ മാര്‍ക്ക് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ഇന്നു നിര്‍മ്മാണ പ്രവൃത്തികള്‍ നിലച്ച അവസ്ഥയാണ്. ഏതു പ്രദേശത്തു കൂടി ജലപാത വരുമെന്ന കൃത്യത നല്‍കാന്‍ ഇതുവരെ രാഷ്ട്രീയ നേതൃത്വമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല. കോഴിക്കോട് ജില്ലയില്‍ മാത്രം സര്‍വ്വെ നടത്തി ഏതാണ്ട് പൂര്‍ത്തിയായ പദ്ധതി പെരിങ്ങത്തൂര്‍ പുഴ മാര്‍ഗം എരഞ്ഞോളി പുഴയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീട്ടുകയായിരുന്നു. 

1965-67 കാലഘട്ടത്തില്‍ വന്ന ഉള്‍നാടന്‍ ജലഗതാഗത പദ്ധതി വരുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിയും ജനങ്ങളില്‍ ഭീതി ജനിപ്പിച്ചിട്ടുളളത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഒരു തരത്തിലുമുളള ഇടപ്പെടല്‍ ഭരണകക്ഷിയില്‍ നിന്നുമുണ്ടാകുന്നുമില്ല. എരഞ്ഞോളിപ്പുഴയില്‍ നിന്നും കനാല്‍ പണിത് മലബാര്‍ ക്രൂയിസ്് ടൂറിസം ബന്ധപ്പെടുത്താനും നീക്കമുണ്ട്. ഉള്‍നാടന്‍ ജലപാത പ്രദേശവും ടൂറിസത്തിനായി ഉപയോഗപ്പെടുത്താമെന്ന ചര്‍ച്ചയും ഉദ്യോഗതലത്തില്‍ നടന്നതായാണ് വിവരം. ഉള്‍നാടന്‍ ജലപാത കാസര്‍ഗോഡ് ജില്ലയിലേക്കു കൂടി നീട്ടിക്കിട്ടാന്‍ ഫണ്ട് അനുവദിക്കണമെന്ന സിപിഎം എംപിമാരായ പി.കെ.ശ്രീമതിയും കെ.കെ.രാഗേഷും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതും ഈ രണ്ടു പദ്ധതികളും വിപുലമാക്കാനാണെന്ന് ഉറപ്പാണ്.

300കോടി ചെലവ് പ്രതീക്ഷിക്കുന്ന മലബാര്‍ ക്രൂയിസ് പദ്ധതിക്കായി 37കോടി സംസ്ഥാന സര്‍ക്കാര്‍ നീക്കി വെച്ചു കഴിഞ്ഞു. കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രോജക്ട് മോണിറ്ററിംഗ് സെല്‍ പ്രതിനിധി ദര്‍ശനമാലി പദ്ധതി പ്രദേശത്ത് എത്തിയിരുന്നു. സംസ്ഥാന ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗ തീരുമാനപ്രകാരം ഫെബ്രവരിയില്‍ മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ധാരണയായത്. കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പില്‍ വരുത്തുക. 

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും അനുബന്ധ വികസന പ്രവര്‍ത്തനങ്ങളും ജില്ലയെ അടിമുടി മാറ്റുമെന്ന് സംശയമില്ല. എന്നാല്‍ വികസനവും വിനോദസഞ്ചാരവും ഒരു നാട്ടിലെ ജനതയെ ഭീതിയിലുംആശങ്കയിലും ആഴ്ത്തിയല്ല നടപ്പില്‍ വരുത്തേണ്ടതെന്ന യാഥാര്‍ത്ഥ്യവും അധികൃതര്‍ മറക്കരുത്. കുറ്റാടി മട്ടന്നൂര്‍ വിമാനതാവളം റോഡ്, തലശേരി ഹെറിറ്റേജ് ടൂറിസം, മലബാര്‍ ക്രൂയിസ് ടൂറിസം, ഉള്‍നാടന്‍ ജലപാത പദ്ധതികള്‍ എല്ലാം പൊടുന്നനെ ജില്ലയിലെത്തിയത് കണ്ണൂര്‍ വിമാനതാവളം കേന്ദ്രീകൃതമായിട്ടാണ്. വിമാനതാവള വികസനത്തിന് അനുബന്ധമായി വിനോദസഞ്ചാരം, മറ്റ് വ്യവസായസംരഭങ്ങള്‍ എന്നിവ ഉണ്ടാവണമെന്ന് കിയാല്‍ എംഡി പി.ബാലകിരണ്‍ വ്യക്തമാക്കിയതാണ്. നാലുവരി പാത വരുമ്പോള്‍ വ്യാപാരസ്ഥാപനങ്ങളുംവീടും പറമ്പും നഷ്ടപ്പെടുന്ന പാനൂര്‍ ഭാഗത്തെ ജനങ്ങള്‍ക്കിടയില്‍ തന്നെയാണ് ഉള്‍നാടന്‍ ജലപാതയും വരാന്‍ പോകുന്നത്. സമീപത്തു കൂടി ഗെയ്ല്‍ പദ്ധതിയും നടന്നു കൊണ്ടിരിക്കുന്നു. വികസനവും വിനോദവും ഒരു ജനതയെ കണ്ണീരുകുടിപ്പിച്ച് കൊണ്ടാവരുത് എന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. മരിച്ചു വീണാലും ഒരു തുണ്ടു ഭൂമി പോലും ജലപാതക്കായി നല്‍കില്ലെന്നും നാട്ടുകാര്‍ ഉറച്ച ശബ്ദത്തില്‍ പറയുന്നു. സമരങ്ങളും പോരാട്ടങ്ങളും പാനൂരും പരിസരവും രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ക്കെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. പദ്ധതി വരുന്നത് എവിടെയാണെന്ന് ചൂണ്ടിക്കാണിക്കാന്‍ പോലും ഇവിടുത്തെ എംഎല്‍എയും മന്ത്രിയുമായ കെ.കെ.ശൈലജയ്ക്കു സാധിക്കാത്തതിലും ഭരണകക്ഷിയായ സിപിഎം നടത്തുന്ന ഇരുതോണിയില്‍ കാലുവെച്ച കളിയിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ജലപാതകള്‍ക്കെതിരെയുള്ള സമരത്തിലും ഇത് നടപ്പിലാക്കാനും പാര്‍ട്ടി നേതൃത്വങ്ങള്‍ രംഗത്തുണ്ടെന്ന വിചിത്രതയും പാനൂരില്‍ കാണാം.     

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.