69-ാം റിപ്പബ്ലിക് ദിനം പ്രൗഢോജ്ജ്വലമായി ആഘോഷിച്ചു

Sunday 28 January 2018 1:17 am IST

 

കണ്ണൂര്‍: കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല പരിപാടിയില്‍ മന്ത്രി കെ.കെ.ശൈലജ ദേശീയ പതാകയുയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തുറന്ന വാഹനത്തില്‍ മന്ത്രി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. ചടങ്ങില്‍ സ്വാതന്ത്ര്യ സമരസേനാനി പിണറായി സ്വദേശി കെ.വി.കുമാരന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ജില്ലാ പൊലീസ് മേധാവി ശിവ വിക്രം, സബ് കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, അസി. കലക്ടര്‍ ആസിഫ് കെ.യൂസഫ്, എഡിഎം ഇ.മുഹമ്മദ് യൂസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പരേഡില്‍ പൊലീസ്, ജയില്‍, ഫയര്‍ ഫോഴ്‌സ്, വനംവകുപ്പ്, എന്‍സിസി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, റെഡ്‌ക്രോസ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റുകള്‍ എന്നിവയുടെ പ്ലാറ്റൂണുകള്‍ അണിനിരന്നു. ഡിഎസ്‌സി കണ്ണൂര്‍, ആര്‍മി പബ്ലിക് സ്‌കൂള്‍ എന്നിവയുടെ ടീമുകള്‍ ബാന്‍ഡ് മേളമൊരുക്കി. ജില്ലാ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അസി.കമാന്‍ഡന്റ് ടി.പി.ഉണ്ണികൃഷ്ണന്‍ പരേഡ് നയിച്ചു. 

ഏറ്റവും മികച്ച പരേഡിനുള്ള പുരസ്‌കാരത്തിന് പൊലീസ് സേനാ വിഭാഗത്തില്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ്, കണ്ണൂര്‍, സീനിയര്‍ എന്‍സിസിഎസ്എന്‍ കോളജ് തോട്ടട, ജൂനിയര്‍ എന്‍സിസി ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സ്റ്റുഡന്റ് പൊലീസ് കാഡറ്റ് ജൂനിയര്‍മമ്പറം എച്ച്എസ്എസ്, സ്‌കൗട്ട്‌സ് കടമ്പൂര്‍ എച്ച്എസ്എസ്, ഗൈഡ്‌സ് എസ്എന്‍ ട്രസ്റ്റ് ഹൈസ്‌കൂള്‍ തോട്ടട, റെഡ് ക്രോസ് ബോയ്‌സ്‌സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ് കണ്ണൂര്‍, റെഡ് ക്രോസ് ഗേള്‍സ്‌സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസ് കണ്ണൂര്‍ എന്നീ പ്ലാറ്റൂണുകള്‍ അര്‍ഹരായി. 

ജനോപകാരപ്രദവും നൂതനവുമായ പദ്ധതികള്‍ ആവിഷ്‌കരിച്ചതിനുള്ള ജില്ലാ കലക്ടറുടെ മെഡലുകള്‍ നേടിയ ജില്ലാ ദാരിദ്ര്യ ലഘൂകരണ യൂനിറ്റ് പ്രൊജക്ട് ഡയറക്ടര്‍ കെ.എം.രാമകൃഷ്ണന്‍, ജില്ലാ ഇ-ഗവേണേഴ്‌സ് സൊസൈറ്റി ജില്ലാ പ്രൊജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണ, സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷനല്‍ ഹോം സൂപ്രണ്ട് എന്‍.എഫ്.നിര്‍മലാനന്ദന്‍ നായര്‍ എന്നീ മൂന്ന് വകുപ്പുകളുടെ മേധാവികളെ മന്ത്രി ആദരിച്ചു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി നാഷനല്‍ ട്രസ്റ്റ് ആക്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശികതല സമിതിയുമായി ചേര്‍ന്ന് രക്ഷിതാക്കളുടെ ബോധവത്കരണത്തിനായി പ്രവര്‍ത്തിച്ച എടക്കാട് പൊലീസ് സ്‌റ്റേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍.പി.വിനോദിനെയും ആദരിച്ചു. ദേശീയോദ്ഗ്രഥനം പ്രമേയമാക്കി നടന്ന ഫ്‌ളോട്ടുകളുടെ മത്സരത്തില്‍ എക്‌സൈസ് വകുപ്പ് ഒന്നാം സ്ഥാനം നേടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.