സിപിഎം ജില്ലാ സമ്മേളനം ഔദ്യോഗിക വിഭാഗം പ്രതിരോധത്തില്‍

Sunday 28 January 2018 1:18 am IST

 

കണ്ണൂര്‍: കണ്ണൂരില്‍ ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനത്തില്‍ ഔദ്യോഗിക പക്ഷത്തെ സംസ്ഥാന ജില്ലാ നേതാക്കള്‍ പ്രതിരോധത്തില്‍. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ നേതൃത്വം നേരത്തെ തന്നെ പ്രതിരോധത്തിലായിരുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം കീഴ്ഘടകങ്ങില്‍ റിപ്പോര്‍ട്ടിങും നടന്നിരുന്നു. 

സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണ ജാഥയില്‍ കോടികള്‍ വിലമതിക്കുന്ന കൂപ്പര്‍ കാര്‍ ഉപയോഗിച്ച് പ്രതിരോധത്തിലായ കോടിയേരി മകനെതിരെ  ഉയര്‍ന്നു വന്ന കോടികളുടെ സാമ്പത്തിക തിരിമറിയോടെ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. കോടിയേരിക്കെതിരെ ഇത്തരം വിഷയങ്ങള്‍ ജില്ലാ സമ്മേളനത്തില്‍ വ്യാപകമായി ഉന്നയിക്കപ്പെടുമെന്ന് ഉറപ്പാണ്. നേരത്തെ ഉണ്ടായിരുന്ന രണ്ട് വിരുദ്ധ ചേരികള്‍ക്ക് പുറമേ ഉയര്‍ന്നുവന്ന മൂന്നാംചേരി ഇതു സംബന്ധിച്ച് നേരത്തെ തന്നെ പാര്‍ട്ടിക്കകത്ത് വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.

സംസ്ഥാനമന്ത്രിസഭയിലെ നിരവധി മന്ത്രിമാര്‍ വ്യക്തിഗതമായ ആവശ്യത്തിന് വിദേശയാത്ര നടത്തിയകാര്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കണ്ണൂരില്‍ നിന്നുള്ള മന്ത്രിയും ഇത്തരത്തില്‍ ആരോപണത്തിന് വിധേയരായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവിതം ലളിതവും സുതാര്യവുമാകണമെന്ന് ദേശീയതലത്തില്‍ തന്നെ ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കുമ്പോഴും കണ്ണൂരില്‍ നിന്നുള്ള മന്ത്രി കെ.കെ.ശൈലജ പതിനായിരങ്ങള്‍ വിലമതിക്കുന്ന കണ്ണട ഉപയോഗിച്ചത് പാര്‍ട്ടിക്കകത്തും പുറത്തും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ ശൈലജയുടെ സാന്നിധ്യത്തില്‍ത്തന്നെ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. നേരത്തെ പാര്‍ട്ടി നേതൃത്വത്തിന്റെ കര്‍ശനമായ ഇടപെടലുകള്‍ കാരണം ഇത്തരം വിമര്‍ശനങ്ങള്‍ പരസ്യ ചര്‍ച്ചക്ക് വിധേയമായിരുന്നില്ല. എന്നാല്‍ നിലവില്‍ ഇത്തരം ഇരുമ്പുമറകളെ പരിഗണിക്കാതെ നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനുമായി ഒരുവിഭാഗം രംഗത്തുണ്ട്. ഇത്തരം വിമര്‍ശനങ്ങളെ തടയിടാന്‍ നേരത്തെ തന്നെ ശ്രമം നടന്നിരുന്നുവെങ്കിലും നേതാക്കളുടെ ആഡംബര ജീവിതവും മക്കളുടെ വഴിവിട്ട ജീവിതവും ചര്‍ച്ചക്ക് വിധേയമാകുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.