പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഇ-ഗവേണന്‍സ് നടപ്പാക്കും ലൈബ്രറികളെ ഡിജിറ്റൈസ് ചെയ്യും

Sunday 28 January 2018 1:24 am IST

 

കണ്ണൂര്‍: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ചാല ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ വികസനത്തിനായി തയ്യാറാക്കിയ 21 കോടി രൂപയുടെ വികസന മാസ്റ്റര്‍ പ്ലാനിന് സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം. സ്‌കൂളിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 

വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സമഗ്ര ഇ ഗവേണന്‍സ് പദ്ധതി നടപ്പിലാക്കി സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളെയും പരസ്പരം ബന്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂള്‍ ലൈബ്രറികളെ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കും. ലോകത്തിലെ ഏത് മികച്ച വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടിയോടും കിടപിടിക്കാവുന്ന പഠനനിലവാരത്തിലേക്ക് നമ്മുടെ കുട്ടികളെയും എത്തിക്കുകയെന്നതാണ് വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന് അനുസൃതമായ അക്കാദമികവും ഭൗതികവുമായ വികസനം യാഥാര്‍ത്ഥ്യമാക്കാനുതകുന്ന മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാവുന്നതോടെ മികവിന്റെ കേന്ദ്രമായി സ്‌കൂളിനെ മാറ്റാനാവുമെന്നും അദ്ദേഹം പറഞ്ഞു,

വിവിധ സ്ഥാപനങ്ങള്‍, വാര്‍ഡുകള്‍ വ്യക്തികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സ്‌കൂള്‍ വികസന നിധിയിലേക്ക് നല്‍കിയ സംഭാവന മുഖ്യമന്ത്രി ഏറ്റുവാങ്ങി. ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി എംപി, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ലക്ഷ്മി, കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശന്‍, ജനപ്രതിനിധികള്‍, പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.