ജയരാജന്റെ മകന് ശുചിമുറി അനുവദിക്കാത്തതിന് സസ്‌പെന്റ് ചെയ്ത എഎസ്‌ഐയെ തിരിച്ചെടുത്തു

Sunday 28 January 2018 1:25 am IST

 

മട്ടന്നൂര്‍: സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിനെ ശുചിമുറി അനുവദിക്കാത്തതിന്റെ പേരില്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട എഎസ്‌ഐയെ തിരിച്ചെടുത്തു. 

ജയരാജന്റെ മകന്‍ ആശിഷ് പി രാജിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സസ്‌പെന്റ് ചെയ്ത മട്ടന്നൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ കെ.എം.മനോജ് കുമാറിനെയാണ് സര്‍വ്വീസില്‍ തിരിച്ചെടുത്തത്. കഴിഞ്ഞ 18 നാണ് ജില്ലാ പോലീസ് മേധാവി മനോജിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന് പിന്നാലെ മനോജിനെ മാലൂര്‍ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

ബംഗളൂരുവില്‍ നിന്നും മട്ടന്നൂരിലെത്തിയ 11 അംഗ സംഘം സ്റ്റേഷനിലെത്തി ശുചിമുറി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബസ് സ്റ്റാന്റില്‍ പൊതുജനങ്ങള്‍ക്കായുള്ള കംഫര്‍ട്ട് സ്റ്റേഷനുണ്ടെന്നും ഇവിടെ സൗകര്യമില്ലെന്നും പറഞ്ഞ് ആശിഷ് രാജിനെ മടക്കിയയച്ചപ്പോള്‍ ഇയാള്‍ എഎസ്‌ഐയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ആശിഷ് രാജ് തന്നെ ഡ്യൂട്ടിയിലുളള എഎസ്‌ഐ കയ്യേറ്റം നടത്താന്‍ ശ്രമിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐ എ.വി.ജോണ്‍ അന്വേഷണം നടത്തി ഇരിട്ടി ഡിവൈഎസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. യുഡിഎഫ് അനുകൂല സംഘടനയുടെ ജില്ലാ ഭാരവാഹിയായിരുന്നു എഎസ്‌ഐ മനോജ്. 

സ്റ്റേഷനിലെത്തിയ ആശിഷ് രാജിന്റെ ഷര്‍ട്ടിന്റെ കോളര്‍ മനോജ് കുമാര്‍ പിടിച്ചുവലിക്കുന്ന സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മനോജിന്റെ സസ്‌പെന്‍ഷന്‍ പെട്ടെന്ന് പിന്‍വലിച്ചതെന്നും പറയുന്നു. പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ മനോജ് കുമാര്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ആശിഷ് രാജിന്റെ ഭാഗത്താണ് പിഴവുണ്ടായതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരിയായിരുന്ന അനുപമയുടെ മൊഴിയും ആശിഷ് രാജിന് എതിരായിരുന്നു. സംഭവദിവസം ആശിഷ് രാജും സംഘവും സ്റ്റേഷനില്‍ കയറി വന്ന് ജിഡി ചാര്‍ജ്ജുള്ള എഎസ്‌ഐ മനോജ് കുമാറിനോട് ശൗചാലയം ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ധാര്‍ഷ്ട്യത്തോടെ ആവശ്യപ്പെട്ടു എന്നായിരുന്നു ഇടതുപക്ഷ യൂണിയനില്‍പ്പെട്ട ഈ പോലീസുകാരിയുടെ മൊഴി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.