ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഓഫീസ് മേധാവികള്‍ ശ്രദ്ധ പുലര്‍ത്തണം: ജില്ലാ വികസന സമിതി

Sunday 28 January 2018 1:26 am IST

 

കണ്ണൂര്‍: വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ യഥാസമയം പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് എല്ലാ ജില്ലതല ഉദ്യോഗസ്ഥരും പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ജില്ലാ വികസന സമിതി (ഡിഡിസി) യോഗം നിര്‍ദേശിച്ചു. നിയമനങ്ങള്‍ കാലതാമസമില്ലാതെ നടത്തുന്നതിന് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന് കഴിഞ്ഞ ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചിരുന്നു. ജില്ലയിലെ 50 ഓഫീസുകളില്‍ നിന്ന് ഒഴിവുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തതായി മറുപടി ലഭിച്ചു. ബാക്കി ഓഫീസുകളും അടിയന്തരമായി ജില്ലാ വികസന സമിതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയമനക്കാര്യം സര്‍ക്കാര്‍ ഏറെ ഗൗരവമായാണ് കാണുന്നതെന്നും അതിനനുസരിച്ചുള്ള നടപടികള്‍ ഓഫീസ് മേധാവികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച എഡിഎം ഇ മുഹമ്മദ് യൂസഫ് നിര്‍ദേശിച്ചു. ഭരണപരിഷ്‌ക്കാര വകുപ്പിന്റെ കീഴിലുള്ള അഡ്മിനിസ്േട്രറ്റീവ് വിജിലന്‍സ് സെല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച പരിശോധനക്കായി ജില്ലയിലെ ഓഫീസുകള്‍ സന്ദര്‍ശിച്ച കാര്യം എഡിഎം ചൂണ്ടിക്കാട്ടി.

പഴശ്ശി കനാലിന്റെ ഭാഗമായ ജലാശയത്തില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യകൃഷി നടത്തുന്നതിന് ഫിബ്രവരി 5നകം സ്ഥലം അളന്നുതിരിച്ചു നല്‍കാന്‍ നടപടി സ്വീകരിച്ചതായി എഡിഎം അറിയിച്ചു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി തഹസില്‍ദാര്‍ അറിയിച്ചിട്ടുണ്ടെന്നും എഡിഎം പറഞ്ഞു. ഏഴോം ഗ്രാമ പഞ്ചായത്തില്‍ ഡിടിപിസിയുടെ വിനോദ സഞ്ചാര വികസന പദ്ധതിക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കിയ വിഷയം പരിഹരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി, ഡിടിപിസി സെക്രട്ടറി, ടൗണ്‍ പ്ലാനര്‍ എന്നിവരടങ്ങിയ സമിതിയെ യോഗം നിശ്ചയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.