കടല്‍ നിയമം ലംഘിച്ച് കരവലി നടത്തിയ 3 ബോട്ടുകള്‍ കസ്റ്റഡിയില്‍

Sunday 28 January 2018 1:28 am IST

 

തലശ്ശേരി: തീരത്ത് നിന്നും 5 നോട്ടിക്കല്‍ മൈല്‍ അകലത്തിനുള്ളില്‍ ബോട്ടുകള്‍ മീന്‍ പിടിക്കാന്‍ പാടില്ലെന്ന കടല്‍ നിയമം ലംഘിച്ച് കരവലി എന്ന മത്സ്യബന്ധനം നടത്തിയതിന് മൂന്ന് ബോട്ടുകള്‍ തലായി തീരദേശ പോലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കോഴിക്കോട്ടെ പുതിയാപ്പ, മാഹി ചോമ്പാല്‍ സ്വദേശികളുടെ ബോട്ടുകളാണ് സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ്‌ഐമാരായ വ്രജനാഥ്, സുനില്‍കുമാര്‍, ജയപ്രകാശ്, രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അടുത്ത ദിവസങ്ങളിലായി പിടികൂടിയത്. ഇവ പിന്നീട് ഫിഷറീസ് വകുപ്പിന് കൈമാറി. കസ്റ്റഡിയിലെടുത്തവയില്‍ ഒന്ന് ഉടമയെത്തി പിഴ ഒടുക്കിയ ശേഷം മോചിപ്പിച്ചു. കസ്റ്റഡിയിലെടുക്കുമ്പോള്‍ ബോട്ടിലുണ്ടാവുന്ന മത്സ്യം ഉദ്യോഗസ്ഥര്‍ ലേലം ചെയ്ത് വില്‍ക്കുകയും ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ നാലിരട്ടി തുകയാണ് പിഴ അടക്കേണ്ടത്. തലശ്ശേരി കടല്‍ മേഖലയിലിപ്പോള്‍ തലായി തീരദേശ പോലിസ് നിരീക്ഷണ ബോട്ട് രാപ്പകല്‍ പെട്രോളിംഗ് നടത്തി വരുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.