ഉണർന്നിരിപ്പിന്റെ ആവേശവും ആത്മീയതയും

Sunday 28 January 2018 10:06 am IST

        അതൊരു സംഘാതത്തിന്റെ ആവേശമാണ്.പക്ഷേ എല്ലാ ആശയങ്ങള്‍ക്കും അപ്പുറം.ഒഴുക്കുവെള്ളം സായാഹ്നത്തോടൊപ്പമല്ല പ്രഭാതത്തിലെ കാറ്റിനൊപ്പം.ഒരു വഴിയുണ്ട്. ഒരു നിമിഷം ജനത്തോടൊപ്പം കഴിയുക.ഇപ്പോള്‍ ഇത് പക്ഷിപ്പാട്ടിനൊപ്പം നമ്മള്‍ ആയിരിക്കുംപോലെ.നേര്‍ത്ത കാറ്റ്.നിശ്വാസം മാത്രം...ഇത് റൂമിയുടെ ഒരു കവിതയാണ്.ഇതിലൊരു ഉണര്‍ന്നിരിപ്പിന്റെ ആവേശവും ആത്മീയതയുമുണ്ട്.ഒരിക്കലും പിന്നിലേക്കുപോയി ഉറങ്ങരുതെന്ന് റൂമി ആഹ്വാനം ചെയ്യുന്നു.നിങ്ങളുടെ യഥാര്‍ഥ ആവശ്യം എന്തെന്ന് നിങ്ങള്‍ വിളിച്ചു പറയുക എന്ന് അദ്ദേഹം പറയുന്നുണ്ട്.നമ്മുടെ ശരിയായ ആവശ്യം എന്താണെന്നറിയുന്നത് തന്നെത്തന്നെ അറിയുക എന്നതാണെന്ന് നാം മനസിലാക്കുന്നു.

        ഇത്തരം ഉണര്‍വുകളും ആവേശവും കണ്ടെത്തലുകളുമൊക്കെയാണ് മറ്റു മതങ്ങളും ആവശ്യപ്പെടുന്നത്.ഓരോ മതത്തോടും ചേര്‍ന്ന് അതിന്റേതായ ഒരു ആത്മീയതയുണ്ട്.അതിനെ ഏതെങ്കിലും പേരു പറഞ്ഞോ യുക്തികൊണ്ടോ നിഷേധിക്കാന്‍ കഴിയില്ല.സൂഫിസം എത്രത്തോാളം സ്വതന്ത്രമാണെന്നു പറയുമ്പോഴും ഇസ്ലാം എന്ന മതത്തോടു ചേര്‍ന്നു നില്‍ക്കാതെ സൂഫിസത്തിനു നിലനില്‍പ്പില്ല.കാരണം ഇസ്ലാമിന്റെ ദര്‍ശനമാണ് സൂഫിസം. എന്നാല്‍ ആ ദര്‍ശനത്തില്‍ മാത്രമായി ഒതുങ്ങതല്ല സൂഫിസം.അതിര്‍ത്തികളില്ലാത്ത അനന്തമായ സ്വാതന്ത്ര്യത്തിന്റെ അപാരതയാണ് സൂഫിസം എന്നാണ് റൂമി പറയുന്നത്.

        എന്നാല്‍ സൂഫിസത്തിന്റെ യഥാര്‍ഥ സ്രോതസ് എവിടെനിന്നാണെന്നത് ഇപ്പഴും തര്‍ക്കമുണര്‍ത്തുന്നുണ്ട്.പല രീതികളുണ്ട് സൂഫിസത്തിന്.പ്രവാചക കുടുംബം അനുവര്‍ത്തിച്ചുവന്നിരുന്ന രീതികളുണ്ട്.ചിലതാകട്ടെ ജ്ഞാന സിദ്ധാന്തങ്ങളോടെ കൈമാറിവന്നു പരിണമിച്ചതാകാനും വഴിയുണ്ട്.പക്ഷേ ഇസ്ലാമിനു മുന്നേ ഉണ്ടായതാണ് സൂഫിസം എന്ന വാദത്തോട് ഒരിക്കലും പൊരുത്തപ്പെടാനാവില്ല.ഇസ്ലാമിനോടു ചേര്‍ന്നു നില്‍ക്കുന്ന അതിന്റെ ദര്‍ശനമാണ് സൂഫിസം എന്നതുകൊണ്ട് അത്  ഇസ്ലാമിനു മുന്‍പ് കടന്നുവന്നതാണെന്നുള്ളത്  ആരുടേയോ ഭാവനമാത്രമാണ്.ഇങ്ങനെ ഭാവനയില്‍ ആഘോഷിക്കപ്പെടുന്ന പല നിര്‍മിതികളും സൂഫിസത്തോടു ബന്ധപ്പെട്ടുകിടക്കുന്നുണ്ട്.എന്നാല്‍ ഇത്തരം അസ്ഥാന നിര്‍മിതികളില്‍നിന്നും മോചനം ഉണ്ടാകുന്നത് മാറാനാവാത്ത മൂല്യങ്ങളുടെ പരാഗണം ഉണ്ടാകുമ്പോഴാണ്.പക്ഷേ ഇതിനുള്ള പൂമ്പൊടികള്‍ പലപ്പോഴും ശലഭങ്ങള്‍ക്കു കിട്ടാതെ വരുന്നുണ്ട്. ഇത്തരം ശലഭസാധ്യതകള്‍ വട്ടമിട്ടു പറക്കുന്ന ചുറ്റുവട്ടങ്ങളാണ് ആവശ്യം.അതിനു പ്രശാന്തവും നിശബ്ദതയുടെ പീലിച്ചിറകും ചേക്കേറുന്ന ഇടംവേണം.അതിന്റെ പ്രകൃതി സ്‌നേഹവും കാരുണ്യവുമാണ്.

        പക്ഷേ ഇന്നു ഇസ്ലാം വളരുന്നുവെന്നു പറയുമ്പോഴും അതു പക്ഷേ ജനസംഖ്യയിലാണ്.വരുംനാളുകളില്‍ ലോകജനസംഖ്യയില്‍ മുന്നില്‍വരുന്നത് ഇസ്‌ലാമായിരിക്കാം.പക്ഷേ മൂല്യമില്ലാത്ത വളര്‍ച്ച യഥാര്‍ഥത്തില്‍ വലിയൊരു തളര്‍ച്ചതന്നെയായിരിക്കും.ബൈബിളില്‍ ധൂര്‍ത്തുപുത്രന്റെ കഥപറഞ്ഞപോലെയും മഹാഭാരത യുദ്ധത്തിനു കാരണക്കാരായ നൂറ്റുവരെപ്പോലെയുമാകും അത്.തഴച്ചുവളര്‍ന്ന വലിയ വൃക്ഷത്തില്‍ ഇത്തിക്കണ്ണിപിടിച്ചാല്‍ എന്തുചെയ്യും!ഇതാണ് ആ വലിയ വളര്‍ച്ചകൊണ്ടുണ്ടാകുന്നത്.മറ്റുള്ളവരോടു യുദ്ധചെയ്തു അവരെതോല്‍പ്പിച്ച്  അടിമകളാക്കി ഇസ്ലാം ലോകത്തെ ഭരിക്കുമെന്ന സ്വപ്‌നമാണോ ഈ കേവലം ജനസംഖ്യാവര്‍ധനകൊണ്ടുദ്ദേശിക്കുന്നത്.

       എന്നാല്‍ അധികം ആകുന്നതുമാത്രമല്ല നിറയല്‍.നിറഞ്ഞു കഴിഞ്ഞാല്‍ എന്തുചെയ്യും.സൂഫിസം ഇത്തരം നിറയലുള്ള അല്ലെങ്കില്‍ നിറഞ്ഞു കവിഞ്ഞ മഹാശൂന്യതയെക്കുറിച്ചു പറയുന്നുണ്ട്.ശൂന്യത ഒന്നും ഇല്ലായ്മയല്ല.ഇല്ലായ്മയെന്ന നിറയലാണ്.അതിന് ഒഴിഞ്ഞ എന്നവാക്കുപോര.ശൂന്യതയില്‍ ആയിരിക്കുക എന്നത് വലിയൊരു നിറവേറലാണ്.സൂഫിസത്തിന്റെ ശരിയായ നിറയല്‍ ഈ മഹത്തായ ശൂന്യതയാണ്.റൂമി ഈ മഹത്വം അനുഭവിച്ച ആളാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.