ആര്‍എസ്എസ് പ്രാന്തീയ കാര്യകര്‍തൃ ശിബിരത്തിന് ഇന്ന് സമാപനം

Sunday 28 January 2018 10:35 am IST

പാലക്കാട് :രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രാന്തീയ കാര്യകര്‍തൃ ശിബിരം ഇന്ന് സമാപിക്കും .വൈകിട്ട് നടക്കുന്ന സമാപന സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ . മോഹന്‍ ഭാഗവത് പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും

മൂന്ന് ദിവസങ്ങളിലായി പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിലാണ് ശിബിരം നടക്കുന്നത്. വാര്‍ഷിക സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടക്കുന്ന ശിബിരത്തില്‍ പഞ്ചായത്ത് തലത്തിന് മുകളില്‍ ചുമതലയുള്ള കാര്യകര്‍ത്താക്കളാണ് പങ്കെടുക്കുന്നത്.സംഘ പരിവാര്‍ സംഘടനകളുടെ സംസ്ഥാന ചുമതലയുള്ളവരും ശിബിരത്തില്‍ പങ്കെടുക്കുന്നുണ്ട്.

ആര്‍എസ്എസിന്റെ അഖില ഭാരതീയ ചുമതലയുള്ളവരും ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങില്‍ സന്നിഹിതരാകും . സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കും സേവാ പ്രവര്‍ത്തനങ്ങള്‍ക്കും കാര്യകര്‍ത്താക്കളെ സജ്ജമാക്കാനും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും ലക്ഷ്യമിട്ടാണ് സര്‍സംഘചാലക് മുഴുവന്‍ സമയവും പങ്കെടുക്കുന്ന ശിബിരം സംഘടിപ്പിച്ചത്.

അതേസമയം ശിബിരത്തിന്റെ ഭാഗമായി ഇന്നലെ പ്രൗഢഗംഭീരമായ പഥസഞ്ചലനം നടന്നു.ശിബിരം നടക്കുന്ന കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ സര്‍സംഘ ചാലക് മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തില്‍ ഭഗവത് ധ്വജമുയര്‍ത്തിയ ശേഷമാണ് ഏഴായിരത്തോളം കാര്യകര്‍ത്താക്കള്‍ പങ്കെടുത്ത പഥസഞ്ചലനം നടന്നത്.

പഥസഞ്ചലനം രണ്ട് വിഭാഗമായി തിരിഞ്ഞ് സംസ്ഥാന പാതയിലൂടെ പാലക്കാട് ഭാഗത്തേക്കും ഒരു വിഭാഗം ഒറ്റപ്പാലം ഭാഗത്തേക്കുമാണ് പ്രയാണം ചെയ്തത്.പഥസഞ്ചലനം ശിബിരത്തിലെ സംഘസ്ഥാനില്‍ തന്നെ സമാപിച്ചു. 10 ലധികം ഘോഷ് സംഘങ്ങള്‍ അണിനിരന്ന പഥസഞ്ചലനം വീക്ഷിക്കാന്‍ പാതയ്ക്കിരുവശവും നൂറുകണക്കിന് ജനങ്ങളാണ് തടിച്ചു കൂട്ടിയത്

വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ 1600 മണ്ഡലങ്ങളില്‍ നിന്നായി ഏഴായിരത്തോളം കാര്യകര്‍ത്താക്കള്‍ പങ്കെടുക്കുന്ന ശിബിരം ആരംഭിച്ചത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.