പ്രസിദ്ധിയല്ല, പ്രവര്‍ത്തിയാണ് പ്രധാനം

Sunday 28 January 2018 12:33 pm IST

ന്യൂദല്‍ഹി: പദ്മപുരസ്‌കാരങ്ങളില്‍ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുരസ്‌കാരം നല്‍കുന്നതിന് വ്യക്തിയുടെ പ്രസിദ്ധിയല്ല, പ്രവൃത്തിയാണ് കണക്കിലെടുത്തതെന്ന് പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്തില്‍ അദ്ദേഹം പറഞ്ഞു. മൂന്നു വര്‍ഷമായി പുരസ്‌കാരങ്ങള്‍ നല്‍കുന്ന രീതിക്ക് മാറ്റം വരുത്തി. ആര്‍ക്കും ആരെയും നാമനിര്‍ദ്ദേശം ചെയ്യാം. നടപടികള്‍ ഓണ്‍ലൈനായതിനാല്‍ സുതാര്യതയുമുണ്ട്. മാധ്യമങ്ങളിലെ പതിവു മുഖങ്ങളല്ലാത്തവര്‍ക്കും ഇപ്പോള്‍ ശുപാര്‍ശയില്ലാതെ പുരസ്‌കാരങ്ങള്‍ ലഭിക്കുന്നു, മോദി ചൂണ്ടിക്കാട്ടി. സെലിബ്രിറ്റികള്‍ക്കും വ്യവസായികള്‍ക്കും പകരം സമൂഹത്തെ സേവിക്കുന്ന പ്രശസ്തരല്ലാത്ത നിരവധിയാളുകള്‍ക്ക് ഇത്തവണ പദ്മ പുരസ്‌കാരം നല്‍കിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 

 ഈ വര്‍ഷത്തെ ആദ്യ മന്‍ കീ ബാത്തില്‍ സ്ത്രീ ശാക്തീകരണത്തിനാണ് മോദി ഊന്നല്‍ നല്‍കിയത്. ബഹിരാകാശയാത്ര നടത്തിയ കല്‍പനാ ചൗളയുടെ ഓര്‍മ്മദിനമാണ് ഫെബ്രുവരി ഒന്നെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സ്ത്രീശക്തിക്ക് പരിധികളില്ലെന്ന സന്ദേശം നല്‍കിയാണ് അവര്‍ വിടപറഞ്ഞതെന്നും ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ എല്ലാ മേഖലകളിലും മുന്നേറുന്നുണ്ട്. പ്രാചീന കാലത്ത് നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ക്കുണ്ടായിരുന്ന ആദരവ് ലോകത്തെ ആശ്ചര്യപ്പെടുത്തുന്നതാണ്. ഭാരതീയ വിദുഷികളുടെ നീണ്ട പരമ്പരതന്നെയുണ്ട്. ഒരു മകള്‍ പത്തു പുത്രന്മാര്‍ക്കു തുല്യമാണെന്ന് പറയുന്ന പുരാണങ്ങള്‍ സ്ത്രീകളുടെ മഹത്വത്തെയാണ് കാണിക്കുന്നത്. അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് ശക്തിയുടെ പദവി നല്‍കിയത്. 

വൈദികകാലത്തെ വിദുഷികളായ ലോപാമുദ്ര, ഗാര്‍ഗി, മൈത്രേയി എന്നിവരുടെ പാണ്ഡിത്യവും അക്കാമഹാദേവിയുടെയും മീരാബായിയുടെയും അറിവും ഭക്തിയും അഹല്യാബായി ഹോള്‍ക്കറുടെ ഭരണനൈപുണ്യവും റാണി ലക്ഷ്മീബായിയുടെ ധൈര്യവും എന്നും പ്രചോദനമാണ്. റിപ്പബ്ലിക്ദിന പരേഡില്‍ ബിഎസ്എഫിലെ സീമാ ഭവാനി സംഘത്തിന്റെ സാഹസിക പ്രകടനം ഏവരെയും ആശ്ചര്യപ്പെടുത്തി. ശാക്തീകരണം, സ്വയം പര്യാപ്തതയുടെ രൂപമാണ്. സ്ത്രീകള്‍ ഇന്ന് സ്വയം പര്യാപ്തത നേടുകയാണ്. ഗാന്ധിജിയുടെ ചിന്തകള്‍ വെറും സിദ്ധാന്തങ്ങളല്ലായിരുന്നുവെന്നും ഭാരതത്തെ മുന്നോട്ട് നയിക്കാനുള്ള ശരികളായിരുന്നുവെന്നും അദ്ദേഹത്തിന്റെ രക്തസാക്ഷി ദിനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.