കോട്ടയം: പോലീസ് സ്റ്റേഷനില്‍ കയറി ആക്രമണം നടത്തുന്നവര്‍ ആരായാലും അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പോലീസിന്റെ വ്യത്യാസമല്ല, പ്രവര്‍ത്തനമാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ പോലീസും തിരുവഞ്ചൂരിന്റെ പോലീസും തമ്മില്‍ വ്യത്യാസമില്ലെന്ന കെ.സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കണ്ണൂരിലുണ്ടായ സംഭവത്തെ കുറിച്ച് ഐ.ജി അന്വേഷിക്കും. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടിയുണ്ടാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഭീഷണിപ്പെടുത്തി കാര്യം നേടുന്ന കാലം പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കണ്ണൂര്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍ എസ്.ഐക്കെതിരെ സുധാകരന് എം.പി അസഭ്യവര്‍ഷം നടത്തിയിരുന്നു. മണല്‍ കടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
പോലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ കെ.സുധാകരന്റെ നേതൃത്വത്തിലെത്തിയ സംഘം മോചിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: