സ്‌കാനിംഗ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ച സംഭവം: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Sunday 28 January 2018 4:42 pm IST

മുംബൈ: എംആര്‍ഐ സ്‌കാനിംഗ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ക്കും രണ്ട് ആശുപത്രി സ്റ്റാഫിനും സസ്‌പെന്‍ഷന്‍. ഡോ.സിദ്ധാന്ത് ഷാ, വാര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന സ്റ്റാഫ് വിത്തല്‍ ചവാന്‍, സുനിത സുര്‍വെ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 

മുംബൈ സെന്‍ട്രലിലെ നായര്‍ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബന്ധുവിനെ ശുശ്രൂഷിക്കാനെത്തിയ 32 കാരനായ രാജേഷ് മരുവിനാണ് ദാരുണാന്ത്യം. ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജേഷിന്റെ ബന്ധുവിന് എംആര്‍ഐ സ്‌കാനിംഗ് ചെയ്യണമെന്ന് നിര്‍ദേശിച്ചത് അനുസരിച്ച് സ്‌കാനിംഗ് നടത്തുന്ന മുറിയിലേക്ക് രോഗിക്കൊപ്പം രാജേഷും എത്തി. രോഗിയുടെ ഓക്‌സിജന്‍ സിലിണ്ടര്‍ രാജേഷായിരുന്നു പിടിച്ചിരുന്നത്. സ്‌കാനിംഗ് മെഷീനിന്റെ അടുത്ത് നിന്ന രാജേഷ് മെഷീനിന് ഉള്ളിലേക്ക് വലിച്ചെടുക്കപ്പെടുകയായിരുന്നു. മെഷീനിന്റെ കാന്തിക ബലം മൂലമാണ് അപകടം സംഭവിച്ചതെന്നാണ് സൂചന. 

ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ രാജേഷിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. ആദ്യഘട്ടത്തില്‍ ഇവരുടെ പ്രതിഷേധം ആശുപത്രി അധികൃതര്‍ മുഖവിലയ്ക്ക് എടുത്തില്ല. എന്നാല്‍, സംഭവം വാര്‍ത്തയായതോടെ അധികൃതര്‍ക്ക് മേല്‍ സമ്മര്‍ദ്ദമേറി. മരിച്ച രാജേഷിന്റെ കുടുംബത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.