പ്രതികാരത്തിന്റെ പാഴ്‌സല്‍ ബോംബില്‍ ജീവന്‍ നഷ്ടപ്പെട്ടത് മകന്

Sunday 28 January 2018 5:44 pm IST

ഭോപ്പാല്‍: അച്ഛനെ ലക്ഷ്യമിട്ട് ഒരുക്കിയ പ്രതികാരത്തിന്റെ പാഴ്‌സല്‍ ബോംബില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഡോക്ടറായ മകന്റെ. അതും വിവാഹ നിശ്ചയദിവസം. മുപ്പതുകാരനായ ഡോ. റിതേഷ് ദീക്ഷിതിന്റെ വിവാഹ നിശ്ചയം ഇന്നലെ നടക്കേണ്ടതായിരുന്നു. എന്നാല്‍ സാഗര്‍ ജില്ലയിലെ ആ വീട് ഇപ്പോഴും ആ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തമായിട്ടില്ല. 

ജനുവരി 25ന് ഉച്ചയ്ക്കാണ് റിതേഷിന്റെ അച്ഛന്റെ പേരിലുള്ള പാഴ്‌സല്‍ വീട്ടില്‍ കിട്ടിയത്. പെട്ടി തുറന്നപ്പോള്‍ അതില്‍ ഒരു എഫ്എം റേഡിയോ. സാഗറിലെ ആശുപത്രയില്‍ ജോലി ചെയ്യുന്ന റിതേഷിന്റെ ചില സുഹൃത്തുക്കള്‍ വിവാഹനിശ്ചയത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു വീട്ടിലുണ്ടായിരുന്നു. റേഡിയോ ഓണ്‍ ചെയ്യാന്‍ റിതേഷ് ശ്രമിച്ചപ്പോള്‍ അതു പൊട്ടിത്തെറിച്ചു. 

ഗുരുതരമായി പരിക്കേറ്റ റിതേഷിനെ ഭോപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിവഹം നിശ്ചയിച്ചിരുന്ന ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സാഗര്‍ മെയിന്‍ പോസ്റ്റോഫീസില്‍ സൂപ്രണ്ടായ അച്ഛന്‍ കെ.കെ. ദീക്ഷിതിനോടുള്ള വിദ്വേഷം തീര്‍ക്കാന്‍ അതേ ഓഫീസിലെ ഒരു മുന്‍ താത്ക്കാലിക ജീവനക്കാരന്‍ ആഷിഷ് സാഹു ആസൂത്രണം ചെയ്ത സ്‌ഫോടനത്തിലാണ് റിതേഷ് കൊല്ലപ്പെട്ടത്. ആഷിഷിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. 

ഏതാനും വര്‍ഷം മുമ്പ് 38 ലക്ഷം രൂപയുടെ തട്ടിപ്പിനു ശ്രമിച്ച ആഷിഷിനെ ദീക്ഷിത് ജോലിയില്‍ നിന്നു പുറത്താക്കിയിരുന്നു. മൂന്നു ലക്ഷം രൂപ ആഷിഷില്‍ നിന്നു പിടിച്ചെടുത്തു. ദീക്ഷിതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഷിഷിനെതിരെ പോലീസ് കേസെടുത്തു.

ഇതിനു പകരം ചോദിക്കാനാണ് സുഹൃത്തിന്റെ സഹായത്തോടെ പാഴ്‌സല്‍ ബോംബ് ആസൂത്രണം ചെയ്തത്. ഇന്റര്‍നെറ്റില്‍ തെരഞ്ഞാണ് റേഡിയോയില്‍ ബോംബു ഘടിപ്പിക്കുന്ന രീതി പഠിച്ചതെന്ന് ആഷിഷ് പറഞ്ഞു. നമക് മണ്ഡി എന്ന സ്ഥലത്തെ പോസ്റ്റ് ഓഫീസില്‍ നിന്ന് പാഴ്‌സല്‍ അയക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയതാണ് ആഷിഷിലേക്ക് പോലീസിനെ എത്തിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.