കലാപക്കേസുകള്‍ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിക്കുന്നു; വര്‍ഗീയപ്രീണനമെന്ന് ബിജെപി

Sunday 28 January 2018 6:29 pm IST

ബെംഗളൂരു: ഇസ്ലാമിക സംഘടനകളെ പ്രീതിപ്പെടുത്താന്‍ വര്‍ഗ്ഗീയ ലഹള കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വര്‍ഗ്ഗീയ കലാപങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നിലനില്‍ക്കുന്ന കേസുകള്‍ പിന്‍വലിക്കാനുള്ള സാധ്യത ആരാഞ്ഞ് ജില്ലാ പോലീസ് മേധാവികള്‍ക്കും പോലീസ് കമ്മീഷണര്‍മാര്‍ക്കും സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 

സര്‍ക്കാരിന്റെ ഈ നീക്കം കലാപ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ചില മുസ്ലീം സംഘടനകളെ സഹായിക്കാനാണെന്നാണ് ബിജെപിയുടെ ആരോപണം. ഐജി ശിവപ്രകാശാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.  ന്യൂനപക്ഷങ്ങളില്‍ നിന്ന് വോട്ട് തട്ടാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ പുതിയ നീക്കം മാത്രമാണിതെന്നും ഗൗരവമുള്ള കേസുകളില്‍ അകപ്പെട്ടിട്ടുള്ള കുറ്റവാളികളെ വോട്ടിന് വേണ്ടി വിട്ടയക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടു കൊണ്ടിരിക്കുകയാണെന്നും ബിജെപി എംപി ശോഭ കരന്ത്‌ലാജെ പറഞ്ഞു. 

കോണ്‍ഗ്രസ് സര്‍ക്കാരിന്റേത് വര്‍ഗ്ഗീയ രാഷ്ട്രീയമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ കെ.എസ് ഈശ്വരപ്പ പറഞ്ഞു. സിദ്ധരാമയ്യക്ക് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിഷാദരോഗം പിടിപെട്ടിരിക്കുകയാണെന്നായിരുന്നു മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായ ഡിവി. സദാനന്ദ ഗൗഡയുടെ പ്രതികരണം. എന്നാല്‍ മുസ്ലീമുകള്‍ക്കെതിരെയുള്ള കേസുകള്‍ മാത്രമല്ല കര്‍ഷകര്‍ക്കും കന്നട ആക്ടിവിസ്റ്റുകള്‍ക്കും എതിരെയുള്ള കേസുകളും പിന്‍വലിക്കുവാനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് സിദ്ധരാമയ്യയുടെ ന്യായീകരണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.