രോഗികളെ വലച്ച് ചികിത്സാവിഭാഗം മാറ്റി

Monday 29 January 2018 2:00 am IST

 

വണ്ടാനം:  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അസ്ഥിരോഗം, ശസ്ത്രക്രിയാ വിഭാഗങ്ങളുടെ ഒപികള്‍ മാറ്റി സ്ഥാപിച്ചത് രോഗികളെ ദുരിതത്തിലാക്കി. ബി ബ്ലോക്കില്‍ അത്യാഹിത വിഭാഗം കെട്ടിടത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഒപികളാണ് 300 ഓളം മീറ്റര്‍ അകലെയുള്ള വിശ്രമ കേന്ദ്രത്തിലേക്ക് മാറ്റിയത്. 

  കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്തുന്നെന്ന കാരണം പറഞ്ഞാണ് ഈ രണ്ടു വിഭാഗങ്ങളുടെയും പ്രവര്‍ത്തനം  വിശ്രമകേന്ദ്രത്തിലേക്ക് മാറ്റിയത്. എന്നാല്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തോട് ചേര്‍ന്ന് മറ്റു കെട്ടിടങ്ങള്‍ ഒഴിഞ്ഞു കിടന്നിട്ടും രോഗികളെ വലച്ച് അസ്ഥിരോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനം അകലെയുള്ള കെട്ടിടത്തിലേക്ക് മാറ്റിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  നട്ടെല്ലിന് ക്ഷതമേറ്റും, കൈകാല്‍ ഒടിഞ്ഞും മറ്റും അവശനിലയിലായ രോഗികളെ വീല്‍ ചെയറില്‍ ഇരുത്തി 300 മീറ്ററോളം താണ്ടി വിശ്രമകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഒപിയില്‍ എത്തിക്കേണ്ടി വരുന്നത് രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്നു.

  പരിശോധനക്ക് ശേഷം എക്‌സറേയൊ, സ്‌കാനിങോ  നിര്‍ദ്ദേശിച്ചാല്‍  രോഗികളെ വീണ്ടും അത്യാഹിത വിഭാഗത്തില്‍ സ്ഥിതി ചെയ്യുന്ന ലാബില്‍ എത്തിക്കണം. മാറ്റി സ്ഥാപിച്ച ഒപി വിഭാഗങ്ങളില്‍ അറ്റന്‍ഡര്‍മാരെ നിയമിക്കാത്തതിനാല്‍ രോഗികളെ വീല്‍ച്ചെയറിലും, ട്രോളിയിലും കിടത്തി പരിശോധനക്കായി എത്തിക്കേണ്ട ചുമതലയും ബന്ധുക്കള്‍ക്കാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.