ഈ ലോകം അക്ഷര ബ്രഹ്മത്തില്‍ നിന്ന്

Monday 29 January 2018 2:40 am IST

മുണ്ഡകോപനിഷത്ത്-4 

അക്ഷരബ്രഹ്മം എല്ലാ ജീവജാലങ്ങള്‍ക്കും കാരണമാണെന്ന് വ്യക്തമാക്കാന്‍ ഉദാഹരണങ്ങള്‍ നിരത്തുന്നു-

യഥോര്‍ണ്ണനാഭിഃ സൃജതേ ഗൃഹ്ണതേവ

യഥാ പൃഥിവ്യാമോഷധയഃ സംഭവന്തി

യഥാ സതഃ പുരുഷാത് കേശലോമാനി

തഥാക്ഷരാത് സംഭവതീഹ വിശ്വം

എപ്രകാരമാണോ എട്ടുകാലി തന്നില്‍നിന്നുള്ള നൂലുകൊണ്ട് വലകെട്ടുകയും നൂലിനെ തിരിച്ച് തന്നിലേക്ക് എടുക്കുകയും ചെയ്യുന്നത്, എപ്രകാരമാണോ ഭൂമിയില്‍ ധാന്യങ്ങളും സസ്യലതാദികളും ഉണ്ടാകുന്നത് എപ്രകാരമാണോ മനുഷ്യന് തലമുടിയും രോമങ്ങളും ഉണ്ടാകുന്നത് അപ്രകാരം അക്ഷര ബ്രഹ്മത്തില്‍നിന്ന് ഈ ലോകം മുഴുവന്‍ ഉണ്ടാകുന്നു.

കഴിഞ്ഞ മന്ത്രത്തില്‍ അക്ഷര ബ്രഹ്മം ഭൂതയോനിയാണെന്ന് വിശേഷിപ്പിച്ചിരുന്നു, പ്രധാനമായും മൂന്ന് ഉദാഹരണങ്ങളിലൂടെ ഇതിനെ മനസ്സിലാക്കിത്തരുന്നു ഇവിടെ. തന്നില്‍നിന്ന് പുറത്തുവിടുന്ന നൂലുകൊണ്ട് പുറത്തുനിന്ന് യാതൊരു ഉപകരണത്തിന്റെയും സഹായംകൂടാതെ എട്ടുകാലി വല നെയ്യുന്നു. പിന്നീട് അതിനെ തന്റെ ഉള്ളിലേക്ക് തന്നെ ചിലന്തി വലിച്ചെടുക്കുകയും ചെയ്യുന്നു. അതുപോലെ പുറമെയുള്ള ഉപകരണങ്ങളൊന്നും ഇല്ലാതെതന്നെ പ്രപഞ്ചം ബ്രഹ്മത്തില്‍നിന്നും ഉണ്ടായി അതില്‍ തന്നെ ലയിക്കുന്നു. എട്ടുകാലി തനിക്കുവേണ്ടിയാണ് വലകെട്ടുന്നത്. ബ്രഹ്മത്തിന് അങ്ങനെ പ്രത്യേക സ്വാര്‍ത്ഥ താല്‍പ്പര്യമുണ്ടോ എന്ന സംശയം തീര്‍ക്കാനാണ് രണ്ടാമത്തെ ഉദാഹരണം. ഭൂമി ചെടികളേയും മറ്റും മുളപ്പിക്കുന്നതും വളര്‍ത്തുന്നതും യാതൊന്നും പ്രതീക്ഷിച്ചല്ല. അതുപോലെ ബ്രഹ്മത്തിനും പ്രപഞ്ചമുണ്ടാകുന്നതില്‍ സ്വാര്‍ത്ഥതയില്ല. അതുപോലെ ബ്രഹ്മത്തിനും പ്രപഞ്ചമുണ്ടാകുന്നതില്‍ സ്വാര്‍ത്ഥതയില്ല. ഭൂമിയെ ഉദാഹരിക്കുമ്പോഴും ഒരു കുഴപ്പമുണ്ട്. ഭൂമി നിര്‍ജ്ജീവമാണ്. ബ്രഹ്മം അതുപോലെയല്ല എന്ന് സമര്‍ത്ഥിക്കുകയാണ് മൂന്നാമത്തെ ഉപമയില്‍. 

ജീവനുള്ള മനുഷ്യനില്‍ തലമുടിയും രോമവും നഖവുമൊക്കെ യാതൊരു പ്രയത്‌നവും കൂടാതെ സ്വയം  ഉണ്ടാകുകയും വളരുകയും ചെയ്യുന്നു. ഈ മൂന്ന് ഉദാഹരണങ്ങളിലൂടെ ബലക്ഷണങ്ങളും വിലക്ഷണങ്ങളുമായ ഈ പ്രപഞ്ചം മുഴുവന്‍ ബ്രഹ്മത്തില്‍നിന്ന് ഉണ്ടാകുന്നുവെന്ന് മനസ്സിലാക്കണം. അവയുടെ നിലനില്‍പ്പും ലയവുമെല്ലാം ബ്രഹ്മത്തിലാണ്. ലോകത്തിന്റെ ഉല്‍പ്പത്തി, സ്ഥിതി ലയങ്ങള്‍ക്ക് മറ്റ് നിമിത്തമോ ഉപാദാനമോ ഇല്ല എന്നറിയുന്നു. ബ്രഹ്മം അഭിന്ന നിമിത്ത ഉപാദാന കാരണമാണ്. ബ്രഹ്മത്തില്‍നിന്ന് ലോകമുണ്ടാകുന്നത് ഈ ക്രമത്തിലാണ്.

കാരണത്തിന്റേതുപോലെയുള്ളവയെ സലക്ഷണങ്ങളെന്നും കാരണത്തില്‍നിന്ന് വ്യത്യസ്തമായവയെ വിലക്ഷണങ്ങള്‍ എന്നും പറയുന്നു. എട്ടുകാലിയുടെ നൂലും ഭൂമിയിലെ സസ്യങ്ങളും മറ്റും സലക്ഷണമായും മനുഷ്യന്റെ തലമുടി മുതലായവ വിലക്ഷണമായും പറഞ്ഞിരിക്കുന്നു. ബ്രഹ്മത്തില്‍ നിന്ന് ലോകമുണ്ടാകുന്നതിനെക്കുറിച്ച് എളുപ്പത്തില്‍ മനസ്സിലാക്കാനാണ് അനേകം ഉദാഹരണങ്ങള്‍ പറയുന്നത്.

സൃഷ്ടിയുടെ ക്രമത്തെപ്പറയുകയാണ് ഇനി-

തപസാ ചീയതേ ബ്രഹ്മ തതോന്നമഭിജായതേ

അന്നാത് പ്രാണോ മനഃ സത്യം ലോകാഃ കര്‍മസുചാമൃതം

ജ്ഞാനമാകുന്ന തപസ്സിനാല്‍ ബ്രഹ്മം വര്‍ധിക്കുന്നു. ബ്രഹ്മത്തില്‍നിന്ന് അന്നവും അന്നത്തില്‍നിന്ന് പ്രാണനും അതില്‍നിന്ന് മനസ്സും ഉണ്ടാകുന്നു. മനസ്സില്‍നിന്ന് സത്യം എന്ന പഞ്ചമഹാഭൂതങ്ങളും അതില്‍നിന്ന് ഏഴുലോകങ്ങളും ആ ലോകങ്ങളില്‍ കര്‍മ്മങ്ങളേയും കര്‍മ്മങ്ങളുണ്ടാക്കുമ്പോള്‍ കര്‍മ്മഫലവും ഉണ്ടാകുന്നു.

എല്ലാറ്റിന്റേയും ഉദ്ഭവസ്ഥാനമായ ബ്രഹ്മം സൃഷ്ടിയെപ്പറ്റിയുള്ള ജ്ഞാനമാകുന്ന തപസ്സു ചെയ്തു. സൃഷ്ടിയെപ്പറ്റി ഏകാഗ്രമായി ചിന്തിച്ചു എന്നര്‍ത്ഥം. അതോടെ വര്‍ധിച്ചു എന്ന് പറഞ്ഞാല്‍ മുളയ്ക്കുന്നതിനു മുന്‍പ് വിത്ത് എന്നതുപോലെ പുത്രനെ ഉല്‍പ്പാദിപ്പിക്കുന്ന ആനന്ദത്താല്‍ പിതാവ് എന്നതുപോലെയും ആയിത്തീര്‍ന്നു. പുഷ്ടിയെ പ്രാപിച്ചു എന്നറിയണം. ഇച്ഛാ-ജ്ഞാന-ക്രിയ ശക്തികളെക്കൊണ്ട് ബ്രഹ്മം വികസിക്കുന്നു. ബ്രഹ്മത്തില്‍നിന്ന് ആദ്യം അന്നമുണ്ടാകുന്നു. അവ്യാകൃതമായ പ്രകൃതിയെയാണ് അന്നമെന്ന് ഇവിടെ പറയുന്നത്.

പുരുഷന്‍ കഴിക്കുന്നത് എന്ന തരത്തിലാണ് പ്രകൃതിയെ അന്നം എന്ന് പറഞ്ഞിരിക്കുന്നത്. അന്നത്തില്‍നിന്ന് ആദ്യമുണ്ടാകുന്നത് പ്രാണനാണ് അഥവാ ഹിരണ്യഗര്‍ഭനാണ്. അവിദ്യയില്‍ പെട്ട ജീവന്മാരുടെ ആകെത്തുകയാണ് ഹിരണ്യഗര്‍ഭന്‍ എന്ന പ്രാണന്‍. പ്രാണനില്‍നിന്ന് സങ്കല്‍പ, വികല്‍പ സംശയ രൂപത്തിലുള്ള മനസ്സ് അല്ലെങ്കില്‍ അന്തഃകരണം ഉണ്ടാകുന്നു. മനസ്സില്‍നിന്ന് സത്യം എന്ന് വിശേഷിപ്പിച്ച ആകാശം തുടങ്ങിയ പഞ്ചമഹാഭൂതങ്ങള്‍ ഉദ്ഭവിക്കുന്നു. പഞ്ചമഹാഭൂതങ്ങളില്‍നിന്ന് ലോകങ്ങള്‍ പിറവിയെടുക്കുന്നു. ലോകങ്ങളേക്കാള്‍ സൂക്ഷ്മവും കൂടുതല്‍ കാലം നിലനില്‍ക്കുന്നതിനാലുമാണ് പഞ്ചഭൂതങ്ങളെ സത്യം എന്ന് വിശേഷിപ്പിച്ചത്. പഞ്ചഭൂതങ്ങള്‍ വേണ്ടപോലെ കൂടിച്ചേരുമ്പോഴാണ് ലോകം ഉണ്ടാകുന്നത്.

ഭൂലോകം ഉള്‍പ്പെടെ ഏഴുലോകങ്ങളാണ് ഇങ്ങനെ ആവിര്‍ഭവിക്കുന്നത്. ആ ലോകങ്ങളില്‍ മനുഷ്യര്‍ മുതലായ ജീവജാലങ്ങളും വര്‍ണങ്ങളും ആശ്രമങ്ങളും കര്‍മ്മങ്ങളും ക്രമത്തില്‍ ഉണ്ടാകുന്നു. കര്‍മ്മത്തെ തുടര്‍ന്ന് കര്‍മ്മഫലവും ഉണ്ടാകും. എത്രകാലം കഴിഞ്ഞാലും കര്‍മ്മങ്ങള്‍ തീര്‍ന്നാലും കര്‍മ്മഫലങ്ങള്‍ നശിക്കുന്നില്ല. അതിനാലാണ് കര്‍മ്മഫലത്തെ അമൃതം എന്ന് വിശേഷിപ്പിച്ചത്. അനുഭവിച്ച് തീരുംവരെ കര്‍മ്മഫലങ്ങള്‍ നിലനില്‍ക്കും.

ഇപ്രകാരം സൃഷ്ടി വിവിധ ഘട്ടങ്ങളിലായി ബ്രഹ്മത്തില്‍നിന്ന് ക്രമത്തില്‍ ഉണ്ടായതാണ്. പെട്ടെന്ന് ഉണ്ടായതല്ല. എന്തെങ്കിലും ഒന്നു വാരിവിതറിയാല്‍ ഒരുമിച്ചു വന്ന് വീഴുന്നതുപോലെയല്ല.

യഃ സര്‍വ്വജ്ഞഃ സര്‍വവിദ്

യസ്യജ്ഞാനമയം തപഃ

തസ്മാദേതദ് ബ്രഹ്മനാമ

രൂപമന്നം ച ജായതേ

സര്‍വ്വജ്ഞനും സര്‍വ്വമറിയുന്നവനും ജ്ഞാനമാകുന്ന തപസ്സോടുകൂടിയവനും അക്ഷര ബ്രഹ്മത്തില്‍നിന്ന് ഹിരണ്യഗര്‍ഭനെന്ന കാര്യബ്രഹ്മവും വിവിധ പേരുകളും രൂപങ്ങളും അന്നവും ഉണ്ടായി.

സര്‍വ്വജ്ഞന്‍ എന്നാല്‍ സമാന്യമായ രൂപത്തില്‍ എല്ലാം അറിയുന്നയാള്‍ സര്‍വ്വവിത് വിശേഷരൂപത്തില്‍ അറിയുന്നയാള്‍. ഇത് രണ്ടും അക്ഷര ബ്രഹ്മത്തിന്റെ വിശേഷണമാണ്. ബ്രഹ്മം ജ്ഞാനസ്വരൂപം ആയതിനാല്‍ പ്രപഞ്ചത്തിലെ എല്ലാം അറിയുന്നു. അന്തര്യാമി ആയതിനാല്‍ ഓരോന്നിലുമുള്ള കാര്യത്തേയും അറിയുന്നു. ഇങ്ങനെ സമഷ്ടിയിലും വ്യഷ്ടിയിലും ഉള്ളതെല്ലാം സാമന്യമായും വിശേഷമായും അറിയുന്നയാളാണ് എന്ന് കാണിക്കാനാണ് സര്‍വ്വജ്ഞന്‍, സര്‍വ്വവിദ് എന്ന വിശേഷണങ്ങള്‍ പറഞ്ഞത്. ജ്ഞാനമയമായ  തപസ്സിനാല്‍ വികസിച്ച അക്ഷര ബ്രഹ്മത്തില്‍ നിന്ന് ഹിരണ്യഗര്‍ഭനെന്ന കാര്യബ്രഹ്മം ഉണ്ടായി. കൂടെ വിവിധ രൂപത്തിലും പേരിലുമുള്ള സകല ജീവജാലങ്ങളും അവയെ പോഷിപ്പിക്കാനുള്ള അന്നവും ഉണ്ടായി. നെല്ല്, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെയും കായ്കനികളുടേയും മറ്റും രൂപത്തിലാണ് കഴിക്കാനുള്ളതായ അന്നം ഉണ്ടായത്.

നേരത്തെ പറഞ്ഞതിനെ ഒന്നുകൂടി ഉറപ്പിക്കാനാണ് ഈ മന്ത്രം. ഇവ തമ്മില്‍ വ്യത്യാസമില്ലെന്ന് മനസ്സിലാക്കണം. ഇതോടെ മുണ്ഡകോപനിഷത്തിലെ ആദ്യ മുണ്ഡകത്തിലെ ഒന്നാം ഖണ്ഡം തീര്‍ന്നു.

(തുടരും)

(തിരുവനന്തപുരം ചിന്മയ മിഷന്റെ 

ആചാര്യനാണ് 

ലേഖകന്‍. ഫോണ്‍:9495746777 )

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.