ഹിംസയടങ്ങുന്ന കര്‍മവിധികള്‍ സ്വീകാര്യമല്ല

Monday 29 January 2018 2:30 am IST

വേദവിധികളുടേയോ മറ്റെന്തിന്റേയോ പേരില്‍ ജന്തുഹിംസ തീരെ അനുവദിയ്ക്കുന്നില്ല ഭാഗവതസിദ്ധാന്തങ്ങളൊന്നുംതന്നെ. ഗൃഹസ്ഥന്മാര്‍ക്കുള്ള മോക്ഷസിദ്ധി നിര്‍ദേശിയ്ക്കുമ്പോഴും വ്യാസദേവന്‍ ഇക്കാര്യം എടുത്തുപറയുന്നു. 

ശ്രാദ്ധത്തിന് ഒരുകാരണത്താലും മാംസം പാകം ചെയ്തുകൂടത്രെ. കൊടുക്കാനോ സ്വയംകഴിയ്ക്കാനോ ആയി മാംസപാചകം പാടില്ലെന്നു തീര്‍ത്തുപറയുന്നു ഭാഗവതസംഹിത. ഒരു മറയിലും ഈ അധര്‍മം ചെയ്യരുത്. അതുകൊണ്ട് എന്തെങ്കിലും ഫലക്കുറവുണ്ടാകുമോ എന്നു സംശയിയ്ക്കയേ വേണ്ട.

വന്യവസ്തുക്കള്‍കൊണ്ടുളവാകുന്ന തൃപ്തി മാംസസമര്‍പ്പണംകൊണ്ട്ഉണ്ടാകില്ലത്രെ. ഹിംസ നിഷേധിയ്ക്കാന്‍ ഇതിലേറെ തെളിഞ്ഞ വാക്കുകളുണ്ടോ?

ബാഹ്യയജ്ഞങ്ങള്‍ എന്തും യജ്ഞകര്‍ത്താവിനെ ശുദ്ധനാക്കി അന്തര്‍മുഖത വരുത്താന്‍വേണ്ടിയാണ്. അങ്ങനെവരുമ്പോള്‍ ശരിയായ യജ്ഞം തന്നി ല്‍ത്തന്നെ ഒതുങ്ങിനില്ക്കുന്നതാണെന്നു സിദ്ധിയ്ക്കുന്നു. 

ആത്മസംയമനമെന്ന സ്വാഗ്നിയില്‍ത്തന്നെയാണ് മറ്റെല്ലാറ്റിനേയും ഹോമിയ്‌ക്കേണ്ടത്. ഇന്ദ്രിയവസ്തുക്കളെ ഇന്ദ്രിയങ്ങളിലും, ഇന്ദ്രിയങ്ങളെ മനസ്സിലും, മനസ്സിനെ ബുദ്ധിയിലും, ബുദ്ധിയെ അഹങ്കാരത്തിലും, അഹങ്കാരത്തെ അന്തരാത്മാവിലും സംലയിപ്പിയ്ക്കുന്നതു സര്‍വശ്രേഷ്ഠമായ യജ്ഞം, യാഗം, തപസ്സ്, വ്രതം! 

ഇതു വാനപ്രസ്ഥരോടോ സംന്യാസിമാരോടോ അല്ല പറയുന്നത്, ഗൃഹസ്ഥന്മാരോടുതന്നെ. ഈ ധര്‍മശാസനകളെ പ്രായോഗികമാക്കുന്നതിലാണ് ഗൃഹസ്ഥജീവിതം മോക്ഷപ്രദമായിത്തീരുക. 

മറ്റാശ്രമങ്ങള്‍ വിദൂരത്താകും. പക്ഷേ ഈ പവിത്രതയും പരിഷ്‌കരണവും സുസമീപമാണെന്നുള്ള വസ്തുത പരക്കെ അറിയപ്പെടണം.

ജന്തുഹിംസയടങ്ങുന്ന യജ്ഞം നടത്തുന്നവനെ പ്രാണികള്‍ക്കു ഭയമാണത്രെ. ദ്രവ്യയജ്ഞങ്ങളുടെ പ്രാധാന്യം എന്തുതന്നെയാകട്ടെ, അവ സഹജീവികള്‍ക്ക് അസഹ്യമാണെന്ന സത്യം എടുത്തോതുന്ന ഭാഗവതസൂക്തങ്ങള്‍ വേദയജ്ഞയാഗങ്ങളെ ശരിയ്ക്കും വിലയിരുത്താന്‍ ഒരു പുതിയ മാനദണ്ഡംതന്നെ ആവിഷ്‌കരിയ്ക്കുന്നു. 

ഭക്തന്നും ധര്‍മിഷ്ഠന്നും ഹിംസയടങ്ങുന്ന ഒരു ദൈവികകര്‍മവും സ്വീകാര്യമല്ലെന്ന അസന്ദിഗ്ധപ്രഖ്യാപനം സര്‍വത്ര മുഴങ്ങിക്കേട്ടാലേ ഭാഗവതധര്‍മമൂല്യങ്ങള്‍ അന്വര്‍ഥമാകൂ.

ധര്‍മബോധമുള്ള ഗൃഹസ്ഥന്‍ വന്‍ ആലഭാരത്തോടെ ഒന്നും ചെയ്യരുത്. ലളിതസുഗമമേ ആകാവൂ എന്തനുഷ്ഠാനവും. വേദത്തിന്റെ പേരും പറഞ്ഞ് ഇത് അങ്ങനെയല്ലാതാക്കാനുള്ള പോക്കു ശരിയല്ല, അനുവദനീയവുമല്ല. 

അഞ്ച് അധര്‍മങ്ങള്‍

കര്‍മം, അകര്‍മം, വികര്‍മം എന്നിങ്ങനെ മൂന്നുതരങ്ങളെയാണ് കൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പരാമര്‍ശിയ്ക്കുന്നത്. ഇതില്‍ കര്‍മവും അകര്‍മവും എന്തെന്നും വ്യക്തമാക്കീട്ടുണ്ട്.  വികര്‍മത്തെപ്പറ്റി പ്രസ്താവിച്ചതുമില്ല. 

നാരദമഹര്‍ഷി ഇവിടെ വിധര്‍മം, പരധര്‍മം, ഉപധര്‍മം, ഛലധര്‍മം, ആഭാസധര്‍മം എന്നിവയെക്കുറിച്ചു യുധിഷ്ഠിരനെ ഉദ്‌ബോധിപ്പിയ്ക്കുന്നു. ഈ അഞ്ചും അധര്‍മമാണെന്നതിനാല്‍ ഗൃഹസ്ഥന്മാര്‍ വര്‍ജിയ്ക്കണം. ഇതില്‍ അമാന്തമരുത്.

ധര്‍മാനുഷ്ഠാനത്തിനു പ്രതികൂലമാകാവുന്ന ദേശകാലസഹവാസങ്ങ ളെന്തും വിധര്‍മത്തില്‍പ്പെടും. വിവേകപൂര്‍വം ഇതൊക്കെ ഒഴിവാക്കേണ്ടതു ധര്‍മാചരണത്തിന്റെ ഭാഗമാണ്. 

മറ്റൊരുത്തന്റെ ധര്‍മം അനുഷ്ഠിയ്ക്കുന്നതാണ് പരധര്‍മം. ഇതും വര്‍ജിയ്‌ക്കേണ്ടതുതന്നെ. 

വേദശാസ്ത്രങ്ങള്‍ക്കു വിരുദ്ധമായി, തന്റെ സുഖസൗകര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, ഗര്‍വും അന്തസ്സും കാട്ടി നടത്തുന്നത് ഉപധര്‍മമാണ്. മാത്രമല്ല വിനയം, ആദരവ്, വിശേഷബുദ്ധി എന്നീ ഗുണങ്ങള്‍ ധര്‍മാചരണത്തില്‍ അനുപേക്ഷണീയമായിരിയ്‌ക്കേ, അവയെ ബലികഴിച്ചോ, പകരം വിപരീതഭാവങ്ങള്‍ പുലര്‍ത്തിയോ ചെയ്യുന്നതെന്തും സ്വീകാര്യമല്ലല്ലോ.

വിശേഷശ്രദ്ധയര്‍ഹിയ്ക്കുന്നതാണ് ആഭാസമെന്ന അധര്‍മം. അവരവരുടെ ആശ്രമത്തിനനുസരിച്ച കാര്യങ്ങളേ ചെയ്യാവൂ. ബ്രഹ്മചാരി ഗൃഹസ്ഥനെപ്പോലെ പെരുമാറരുത്. ഗൃഹസ്ഥന്മാര്‍ സംന്യാസാശ്രമചിട്ടകള്‍ ശീലിയ്ക്കരുത്, മറിച്ചും പാടില്ല. നല്ലത്, ഉത്തമം, ശ്ലാഘ്യം, എന്നൊക്കെ ചിന്തിച്ച്അമിതാചരണത്തിനു പുറപ്പെടുന്നതു ശരിയല്ല. 

ധര്‍മമെന്നുവെച്ചാല്‍ ഉചിതവും ക്രമബദ്ധവും ഔന്നത്യകരവുമെന്നാണ് എന്നും അര്‍ഥം. ഇങ്ങനെയല്ലാത്തതൊന്നും ധര്‍മാനുഷ്ഠാനമാവില്ല. അതിനാല്‍ ആഭാസമായി ഒന്നുംതന്നെ ചെയ്തുപോകരുത്.

ഉദ്ദേശശുദ്ധിയെ ഹനിച്ചുകൊണ്ട് സൗകര്യാര്‍ഥം ശാസ്ത്രവിധികളെ ദുര്‍വ്യാഖ്യാനംചെയ്തു തെറ്റായി ചെയ്യുന്ന ദാനധര്‍മങ്ങളാണ് ഛലം. 

പശുദാനം വേണം. അതിനു ചെറുപ്പം നല്ല കറവപ്പശു വേണമെന്നില്ല. വയസ്സായി കറവ വറ്റാറായതിനെ കൊടുത്താല്‍ പോരേ. ദാനപുണ്യം വേണം, പക്ഷേ ഉപയോഗശൂന്യവസ്തുക്കള്‍ ഒഴിഞ്ഞുകിട്ടുകയും ആവശ്യമാണ്, ഇങ്ങനെയൊക്കയുള്ള നിലപാടു ഛലമല്ലാതെന്ത്? 

വാജശ്രവസ്സ് ഇങ്ങനെ ചെയ്തതു കണ്ട് മനസ്സ് നൊന്തിട്ടാണല്ലോ നചികേതസ്സ് അച്ഛനെ സങ്കടം അറിയിച്ചതും, അതില്‍ അച്ഛന്‍ കുപിതനായി മകനെ യമപുരിയ്ക്കയച്ചതും. ഛലധര്‍മസ്വാധീനം എത്രകണ്ട് ദുഷിയ്ക്കാം, അതിന്റെ ഫലം എവിടംവരെ എത്താമെന്നും ഇതില്‍നിന്നു വ്യക്തമാകുന്നുവല്ലോ.

സ്വാമി ഭൂമാനന്ദതീര്‍ഥര്‍ 

രചിച്ച ധര്‍മമൂല്യങ്ങള്‍ ഭാഗവതവാക്യങ്ങളില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന് 

e-mail: ashram@bhoomananda.org

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.