കോണ്‍ഗ്രസിന്റെ ഇരട്ടക്കുട്ടികള്‍

Monday 29 January 2018 2:45 am IST
ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയത്തെച്ചൊല്ലി യെച്ചൂരിയും കാരാട്ടും വര്‍ഗശ്രതുക്കളെപ്പോലെ ഏറ്റുമുട്ടുന്നത് അര്‍ത്ഥശൂന്യമാണ്. കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന പാര്‍ട്ടികോണ്‍ഗ്രസിന്റെ നിലപാട് പ്രാബല്യത്തിലിരിക്കെയാണ് ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കി മത്‌സരിച്ചത്. ഹൈദരാബാദില്‍ ചേരുന്ന അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്, കോണ്‍സ്രുമായി സഖ്യമോ ധാരണയോ വേണ്ടെന്ന കാരാട്ടിന്റെ ലൈന്‍ അംഗകരിച്ചാലും 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന് അത് തടസ്സമാകില്ല. അപ്പോള്‍ ചൂണ്ടിക്കാട്ടാന്‍ പോകുന്നത്, പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിലക്കുണ്ടായിരുന്നിട്ടും ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയല്ലോ എന്നായിരിക്കും.

കോണ്‍ഗ്രസുമായി രാഷ്ട്രീയ/തെരഞ്ഞെടുപ്പ് സഖ്യം വേണമെന്ന് വാദിച്ച സിപിഎം നേതാക്കള്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവും ലോക്‌സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജിയുമുള്‍പ്പെടെ നിരവധിയാണ്. മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ് സുര്‍ജിത് കോണ്‍ഗ്രസിന്റെ 'പവര്‍ ബ്രോക്കര്‍'തന്നെയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെപ്പോലെ 'താന്‍ കോണ്‍ഗ്രസുകാരനല്ല' എന്ന് പറയേണ്ടിവരുന്ന ഗതികേട് ഇവര്‍ക്കാര്‍ക്കും ഉണ്ടായിട്ടില്ല. 

പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മറ്റി എന്നിവയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും എതിര്‍പ്പ് അവഗണിച്ച് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്നു വാദിച്ചുകൊണ്ടാണ്, താന്‍ കോണ്‍ഗ്രസുകാരനല്ലെന്ന് യെച്ചൂരിക്ക് പറയേണ്ടിവന്നത്. എത്ര നിഷേധിച്ചാലും കോണ്‍ഗ്രസ് നേതാവ് എന്ന പ്രതിച്ഛായയാണ് സിപിഎമ്മിനകത്തും പുറത്തും ഇപ്പോള്‍ യെച്ചൂരിക്കുള്ളത്. 

കൊല്‍ക്കത്തയില്‍ രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം കോണ്‍ഗ്രസുമായി 'തന്ത്രപരമായ സഖ്യം' വേണമെന്ന യെച്ചൂരിയുടെ നിലപാട് 31-നെതിരെ 55 പേരുടെ പിന്തുണയോടെ തള്ളി. 'കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ വേണ്ട' എന്ന പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ലൈനാണ് അംഗീകരിക്കപ്പെട്ടത്. എന്നിട്ടും യെച്ചൂരി പ്രതീക്ഷ കൈവിടുന്നില്ല. ഹൈദരാബാദില്‍ ചേരുന്ന ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇപ്പോഴത്തെ കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള അംഗീകാരം നേടാനാവുമെന്നാണ് യെച്ചൂരി പക്ഷം കണക്കുകൂട്ടുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിന്റേതാണെന്ന് യെച്ചൂരി ആവര്‍ത്തിക്കുന്നതും ഈ സാധ്യത മുന്നില്‍ കണ്ടാണ്.

യഥാര്‍ത്ഥത്തില്‍ അര്‍ത്ഥശൂന്യമാണ് ഇപ്പോഴത്തെ വാദകോലാഹലങ്ങള്‍. കാരാട്ടും യെച്ചൂരിയും നേര്‍ക്കുനേര്‍ പോരടിക്കുമ്പോഴും പ്രത്യയശാസ്ത്രപരമോ നയപരമോ ആയ പ്രശ്‌നങ്ങളൊന്നും ഇതിലില്ല. കോണ്‍ഗ്രസുമായി യാതൊരുവിധത്തിലുള്ള ബന്ധവും വേണ്ടെന്ന കരട് രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസും അംഗീകരിച്ചുവെന്നിരിക്കട്ടെ, കോണ്‍ഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കാതിരിക്കുമോ? ഒരിക്കലുമില്ല.

കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യമോ ധാരണയോ വേണ്ടെന്ന് 2015-ല്‍ വിശാഖപട്ടണത്ത് ചേര്‍ന്ന ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചതാണ്. ''സമരത്തിന്റെ മുഖ്യദിശ ബിജെപിക്ക് എതിരായിരിക്കുമ്പോഴും കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് പാര്‍ട്ടി തുടരും...കോണ്‍ഗ്രസുമായി യാതൊരുവിധ ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ പാര്‍ട്ടിക്ക് ഉണ്ടായിരിക്കില്ല'' എന്നതായിരുന്നു സുവ്യക്തമായ നിലപാട്. 

പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അന്തിമമെന്ന് കരുതപ്പെടുന്ന ഈ തീരുമാനം നിലനില്‍ക്കെയാണ്, 2016 ല്‍ പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഎം മത്‌സരിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിലക്ക് നിലനില്‍ക്കെ പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മറ്റിയും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് പലയാവര്‍ത്തി ചര്‍ച്ച നടത്തുകയുണ്ടായി.

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം വേണമെന്ന നിര്‍ദ്ദേശം പാര്‍ട്ടി കേന്ദ്രകമ്മറ്റി തള്ളിയ സാഹചര്യത്തില്‍, കാരാട്ടുമായുള്ള വിയോജിപ്പ് വ്യക്തിപരമല്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യെച്ചൂരി, കോണ്‍ഗ്രസിന്റെ ദല്ലാളിനെപ്പോലെയാണ് പെരുമാറുന്നത്. ''സമൂര്‍ത്ത സാഹചര്യത്തിന്റെ സമൂര്‍ത്ത വിലയിരുത്തലാണ് മാര്‍ക്‌സിസം'' എന്നുപറഞ്ഞ് യെച്ചൂരി ഇതിന് പ്രത്യയശാസ്ത്ര പരിവേഷം നല്‍കുന്നത് കാപട്യമാണ്.

യെച്ചൂരിയുടെ കോണ്‍ഗ്രസ് ദാസ്യം തികഞ്ഞ അവസരവാദമാണ്. വിശാഖപട്ടണം കോണ്‍ഗ്രസില്‍ യെച്ചൂരിയുടെ ഉദ്ഘാടനപ്രസംഗത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു: ''ഇത് പാര്‍ട്ടിയുടെ ഭാവിക്കുവേണ്ടിയുള്ള കോണ്‍ഗ്രസാണ്. നമ്മുടെ സ്വതന്ത്രമായ അസ്തിത്വം ശക്തിപ്പെടുത്തുന്നതിനുള്ള അടിസ്ഥാനത്തിന് ഇത് രൂപം നല്‍കും.'' സിപിഎമ്മിനുവേണ്ടിയുള്ള ആശയ്രപചാരണവും നടത്തുന്ന 'ഫ്രണ്ട് ലൈന്‍' മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യെച്ചൂരി ഈ നിലപാട് വിശദീകരിക്കുകയുണ്ടായി. ''സ്വതന്ത്രമായി നിന്ന് ശക്തിപ്പെട്ടുകൊണ്ടല്ലാതെ മതേതര ശക്തികളുമായി വിശാലസഖ്യം ഉണ്ടാക്കാനാവില്ല. നമ്മള്‍ വലിയ സാന്നിധ്യവും ശക്തിയും നേടിയാലല്ലാതെ ഇത്തരം സഖ്യങ്ങള്‍ രൂപപ്പെടുകയില്ല.'' ഇങ്ങനെയൊക്കെ വാചകമടിച്ചയാളാണ് തെരഞ്ഞെടുപ്പ് സഖ്യത്തിനുവേണ്ടി കോണ്‍ഗ്രസിനു പിന്നാലെ പരക്കംപായുന്നത്.

കാരാട്ടും യെച്ചൂരിയും ഒരേേപാലെ നിഷേധിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ ഇരുവരും തമ്മില്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങളുമുണ്ട്. അമേരിക്കയുമായുള്ള ആണവസഹകരണ കരാറിന്റെ പേരില്‍ ഒന്നാം യുപിഎ സര്‍ക്കാരിനുള്ള  ഇടതുപാര്‍ട്ടികളുടെ പിന്തുണ 2008-ല്‍ പിന്‍വലിച്ചതിനോട് യെച്ചൂരി പൂര്‍ണമായി യോജിച്ചിരുന്നില്ല. പിന്തുണ പിന്‍വലിക്കരുതെന്ന ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ നിലപാടിനൊപ്പമായിരുന്നു യെച്ചൂരി. സിപിഎം ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി നോമിനിയായ ചാറ്റര്‍ജി സ്പീക്കര്‍സ്ഥാനം രാജിവച്ചില്ല. വിശ്വാസവോട്ട് നേടാന്‍ മറ്റു കക്ഷികളുടെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പുവരുത്തിയശേഷമാണ് സര്‍ക്കാരിനുള്ള പിന്തുണ ഇടതുപാര്‍ട്ടികള്‍ പിന്‍വലിച്ചത്. ഇക്കാര്യങ്ങളിലൊക്കെ കോണ്‍ഗ്രസിനുവേണ്ടി കരുക്കള്‍ നീക്കിയ യെച്ചൂരി കൃത്യമായിത്തന്നെ കാരാട്ടിന്റെ മറുപക്ഷത്തായിരുന്നു. 

അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ധീരമായ നിലപാട് എടുത്തതിനാല്‍ 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്ക് കൂടുതല്‍ ശക്തിയോടെ തിരിച്ചുവരാനാവുമെന്നും, കോണ്‍ഗ്രസുമായി വിലപേശി ഭരണകൂടത്തെത്തന്നെ ഹൈജാക്ക് ചെയ്യാനാവുമെന്നുമായിരുന്നു കാരാട്ടിന്റെ കണക്കുകൂട്ടല്‍. ഇത് തെറ്റിപ്പോയപ്പോള്‍ ചിരിച്ചത് യെച്ചൂരിയാണ്. രണ്ടാം യുപിഎ ഭരണകാലത്ത് പരാജയം ഭക്ഷിച്ചു കഴിഞ്ഞുകൂടിയ കാരാട്ടില്‍നിന്ന് അകലംപാലിച്ച്, കോണ്‍ഗ്രസിനോട് അനുഭാവം പുലര്‍ത്തുന്ന സമീപനമാണ് യെച്ചൂരി സ്വീകരിച്ചത്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി നരേന്ദ്ര മോദിക്കും ബിജെപിക്കും അനുകൂലമല്ലായിരുന്നെങ്കില്‍ സര്‍ക്കാരുണ്ടാക്കാന്‍ സിപിഎം വീണ്ടും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമായിരുന്നു.

2015-ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായ യെച്ചൂരി, അന്നുമുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി യാതാരുവിധ ബന്ധവും വേണ്ടെന്ന തീരുമാനത്തെ അട്ടിമറിക്കാന്‍ അവസരങ്ങള്‍ തേടുകയായിരുന്നു. അങ്ങനെയാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെയും പൊളിറ്റ്ബ്യൂറോയുടെയും അംഗീകാരമില്ലാതെ 2016-ലെ പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും, 2017 ഏപ്രിലില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കിയത്.

ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയത്തെച്ചൊല്ലി യെച്ചൂരിയും കാരാട്ടും വര്‍ഗശ്രതുക്കളെപ്പോലെ ഏറ്റുമുട്ടുന്നത്  അര്‍ത്ഥശൂന്യമാണ്. കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന പാര്‍ട്ടികോണ്‍ഗ്രസിന്റെ നിലപാട് പ്രാബല്യത്തിലിരിക്കെയാണ് ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കി മത്‌സരിച്ചത്. ഹൈദരാബാദില്‍ ചേരുന്ന അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്, കോണ്‍സ്രുമായി സഖ്യമോ ധാരണയോ വേണ്ടെന്ന കാരാട്ടിന്റെ ലൈന്‍ അംഗകരിച്ചാലും 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന് അത് തടസ്സമാകില്ല. അപ്പോള്‍ ചൂണ്ടിക്കാട്ടാന്‍ പോകുന്നത്, പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിലക്കുണ്ടായിരുന്നിട്ടും ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയല്ലോ എന്നായിരിക്കും.

പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന്റെ പിന്‍ബലത്തില്‍ പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മറ്റിയും അംഗീകരിക്കാതിരുന്നിട്ടും എന്തുകൊണ്ട് ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി എന്ന ചോദ്യത്തിന് കാരാട്ടുപക്ഷവും യെച്ചൂരി പക്ഷവും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. സംസ്ഥാന ഘടകത്തിന് ഇത്തരം കാര്യങ്ങളില്‍ വിവേചനാധികാരമുണ്ടെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസിലും പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മറ്റിയിലുമൊന്നും ഇക്കാര്യം ചര്‍ച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്യേണ്ട ആവശ്യമില്ലല്ലോ.

ബംഗാളില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയത് പ്രാദേശിക സഖ്യമാണ് എന്നൊരു ന്യായീകരണം ചില പാര്‍ട്ടി നേതാക്കള്‍ നല്‍കുന്നുണ്ട്. പ്രാദേശിക തലത്തിലായാലും ദേശീയതലത്തിലായാലും സഖ്യം സഖ്യംതന്നെയാണ്. കോണ്‍ഗ്രസ് സഖ്യത്തിന്റെ കാര്യം വരുമ്പോള്‍ സൗകര്യപൂര്‍വം തീരുമാനമെടുക്കുകയെന്നതാണ് സിപിഎമ്മിന്റെ ആത്യന്തിക നിലപാട്. കാരാട്ടും കേരള ഘടകവും എന്തുതന്നെ പറഞ്ഞാലും 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം, രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനുമൊപ്പമായിരിക്കും. ബംഗാളില്‍ പരസ്യ സഖ്യമായിരിക്കുമ്പോള്‍, കേരളത്തില്‍ സഖ്യം പരോക്ഷമായിരിക്കുമെന്നുമാത്രം. 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരസ്പരം എതിര്‍ത്ത് മത്‌സരിച്ച് ജയിച്ചവര്‍ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍  കൈകോര്‍ക്കുകയായിരുന്നല്ലോ. ഇപ്പോള്‍ കോണ്‍ഗ്രസ് വിരോധം നടിക്കുന്ന കാരാട്ട് പക്ഷമാണ് അന്ന് ഈ സഖ്യത്തിനുവേണ്ടി വിയര്‍പ്പൊഴുക്കിയത്.

സിപിഎമ്മില്‍ യെച്ചൂരിയുടേത് ഒറ്റപ്പെട്ട ശബ്ദമല്ല. ബംഗാളില്‍നിന്നുള്ള കേന്ദ്രകമ്മിറ്റിയംഗങ്ങളില്‍ മൂന്നുപേരൊഴിക്കെ എല്ലാവരും കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് വാദിക്കുന്നവരാണ്. സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്രയും ഇതില്‍പ്പെടുന്നു. പാര്‍ട്ടിക്ക് പുറത്താണെങ്കിലും സോമനാഥ് ചാറ്റര്‍ജിയും കോണ്‍ഗ്രസ് സഖ്യത്തിന്റെ വക്താവാണ്. സോമനാഥ് ചാറ്റര്‍ജിയുടെ അഭിപ്രായത്തില്‍ സിപിഎമ്മിന്റെ നിലനില്‍പ്പിനുവേണ്ടിയാണ് കോണ്‍ഗ്രസ് സഖ്യം. 

ഇവിടെയും വ്യത്യസ്തനാണ് യെച്ചൂരി. സ്വന്തം പാര്‍ട്ടിയുടെ നിലനില്‍പ്പിനെക്കാള്‍, സമ്പൂര്‍ണ നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ രക്ഷിക്കാനാണ് യെച്ചൂരിയുടെ ശ്രമം. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 42 എംപിമാരെ ലഭിച്ചു. 2009-ലെ തെരഞ്ഞെടുപ്പില്‍ അത് 16 പേരായി ചുരുങ്ങി. കോണ്‍ഗ്രസിനെ പിന്തുണച്ചതിന്റെ ഫലംകൂടിയായിരുന്നു ഈ തിരിച്ചടി. കോണ്‍ഗ്രസുമായുള്ള അവിശുദ്ധ സഖ്യത്തിന്റെ പേരിലാണ് 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ സിപിഎമ്മിനെ ശിക്ഷിച്ചത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയപ്പോള്‍ ബംഗാളിലും സിപിഎമ്മിന് തിരിച്ചടി നേരിട്ടു. 2011-ല്‍ 40 സീറ്റുണ്ടായിരുന്ന പാര്‍ട്ടിക്ക് 2016-ല്‍ 26 സീറ്റു മാത്രമാണ് നേടാനായത്. 2011-ല്‍ 42 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 44 സീറ്റ് നേടി. 

ഈ തിരിച്ചടികളൊന്നും പ്രശ്‌നമാക്കാതെ കോണ്‍ഗ്രസിന്റെ പിന്തുണയോടെ രാജ്യസഭയിലെത്താനാണ് യെച്ചൂരി ശ്രമിച്ചത്. ഇവിടെയാണ് 2004- ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം സോണിയാ ഗാന്ധി പ്രധാനമന്ത്രിയായിക്കാണാന്‍ ആഗ്രഹിച്ചുവെന്ന യെച്ചൂരിയുടെ പ്രസ്താവന ഓര്‍മിക്കേണ്ടത്. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ പലരും കോണ്‍ഗ്രസിലൂടെയാണ് പാര്‍ട്ടിയിലെത്തിയത്. ഇതിന് വിപരീത ദിശയിലാണ് യെച്ചൂരിയുടെ പോക്ക്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് കോണ്‍ഗ്രസിലേക്ക്. അധികാരമോഹിയായ, ദേശസ്‌നേഹിയല്ലാത്ത ഏതൊരു കോണ്‍ഗ്രസുകാരനെക്കാളും കോണ്‍ഗ്രസുകാരനാണ് യെച്ചൂരി.

e-mail: muralijnbi@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.