ഒരു നിമിഷം പിന്നിലേക്ക് നോക്കൂ

Monday 29 January 2018 2:30 am IST
വന്ന വഴി മറക്കാതിരിക്കണമെങ്കില്‍ ഇടയ്ക്ക് ഒന്ന് തിരിഞ്ഞുനോക്കണം. കുടുംബത്തിലും അയല്‍വീടുകളിലും 70-80 വയസ്സിനുമുകളില്‍ പ്രായമായ സ്ത്രീകള്‍ ഉണ്ടാവുമല്ലോ. അവരോട് ഒന്നു സംസാരിക്കുക. അവരുടെ ബാല്യവും കൗമാരവും എങ്ങനെയായിരുന്നുവെന്ന് ചോദിച്ചറിയുക.

പിന്നിലേക്ക് എത്ര ദൂരം നോക്കുവാന്‍ കഴിയുന്നുവോ അത്രയും ദൂരം  മാത്രമേ മുന്നിലേക്കും നോക്കുവാന്‍ സാധിക്കൂ. സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന പെണ്‍കുട്ടികള്‍ ഒന്നു  പിന്നിലേക്ക്  നോക്കൂ. അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് നിങ്ങള്‍ എത്ര ഭാഗ്യവതികളാണെന്നു ബോധ്യമാകൂ.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്തില്‍നിന്ന്, വിദ്യഭ്യാസം നേടിയാലും ഉദ്യോഗത്തിനുപോകുവാന്‍ അനുവാദം ലഭിക്കാതിരുന്ന കാലത്തില്‍നിന്ന്, ഉന്നതവിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് നിഷേധിച്ചിരുന്ന കാലത്തില്‍ നിന്ന് ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു നാം.  ഇഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ആരംഭിച്ച നാളുകളില്‍ ആണ്‍കുട്ടിക്ക് മാത്രം അവസരം നല്‍കിയിരുന്ന രക്ഷിതാക്കള്‍ ഇപ്പോള്‍ ആണ്‍പെണ്‍ ഭേദമില്ലാതെ വിദ്യാഭ്യാസം നല്‍കുവാന്‍ സന്നദ്ധരായിരിക്കുന്നു.   മെഡിസിനും എഞ്ചിനീയറിങ്ങിനും ലക്ഷങ്ങള്‍ മുടക്കി പഠിപ്പിക്കുവാന്‍ ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ  വിവേചനം കാട്ടുന്നില്ല.

പരിപ്പും നെയ്യും പര്‍പ്പടകവും ഉണ്ണിക്കും, കണ്ണിമാങ്ങയും മോരും ദേവൂനും  എന്ന വിവേചനവും ഇല്ല. പക്ഷേ  നിങ്ങള്‍ അറിയുക, അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു.  നിങ്ങളറിയുക ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകളില്‍  പഠിക്കുവാനും വളരുവാനും പെണ്ണെന്ന നിലയില്‍ കാര്യമായ വിവേചനങ്ങള്‍ ഇല്ലെന്ന്.

ഈ  സ്വാതന്ത്ര്യം/ സൗകര്യം ദുരുപയോഗപ്പെടുത്താതിരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ആലോചിച്ചു  തിരുമാനമെടുക്കാന്‍ ആവുന്നില്ലെങ്കില്‍, അപകടപ്പെടുത്തുവാന്‍ ഒരുക്കുന്ന കെണികളെ വിവേകബുദ്ധിയോടെ തിരിച്ചറിഞ്ഞ് ഒഴിവാക്കാന്‍ ആവുന്നില്ലെങ്കില്‍ നേടിയ വിദ്യാഭ്യാസത്തിനും ലഭിക്കുന്ന സ്വാതന്ത്ര്യത്തിനും നാം അര്‍ഹരല്ലെന്നു  സമ്മതിക്കേണ്ടിവരും.

മൊബൈലിലും ഫേസ്ബുക്കിലും പരിചയപ്പെട്ട, ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ആളിനൊപ്പം ഇറങ്ങിപ്പോകുക, സ്വന്തം അസ്തിത്വം പണയപ്പെടുത്തി വിശ്വാസപ്രമാണങ്ങളെ മുഴുവന്‍ കാറ്റില്‍പ്പറത്തി, വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ ശത്രുക്കളായി കണ്ടുകൊണ്ട് പുതിയ ജീവിതം (?) ആരംഭിക്കുവാന്‍ ചാടിപ്പുറപ്പെടുക! ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ വിദ്യാഭ്യാസവും സ്വാതന്ത്ര്യവും നീ അര്‍ഹിക്കുന്നില്ലെന്നു  ആരോ മന്ത്രിക്കുംപോലെ.   ഇണയോടൊപ്പം കൂട്ടുകൂട്ടുവാന്‍  മാതാപിതാക്കളെ ശത്രുക്കളായി കാണേണ്ടതുണ്ടോ, നിന്റെ  വിശ്വാസപ്രമാണങ്ങളെ ചവിട്ടിമെതിക്കേണ്ടതുണ്ടോ? നീ നീയല്ലാതെ മാറേണ്ടതുണ്ടോ?  നീ നീയായിരുന്നുകൊണ്ട്, നിന്നെ നീയായിക്കണ്ട് അംഗീകരിക്കുന്നവനുമായി ജീവിക്കുവാനല്ലേ ശ്രമിക്കേണ്ടത്?

വന്ന വഴി മറക്കാതിരിക്കണമെങ്കില്‍ ഇടയ്ക്ക് ഒന്ന് തിരിഞ്ഞുനോക്കണം. കുടുംബത്തിലും അയല്‍വീടുകളിലും  70-80 വയസ്സിനുമുകളില്‍ പ്രായമായ സ്ത്രീകള്‍ ഉണ്ടാവുമല്ലോ. അവരോട് ഒന്നു സംസാരിക്കുക. അവരുടെ ബാല്യവും കൗമാരവും എങ്ങനെയായിരുന്നുവെന്ന് ചോദിച്ചറിയുക. നിങ്ങള്‍ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും എത്രമാത്രമെന്ന്  അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ബോധ്യമാകൂ. ആ ബോധ്യമുണ്ടായാല്‍ മാത്രമേ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതിരിക്കുവാന്‍ നിങ്ങള്‍ പ്രാപ്തരാകൂ.

ഇടയ്‌ക്കൊന്ന് പിറകിലേക്ക് നോക്കുവിന്‍. വിവാഹം തരപ്പെടുന്നതുവരെമാത്രം സ്‌കൂളില്‍ പോയിരുന്നവര്‍, സഹോദരന്റെ വിദ്യാഭ്യാസം സഫലമാക്കുന്നതിനായി പഠനം നിര്‍ത്തിയവര്‍, ചിലങ്കയണിയുവാന്‍ കൊതിച്ച പാദങ്ങളുടെ മോഹങ്ങളും, വീണ മീട്ടാന്‍ കൊതിച്ച വിരലുകളുടെ ദാഹങ്ങളും, സാഹിത്യലോകത്തു വ്യാപരിക്കുവാന്‍ കൊതിച്ച മനസ്സുമൊക്കെ അടുക്കളയുടെ കരിപിടിച്ച നാല് ചുവരുകള്‍ക്കുള്ളില്‍ ഹോമിച്ചുതീര്‍ത്ത സ്ത്രീജന്മങ്ങള്‍.

നിങ്ങളുടെ ഏത് ആഗ്രഹവും സാധിച്ചുതരുവാന്‍ സന്നദ്ധരായി നില്‍ക്കുന്ന മാതാപിതാക്കള്‍ നിങ്ങള്‍ക്കുണ്ട്.   മൊബൈല്‍, വാഹനം, നല്ല വസ്ത്രങ്ങള്‍ ഒക്കെ നിങ്ങള്‍ക്ക് വാങ്ങിനല്‍കി നിങ്ങളുടെ ഉയര്‍ച്ചമാത്രം കാംക്ഷിക്കുന്ന രക്ഷിതാക്കള്‍. പെണ്ണായിപ്പോയെന്ന  കാരണത്താല്‍ രണ്ടാംതരമായിക്കണ്ട്  മാറ്റിനിര്‍ത്താന്‍ തയ്യാറാകാത്ത സ്‌നേഹധനരായ മാതാപിതാക്കള്‍.

നിങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനും  നേടിയ വിദ്യാഭ്യാസത്തിനും കടപ്പാട് ഉള്ളവരായി, പക്വതയോടെയും സമചിത്തതയോടെയും ലോകത്തെ നോക്കിക്കാണുക. ബന്ധങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുവാന്‍ പ്രാപ്തിവരുന്നില്ലെങ്കില്‍, ചുറ്റുപാടുമുള്ള ലോകത്തിന്റെ  നന്മയും തിന്മയും തിരിച്ചറിയുവാന്‍ ശേഷിവരുന്നില്ലെങ്കില്‍, തനതായ വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ ആകുന്നില്ലെങ്കില്‍ നിങ്ങള്‍ നേടുന്ന വിദ്യാഭ്യാസവും അനുഭവിച്ചുവരുന്ന സ്വാതന്ത്ര്യവും നിങ്ങള്‍ അര്‍ഹിക്കുന്നില്ലെന്നു  സമ്മതിക്കേണ്ടിവരും. അങ്ങനെയായിത്തീരാതിരിക്കാന്‍ വായനയിലൂടെയും, ചുറ്റുമുള്ള ലോകത്തെ അപഗ്രഥിച്ചും വിവേകബുദ്ധിയോടെ വസ്തുതകളെ നോക്കിക്കാണാന്‍ ശീലിക്കുക. യാഥാര്‍ഥ്യലോകത്തു  മനസ്സ് വ്യാപാരിക്കട്ടെ. വളര്‍ന്നുവന്ന സാഹചര്യങ്ങളെ, വളര്‍ത്തിവലുതാക്കിയവരെ പുച്ഛിച്ചുതള്ളാതിരിക്കുക. 

(സെക്രട്ടേറിയറ്റില്‍നിന്ന് 

ജോയിന്റ് സെക്രട്ടറിയായി 

വിരമിച്ചയാളാണ് ലേഖിക)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.