മുന്‍കൂര്‍ പണമടയ്ക്കണം കെഎസ്ആര്‍ടിസിക്ക് ഡീസല്‍ വിതരണം നിര്‍ത്തുന്നു

Monday 29 January 2018 2:00 am IST
നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വിതരണം എണ്ണ കമ്പനികള്‍ നിര്‍ത്തുന്നു. ജില്ലയില്‍ കെ.എസ്ആര്‍ടിസി ഡിപ്പോകളില്‍ ഇന്ധന ക്ഷാമം രൂക്ഷമായി.

 

ജി.അനൂപ്

കോട്ടയം: നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വിതരണം എണ്ണ കമ്പനികള്‍ നിര്‍ത്തുന്നു. ജില്ലയില്‍ കെ.എസ്ആര്‍ടിസി ഡിപ്പോകളില്‍ ഇന്ധന ക്ഷാമം രൂക്ഷമായി. 

ഇക്കാരണത്താല്‍ സര്‍വീസുകള്‍ മുടങ്ങുന്ന അവസ്ഥയിലായി. മുന്‍കൂട്ടി പണം അടയ്ക്കാതെ ഇന്ധനം വി്തരണം ചെയ്യില്ലെന്നാണ് എണ്ണകമ്പനികള്‍ പറയുന്നത്. എല്ലാദിവസവും വൈകിട്ട് ഡീസല്‍ എത്തിയില്ലെങ്കില്‍ സര്‍വീസ് മുടങ്ങുന്ന അവസ്ഥയാണുള്ളത്. കോട്ടയം ഡിപ്പോയില്‍ 20,000 ലിറ്റര്‍ ഡീസലാണ് എത്തികൊണ്ടിരിക്കുന്നത്. ഇത് തന്നെ സമീപ ഡിപ്പോകളായ ചങ്ങനാശ്ശേരി, പാലാ, വൈക്കം തുടങ്ങിയവയ്ക്കും കൊടുക്കേണ്ട അവസ്ഥയാണുള്ളത്. പമ്പുകള്‍ ഇല്ലാത്ത മല്ലപ്പള്ളി, പിറവം, കൂത്താട്ടുകുളം എന്നീ ഡിപ്പോകളില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന ബസ്സുകള്‍ക്കുള്ള ഡീസലും കോട്ടയത്ത് നിന്നാണ്. കൂടാതെ ദീര്‍ഘദൂര ബസ്സുകളും കോട്ടയം ഡിപ്പോയില്‍ നിന്നാണ് ഡീസല്‍ അടിക്കുന്നത്. വൈകിട്ട് കൃത്യമായി ഡീസല്‍ എത്തിയില്ലെങ്കില്‍ അടുത്ത ദിവസത്തെ സര്‍വീസ് മുടങ്ങും. എന്നാല്‍ മുന്‍കൂട്ടി പണം അടച്ചില്ലെങ്കില്‍ കമ്പനികള്‍ ലോഡ് അയയ്ക്കില്ല. കെഎസ്ആര്ടിസിയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് എണ്ണകമ്പനികള്‍ മുന്‍കൂട്ടി പണം അടയ്ക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്. മുമ്പ് ഇത്രയും കടുംപിടുത്തം എണ്ണക്കമ്പനികള്‍ എടുത്തിരുന്നില്ല. എന്നാല്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് എണ്ണകമ്പനികളും നിലപാട് മാറ്റിയത്. കോര്‍പ്പറേഷന്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഡീസല്‍ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്  അധികൃതര്‍ പറയുന്നത്. 

കളക്ഷന്‍ കുറവായ സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനാണ് ജില്ലാ ഓഫീസുകള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. എണ്ണകമ്പനികള്‍ക്ക് തുക കൃത്യമായി അടച്ച് ഡീസല്‍ മുടക്കം കൂടാതെ ലഭ്യമാക്കാന്‍ നടപടി തുടങ്ങിയതായി  കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.      

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.