ഇങ്ങനെയൊരു പാര്‍ട്ടി ഇന്ത്യയില്‍ വേണോ?

Monday 29 January 2018 2:45 am IST

ഇന്ത്യയിലെ ഒരു ദേശീയപാര്‍ട്ടി എന്നാണ് സിപിഎംഅവകാശപ്പെടുന്നത്. എന്നാല്‍ അവര്‍ സ്വീകരിക്കുന്ന നയം ദേശവിരുദ്ധമാണെന്നാണ് ഏറ്റവും ഒടുവില്‍ അതിന്റെ ചില നേതാക്കള്‍ സ്വീകരിച്ച നിലപാടുകള്‍ വ്യക്തമാക്കുന്നത്. ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, കണ്ണൂര്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യയെ കുറ്റപ്പെടുത്താനും ചൈനയെ പുകഴ്ത്താനും തയ്യാറായി. സിപിഎമ്മിന്റെ ഉന്നതപദവിയായ പൊളിറ്റ്ബ്യൂറോ അംഗങ്ങളാണ് കോടിയേരിയും പിണറായിയും. സംസ്ഥാന സമ്മേളനത്തിന്റെയും പാര്‍ട്ടി കോണ്‍ഗ്രസിന്റെയും മുഖ്യവിഷയം ഇന്ത്യയ്‌ക്കെതിരായിരിക്കുമെന്നതിന്റെ സൂചനയാണ് നേതാക്കള്‍ നല്‍കിയിരിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും നയിക്കുന്ന ഗ്രൂപ്പുപോര് അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ്. ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സിപിഎമ്മിന്റെ ഭാവിയെന്തെന്നുപോലും തീരുമാനിക്കും. കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി രൂപംകൊണ്ടതാണ് തര്‍ക്കമെന്ന് പൊതുധാരണയുണ്ട്. എന്നാല്‍ അധികാരക്കൊതിയാണ് കാതല്‍. കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഎമ്മിന്റെ ഗ്രൂപ്പുകള്‍ക്കെല്ലാം ഒരു നയമാണ്. അത് മുമ്പുതന്നെ തെളിഞ്ഞതാണ്.

കോണ്‍ഗ്രസുമായി ഐക്യം വേണ്ടെന്ന് ഇപ്പോള്‍ പറയുന്ന കാരാട്ടിന്റെകൂടി പിന്തുണയോടെയാണ് ഭൂരിപക്ഷമില്ലാത്ത കോണ്‍ഗ്രസിനെ അധികാരത്തിലേറ്റാന്‍ യുപിഎ സഖ്യമുണ്ടാക്കിയത്. കേരളത്തില്‍ പരസ്പരം മത്സരിച്ച കോണ്‍ഗ്രസും സിപിഎമ്മും ദല്‍ഹിയില്‍ ഒന്നിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചാണ് മത്സരിച്ചത്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒരുമിക്കുമെന്നതില്‍ സംശയമില്ല. മുഖ്യശത്രു ബിജെപിയാണെന്ന് പ്രഖ്യാപിച്ച സിപിഎമ്മിന് മറ്റ് മാര്‍ഗമൊന്നുമില്ല. അത് കേരളത്തില്‍ ചര്‍ച്ചയാകാതെ വഴിതിരിച്ചുവിടാനാണ് ഇപ്പോള്‍ വീണ്ടും ചൈനാവിഷയം ചര്‍ച്ചയ്‌ക്കെടുത്തത്. എന്തിനുവേണ്ടിയാണ്, സിപിഎം ചൈനയ്‌ക്കൊപ്പം നില്‍ക്കുന്നതെന്ന് വ്യക്തമാണ്. ഒരിക്കലും ഇന്ത്യയ്‌ക്കൊപ്പം നിന്ന ചരിത്രം ചൈനക്കില്ല. ഒരിക്കല്‍ നല്ലബന്ധത്തിലേക്ക് വന്നുവെന്ന് തോന്നിച്ചപ്പോഴാണ് ഇന്ത്യന്‍ മണ്ണിലേക്ക് ചൈനീസ് പട്ടാളം കടന്നുകയറിയത്. ഓര്‍ക്കാപ്പുറത്ത് ഇന്ത്യയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച ചൈന നമുക്കുണ്ടാക്കിയ നഷ്ടം ചെറുതല്ല. അതിന്റെ മുറിപ്പാടുകള്‍ ഒരിക്കലും മായ്ക്കാന്‍ ചൈന തയ്യാറായിട്ടില്ല.

ഇന്ത്യന്‍ മണ്ണ് മാന്തിയെടുക്കാന്‍ ഇന്നും ചൈന ഒരുങ്ങിനില്‍ക്കുകയാണ്. ദോക്‌ലാമില്‍ ചൈനയുടെ സാന്നിധ്യം ഒരിക്കല്‍ക്കൂടി ഇന്ത്യയെ കെണിയില്‍ വീഴ്ത്താനാണ്. അതിനെ അപലപിക്കാന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ തയ്യാറായിട്ടില്ല. പലകുറി അതിര്‍ത്തി കടന്നുകയറി പതാക നാട്ടിയ ചൈനയുടെ നടപടിയെ എതിര്‍ക്കാന്‍ കൂട്ടാക്കിയിട്ടില്ല. ഇന്ത്യയുമായി പാകിസ്ഥാന്‍ മുഖാമുഖം നില്‍ക്കുകയാണ്. പാക്കിസ്ഥാനാണ് ശരിയെന്നുപറയുന്ന രാജ്യമാണ് ചൈന. പാക്കിസ്ഥാന് ചൈന ആയുധം നല്‍കുന്നത് ഇന്ത്യയ്‌ക്കെതിരെ വെടിയുതിര്‍ക്കാനാണ്. കശ്മീരില്‍ ഇന്ത്യാവിരുദ്ധ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതില്‍ പാക്കിസ്ഥാനൊപ്പം ചൈനയുമുണ്ട്. എന്നിട്ടും ഇന്ത്യയിലെ ഒരു പാര്‍ട്ടി ചൈനയെ ന്യായീകരിക്കുന്നുവെങ്കില്‍ അത്തരക്കാരെ രാജ്യദ്രോഹികള്‍ എന്നേ വിളിക്കാനാകൂ. രാജ്യദ്രോഹികള്‍ക്ക് ഇന്ത്യയില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയായി നിലനില്‍ക്കാന്‍ അര്‍ഹതയില്ല. അതുകൊണ്ടുതന്നെ സിപിഎം പിരിച്ചുവിടണം. അല്ലെങ്കില്‍ അംഗീകാരം റദ്ദാക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.