ഇംപീച്ച്‌മെന്റ്: പിന്തുണയ്ക്കാതെ പ്രതിപക്ഷം; യെച്ചൂരി നാണംകെട്ടു

Monday 29 January 2018 2:50 am IST

ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനിറങ്ങിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാണംകെട്ടു. നീക്കത്തിന് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ നിരയിലെ ഒരു പാര്‍ട്ടിയുടെയും പിന്തുണ ലഭിച്ചില്ല. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യമെന്ന മുദ്രാവാക്യമുയര്‍ത്തുമ്പോഴും കോണ്‍ഗ്രസ് വിഷയത്തില്‍ അകലം പാലിക്കുകയാണ്. 

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കണമെന്ന തന്റെ കരട് രേഖ കേന്ദ്ര കമ്മറ്റി തള്ളിയതിന് പിന്നാലെയാണ് ഇംപീച്ച്‌മെന്റ് വാദവുമായി യെച്ചൂരി പ്രത്യക്ഷപ്പെട്ടത്. പ്രതിപക്ഷമൊന്നടങ്കം പിന്തുണക്കുമെന്നും പാര്‍ട്ടിയില്‍ തോറ്റതിലെ ക്ഷീണം മറികടക്കാനാകുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. കോണ്‍ഗ്രസ്സുമായി പാര്‍ലമെന്റില്‍ കൈകോര്‍ക്കുന്നതിലൂടെ തന്റെ കരട് രേഖയെ എതിര്‍ത്ത കാരാട്ട് പക്ഷത്തിന് മറുപടി നല്‍കാനാകുമെന്നും അദ്ദേഹം കണക്കുകൂട്ടി. 

വ്യക്തമായ കാരണങ്ങളില്ലാതെ ഇംപീച്ച്‌മെന്റുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇംപീച്ച്‌മെന്റിന് പ്രസക്തിയില്ലെന്ന് മുന്‍ നിയമമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീരപ്പ മൊയ്‌ലി പറഞ്ഞു. ഇത് രാഷ്ട്രീയ പ്രശ്‌നമല്ല. നിയമപ്രശ്‌നമാണ്. മുഴുവന്‍ കാര്യങ്ങളും പരിഗണിക്കുമ്പോള്‍ ഇംപീച്ച്‌മെന്റ് പോലെ വലിയ നടപടികള്‍ക്കുള്ള സാഹചര്യമില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ തെറ്റായ തീരുമാനമെടുത്താല്‍ തിരിച്ചടിയുണ്ടാകുമെന്നും നീതിന്യായ വ്യവസ്ഥ നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ടതാണ് പ്രധാനമെന്നും മുന്‍ നിയമമന്ത്രി അശ്വിനി കുമാറും ചൂണ്ടിക്കാട്ടി. യെച്ചൂരിയെ പിന്തുണക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുതിര്‍ന്ന നേതാക്കളായ അഭിഷേക് സിങ്‌വിയും മനീഷ് തിവാരിയും പ്രതികരിച്ചു. 

രാജ്യസഭയില്‍ പ്രതിപക്ഷ നിരയില്‍ രണ്ടാമതുള്ള സമാജ്‌വാദി പാര്‍ട്ടിയും യെച്ചൂരിയോട് വിയോജിച്ചു. ഡിഎകെയും എതിരാണെന്നാണ് അറിയുന്നത്. ബിജെപിക്കെതിരെ ശക്തമായി രംഗത്തുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇംപീച്ച്‌മെന്റ് ഉന്നിയിക്കാന്‍ രാജ്യസഭയില്‍ കുറഞ്ഞത് 50 അംഗങ്ങളുടെയും ലോക്‌സഭയില്‍ 100 അംഗങ്ങളുടെയും പിന്തുണ വേണം. പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് വിജയിക്കാനാകില്ല. ഇതാണ് കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പിന് കാരണം. ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തി ആരോപണമുന്നയിച്ചതില്‍ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന വിലയിരുത്തലും ഉയര്‍ന്നിരുന്നു. അതിനാല്‍ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടേണ്ടി വരുമെന്നും പാര്‍ട്ടി ഭയക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.